ആറ്റുകാൽ പൊങ്കാല ഇന്ന്; ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിൽ മാത്രം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന് നടക്കും. കോവിഡ് സാഹചര്യത്തിൽ ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിൽ മാത്രം നടത്താനാണ് തീരുമാനം.
1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും കോവിഡ് നിയന്ത്രണങ്ങളോടെ നടത്താനാണ് ട്രസ്റ്റിന്റെ തീരുമാനം. ഭക്തജനങ്ങൾ വീട്ടുമുറ്റങ്ങളിൽ സമയനിഷ്ഠ പാലിച്ച് പൊങ്കാലയിടാനും ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.

പൊങ്കാല മഹോത്സവത്തിന് സർക്കാർ ഇളവുകൾ നൽകിയെങ്കിലും ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കുന്നവരെ തെരഞ്ഞെടുക്കുന്നതിന്റെ പ്രായോഗികമായ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിച്ചത്. നിലവിൽ കൊവിഡ് വ്യാപന നിരക്കിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. പൊങ്കാലയിൽ ജനകൂട്ടമെത്തിയാൽ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും, ഇതുംകൂടി കണക്കിലെടുത്താണ് പണ്ടാര അടുപ്പിൽ മാത്രം പൊങ്കാല മതിയെന്ന് തീരുമാനിച്ചതെന്നും ട്രസ്റ്റ് വ്യക്തമാക്കി.
കുംഭത്തിലെ പൂരവും പൗർണമിയും ഒത്തുവരുന്ന ഇന്ന് രാവിലെ 10.50നാണ് പണ്ടാര അടുപ്പിൽ അഗ്‌നി പകരുക. പിന്നീട് വീടുകളിൽ ഒരുക്കിയിരിക്കുന്ന അടുപ്പുകളിൽ പൊങ്കാലയക്കായി അഗ്‌നികൊളുത്താം. ഉച്ചയ്ക്ക് 1.20ന് പണ്ടാര അടുപ്പിൽ പൊങ്കാല നിവേദിക്കുന്നതിന്റെ അടുത്ത നിമിഷം വീടുകളിൽ തയ്യാറാക്കിയ നിവേദ്യങ്ങളും സമർപ്പിക്കാം. പൊങ്കാല നിവേദിക്കുന്നതിന് ക്ഷേത്രത്തിൽ നിന്ന് പൂജാരിമാരെ നേരത്തെ നിയോഗിച്ചിരുന്നു. എന്നാൽ ഇത്തവണ ക്ഷേത്രത്തിൽ നിന്ന് പൂജാരിയെ നിയോഗിക്കില്ല.
അതേസമയം എഴുന്നള്ളത്തിനും ട്രസ്റ്റ് നിയന്ത്രണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടവും പണ്ടാര ഓട്ടവും മാത്രമാണ് നടത്തുന്നത്. പൊങ്കാലക്കുള്ള മറ്റു ഒരുക്കങ്ങൾ മന്ത്രിമാരുടെ നേതൃത്വത്തിൽ വിലയിരുത്തി. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ തവണയിലും പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായിരുന്നു നടത്തിയത്.