‘ഓരോ വീടും ആറ്റുകാൽ’; അമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തർ

തിരുവനന്തപുരം: ഭക്തിസാന്ദ്രമായ ആറ്റുകാൽ പൊങ്കാലയ്ക്ക് പരിസമാപ്തി. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഭക്തർ വീട്ടുമുറ്റങ്ങളിലാണ് ഇത്തവണയും പൊങ്കാലയർപ്പിച്ചത്.

രാവിലെ 10.23ന് ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീപകർന്നു.തോറ്റംപാട്ട് അവസാനിച്ചപ്പോൾ ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് മേൽശാന്തി പി ഈശ്വരൻ നമ്പൂതിരിക്കു നൽകി.
മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ തെളിച്ചശേഷം അതേദീപം സഹമേൽശാന്തിക്കു കൈമാറി.

അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലും പതിനൊന്നുമണിയോടെ തീ പകർന്നതോടെ പൊങ്കാലയുടെ വിളംബരമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങി.
ഇതോടെ ആയിരക്കണക്കിനു വീട്ടുമുറ്റങ്ങളിലെ പൊങ്കാല അടുപ്പുകളിലും തീ തെളിഞ്ഞു. ഉച്ചയ്ക്ക് 1.20ന് പൊങ്കാല നിവേദിച്ചതോടെ ചടങ്ങുകൾ പൂർത്തിയായി.
ബുധനാഴ്ച മുതൽ തന്നെ പൊങ്കാല സമർപ്പണ ഒരുക്കങ്ങളുമായി ഭക്തർ കാത്തിരിക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം വർഷമാണ് ഭക്തർ വീടുകളിൽ പൊങ്കാല അർപ്പിച്ചത്.
വിവിധ ക്ഷേത്രങ്ങളും റസിഡൻസ് അസോസിയേഷനുകളും പൊങ്കാല അർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
1500 പേർക്ക് ക്ഷേത്ര വളപ്പിൽ പൊങ്കാലയർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ പ്രായോഗിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ക്ഷേത്ര ട്രസ്റ്റ്, ഭക്തരോട് വീടുകളിൽ തന്നെ പൊങ്കാലയിടാൻ അഭ്യർത്ഥിക്കുകയായിരുന്നു.