20 വർഷങ്ങൾ, 5000 വേദികൾ…സോഷ്യൽ മീഡിയയിൽ തരംഗമായി പ്രകാശ് സാരംഗ്

സ്വന്തം ലേഖകൻ
കൊച്ചി : രണ്ട് പതിറ്റാണ്ടായി പ്രകാശ് പാടുകയാണ്. സംഗീത പ്രേമികളുടെ മനസ് കീഴടക്കി കൊണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം പ്രകാശിന്റെ പാട്ടുകൾ തരംഗം സൃഷ്ടിക്കുകയാണ്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര പുത്തൂർ കണിവിളാകത്ത് വീട്ടിലെ പ്രകാശ് പാട്ടിന്റെ വഴിയെ സഞ്ചാരിക്കാൻ തുടങ്ങിയിട്ട് ഇരുപത് വർഷകൾ പിന്നിടുന്നു. തുടക്കം തിരുവനന്തപുരം ജ്യൂപ്പിറ്റർ എന്ന ഗാനമേള ട്രൂപ്പിൽ. അവിടെ ഒന്നര വർഷം. അതിനു ശേഷം പത്തനംതിട്ട സാരംഗ് ട്രൂപ്പിൽ. അത് തുടർന്നുകൊണ്ടെരിക്കുന്നു. പുത്തൂർ സ്വദേശി പ്രകാശ് പുത്തൂർ അങ്ങനെ പ്രകാശ് സാരംഗ് ആയി. ഇപ്പോൾ 52 വയസിന്റ നിറവിൽ നിൽക്കുമ്പോൾ കഴിഞ്ഞ ഇരുപത് വർഷക്കാലം കൊണ്ട് പ്രകാശ് എന്ന ഗായകൻ പാട്ട് കൊണ്ട് സംഗീത പ്രേമികളുടെ മനസിൽ മധുരം ചൊരിയുകയാണ്…. അയ്യായിരത്തിൽപരം വേദികൾ കീഴടക്കി കൊണ്ട്.

ഈ പാട്ടുകാരന്റെ മധുര സംഗീതം കേട്ട് ആരാധനയോടെ കൈയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങൾ. റീൽസും, കവർ സോംഗുകളും, അൺ പ്ലഗ് വേർഷനുകളും എല്ലാം കൊണ്ട് സോഷ്യൽ മിഡിയയിൽ കളം നിറയുന്ന കാലത്ത് പ്രകാശ് സാരംഗ് എന്ന ഈ മെലഡിയുടെ പാട്ടുകാരന് പിന്നണി ഗായകന്റെ മേൽവിലാസമില്ല. ഒപ്പം റിയാലിറ്റി ഷോയുടെ താര പകിട്ടും, ജാഡയുമില്ല. എന്നിട്ടും പുള്ളിക്കാരൻ സ്റ്റാറാ. ഗാനമേള വേദികളിൽ നിന്ന് വേദികളിലേക്ക് മെലഡി ഗാനങ്ങൾ കൊണ്ട് പാട്ടിന്റെ പാൽ മഴ പെയ്യിക്കുകയാണ് പ്രകാശ്. പത്തനംതിട്ട സാരംഗ് എന്ന ഗാനമേള ട്രൂപ്പിലൂടെ ..
‘ശ്രീ രാഗമോ തേടുന്നു നീയീ വീണതൻ പൊൻതന്ത്രിയിൽ’ എന്ന് പ്രകാശ് മധുരോതാരമായി പാടുമ്പോൾ നൽകാൻ ബാക്കിവച്ച കുന്നോളം ഇഷ്ടം സോഷ്യൽ മീഡിയ ഹൃദയം നിറഞ്ഞു നൽകുകയാണ് ഈ ഗായകന്. ഗാനമേള വേദിയിലെ പാട്ട് അതേ പകിട്ടോടെയും പുതുമയോടെയും സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റു വാങ്ങുമ്പോൾ അനുഗ്രഹീത ഗായകൻ പ്രകാശിനും അത് ആത്മസംതൃപ്തി. ന്യൂ ജൻ കുട്ടികൾ പുതുമ ചോരാത്ത തന്റെ പാട്ടിനെ സ്വീകരിക്കുന്നു എന്നറിഞ്ഞപ്പോൾ ഇദ്ദേഹം ഹാപ്പിയാണ്.
വൈറലായ ശ്രീരാഗമോയും, പൂമുത്തോളെ യും എല്ലാം ജനമനസ് കീഴടക്കുകയാണ്.
പാട്ടിൽ പുതിയ പാട്ട് പഴയ പാട്ട് എന്നൊന്നും ഇല്ലയെന്നാണ് പ്രകാശിന്റെ പക്ഷം. സംഗീതം ഒന്നേയുള്ളൂ. അത് എക്കാലവും അനശ്വരമായി നിലനിൽക്കും. ഞാൻ സംഗീതം ഉപജീവനമായി തെരഞ്ഞെടുത്ത ആളാണ്. പഴയതലമുറയും പുതിയ തലമുറയും എന്നെ തിരിച്ചറിയുന്നെങ്കിൽ എന്റെ പാട്ട് കേൾക്കുന്നുണ്ടെങ്കിൽ അത് ദൈവാനുഗ്രഹമായി കാണുന്നു.
എന്റെ പാട്ട് കേട്ടിട്ട് പലരും ദാസേട്ടനോടൊക്കെ താരതമ്യം ചെയ്തു എന്നറിഞ്ഞു. നല്ല വാക്കുകളോട് സ്നേഹം. പക്ഷേ അദ്ദേഹം ദൈവതുല്യനായൊരാളും ഞാൻ വെറും മനുഷ്യനും ആണെന്നോർക്കുകയെന്നാണ് വിനയത്തോടെ പ്രകാശ് പറയുന്നത്.

ഇരുപത് വർഷമായി ഞാൻ ഗാനമേള ഫീൽഡിലുണ്ട്. അന്നും ഇന്നും എന്റെ മേൽവിലാസം സാരംഗ് എന്ന ട്രൂപ്പാണ്. ജീവിതം കരയ്ക്കടുപ്പിച്ചതും ആഗ്രഹിച്ചത് തന്നതും എല്ലാം ഗാനമേള വേദി തന്നെ. ഈ ഇരുപത് കൊല്ലത്തിനിടയ്ക്ക് സംഗീത മേഖലയിൽ ഒരുപാട് മാറ്റങ്ങൾ വന്നു. ആസ്വാദന രീതി മാറി. പരീക്ഷണങ്ങളും പുതുമകളും എത്തി. അതിനിടയിലും ഞങ്ങളെ പോലുള്ള എളിയ കലാകാരൻമാർക്കും ഇടമുണ്ടായി എന്നത് ഏറെ സന്തോഷം. ഗാനമേള വിട്ട് പലരും ബാൻഡിന്റെ പിന്നാലെയൊക്കെ പോയപ്പോൾ തെല്ലൊന്നു വിഷമിച്ചു. പക്ഷേ ഞങ്ങളെ കേൾക്കാനും ആൾക്കാരുണ്ടായി. ന്യൂജെൻ പിള്ളേരുടെ അരികിലേക്ക് ഞങ്ങൾ ചെല്ലുമ്പോൾ അടിച്ചു പൊളി മാത്രം പോര… മെലഡിയും വേണം എന്ന് നിർബന്ധം പിടിക്കാറുണ്ട് എന്നതാണ് ഈ 20 വർഷത്തെ സംഗീത ജീവിതം നൽകുന്ന ഏറ്റവും വലിയ അംഗീകാരവും അവാർഡും.
പുതിയ പാട്ടുകാർ വരട്ടേ.. പരീക്ഷണങ്ങളും വരട്ടേ… അതിനിടയിൽ ഞങ്ങളെ കൂടി കേൾക്കണേ എന്നാണ് പ്രകാശിന്റെ പ്രാർത്ഥന. അപ്പോഴും ഒരാഗ്രഹം മാത്രം ബാക്കിയാകുന്നു. സിനിമയിലൊരു പാട്ട്. അതേത് ഗായകനാണ് ആഗ്രഹിക്കാത്തത്. പ്രകാശ് ചോദിക്കുന്നു… അവസരങ്ങൾക്കായി പ്രകാശ് കാത്തിരിക്കുകയാണ് .. സംഗീത സംവിധായാകരുടെ ഫോൺ വിളികൾക്കായി കാതോർത്ത്….
കോവിഡ് ലോക് ഡൗൺകാലം തങ്ങളെ പോലുള്ള കാലാകാരന്മാർക്ക്, പാട്ടുകാർക്ക് വറുതിയുടെ കാലമാണ് സമ്മാനിച്ചത്.ഗാനമേള പ്രോഗ്രാമുകളില്ല. വരുമാനമില്ല. തട്ടിമുട്ടി അങ്ങനെ ജീവിച്ചു പോകുന്നു എന്ന് വേണം പറയാൻ. ഇപ്പോൾ കൊറോണ യുടെ അതി പ്രസരം കുറഞ്ഞു. സർക്കാർ ഇളവുകൾ അനുവദിച്ചു. ഇനി പ്രോഗ്രാമുകൾ കിട്ടി തിരക്ക് ആരംഭിക്കും എന്ന പ്രതീക്ഷയിലാണ് ഈ ഭാവ ഗായകൻ. ഗീതയാണ് ഭാര്യ. ഏക മകൾ ഗൗരി. 8ൽ പഠിക്കുന്നു. പിതാവിന്റെ പാട്ടു വഴിയേതന്നെയാണ് ഗൗരിയും….