റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് എം.എൽ.എയും സംഘവും ഭൂവുടമകളെ കണ്ടു; എല്ലാം ക്യാമറയിലാക്കി അബ്ദുൾ സലീമിന്റെ ഓട്ടോ

ചെന്ത്രാപ്പിന്നി: ചെന്ത്രാപ്പിന്നി ശ്രീ മുരുകൻ റോഡ്, ഹലുവതിരുവ്, മധുരം പുള്ളി, എടത്തിരുത്തി റോഡ് വികസനത്തിനൊരുങ്ങുന്നു. പ്രധാനമന്ത്രി ഗ്രാമീൺ സഡക്ക് യോജന പദ്ധതിപ്രകാരമാണ് റോഡ് നിർമ്മാണം. രണ്ടുകോടി 91 ലക്ഷമാണ് ഇതിനുവേണ്ടി നീക്കിവച്ചിട്ടുള്ളത്. ഇതിൽ ഏഴ് കൽവർട്ടുകളിൽ അഞ്ചെണ്ണം പൊളിച്ചു പണിയേണ്ടതുണ്ട്. രണ്ടെണ്ണം പുതിയവ നിർമ്മിക്കുകയും ചെയ്യും. 3.75 മീറ്റർ ടാറിങ് നടത്തേണ്ടതുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഭൂമി ഉടമകളെ നേരിൽ കാണുവാനും അവരോട് ഭൂമി വിട്ടുനൽനാൻ സഹകരിക്കാനപേക്ഷിച്ചും കൈപ്പമംഗലം എം.എൽ.എ, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, മറ്റു മെമ്പർമാർ കൂടാതെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും ചേർന്നു ഭൂമി ഉടമകളെ കണ്ട് അവരുടെ പരാതികൾ മനസ്സിലാക്കി. പലരും ഭൂമി വിട്ടു നൽകാമെന്ന് സമ്മതിച്ചുവെങ്കിലും അപൂർവം ചിലർക്ക് അവരുടെ ഭൂമി വിട്ടുനൽകുമ്പോൾ ചുറ്റുമതിൽ പൊളിച്ചുമാറ്റുന്നത് വീണ്ടും കെട്ടിക്കൊടുക്കണമെന്നാണ് അവരുടെ ആവശ്യം.
എട്ടു മീറ്റർ വീതിയിലാണ് പുതിയ റോഡ് വികസനം വരുന്നത്.
ഭൂമിവിട്ടു നൽകുന്നവർക്ക് സാമ്പത്തിക സഹായം ഒന്നും ലഭിക്കുന്നതല്ലെന്നറിയുന്നു. രണ്ടു ഭാഗത്തുനിന്നും ഭൂരിഭാഗം പേർക്കും ഒരു മീറ്ററിൽ താഴെ ഭൂമി നഷ്ടപ്പെടും. സ്ഥലവും മതിലും നഷ്ടപ്പെടുന്നവർക്ക് അവരുടെ മതിലുകൾ പൊളിച്ച് പുതിയ മതിൽ പണിയുവാനുള്ള സാമ്പത്തികശേഷി ഇല്ലാത്തവരുമുണ്ട് കൂട്ടത്തിൽ. ഇതിനുവേണ്ടി സാമ്പത്തിക സഹായം ഒന്നും ലഭിക്കാത്തതിൽ ഭൂവുടമകൾക്ക് വലിയ പ്രതിഷേധവുമുണ്ട്.

അബ്ദുൾ സലീമിന്റെ ഓട്ടോ എല്ലാം കാണുന്നുണ്ട്…
റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് കെപ്പമംഗലം എം.എൽ.എ, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, മറ്റു മെമ്പർമാർ , രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവർ ചേർന്ന്് ഭൂഉടമകളെ കണ്ട് അവരുടെ പരാതികൾ മനസ്സിലാക്കുമ്പോൾ അബ്ദുൾ സീലിമിന്റെ ഓട്ടോ ഈ ദൃശ്യങ്ങളെല്ലാം പകർത്തുന്നുണ്ടായിരുന്നു… കേരളത്തിലാദ്യമായി ഓട്ടോറിക്ഷയിൽ വെബ്കാം ഘടിപ്പിച്ച പൊതുപ്രവർത്തകനായ അബ്ദുൾ സലീമിന്റെ ഓട്ടോ പകർത്തിയ ദൃശ്യങ്ങൾ.