ഡിസ്‌കോ ബീറ്റിൽ സംഗീതാസ്വാദകരെ ചുവടുവയ്പിച്ച
ബപ്പി ലാഹിരി ഇനി ഓർമ്മ

ന്യൂഡൽഹി: ഇന്ത്യൻ സംഗീതത്തിൽ ഡിസ്‌കോ താളവുമായി സംഗീതാസ്വാദകരെ ഗാനത്തിനൊപ്പം ചുവടുവയ്പിച്ച പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി ഇനി ഓർമ്മ. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 69 വയസായിരുന്നു.
ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹത്തെ തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ വീട്ടിലെത്തിയതിന് ശേഷം ആരോഗ്യസ്ഥിതി വീണ്ടും മോശമായി. ഇതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
1970-80 കാലഘട്ടങ്ങളിൽ ഇന്ത്യൻ സംഗീതത്തിൽ ഡിസ്‌കോയുടെ സാധ്യതകൾ കൊണ്ട് വന്ന് പ്രേക്ഷക മനസിലേക്ക് ഇടം നേടിയ ലാഹിരി ‘ദി ഇന്ത്യൻ ഡിസ്‌കോ കിങ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ, 1952 നവംബർ 27നാണ് ബപ്പി ലാഹിരി എന്ന് ആരാധകർ വിളിക്കുന്ന അലോകേഷ് ലാഹിരിയുടെ ജനനം. പ്രശസ്ത ബംഗാളി ഗായകരായ അപരേഷ് ലാഹിരിയുടെയും ബൻസുരി ലാഹിരിയുടെയും ഏക മകൻ. വേഷത്തിലും സംസാരത്തിലും ഒക്കെ വ്യത്യസ്തനായിരുന്നു ലാഹിരി.

വളരെ ചെറുപ്പത്തിൽ തന്നെ, ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും പ്രശസ്തനാകാനുള്ള ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. മൂന്നാം വയസ്സിൽ തബല വായിച്ച് ഒരു പ്രൊഫഷണലായി മാറിയിരുന്നു അദ്ദേഹം. സംഗീതത്തോടുള്ള ഇഷ്ടം ബപ്പി ലാഹിരി തന്റെ മുഴുവൻ കുടുംബവുമായും പങ്കിട്ടു. അദ്ദേഹത്തിന്റെ ഭാര്യ ചിത്രാണി ഗായകരുടെ കുടുംബത്തിൽ നിന്നാണ് വരുന്നത്. മകൾ രമയും മികച്ച ഗായികയാണ്.

1972ൽ പുറത്തിറങ്ങിയ ‘ദാദു’ എന്ന ബംഗാളി ചിത്രത്തിലാണ് അദ്ദേഹം സംഗീത ലോകത്തേക്ക് എത്തുന്നത്. തുടർന്ന് 1973ൽ ‘നൻഹ ശിക്കാരി’ എന്ന ഹിന്ദി സിനിമയിലൂടെ ബോളിവുഡിലും ചുവടുറപ്പിച്ചു. താഹിർ ഹുസൈന്റെ ഹിന്ദി ചിത്രമായ ‘സഖ്മി’ ആണ് അദ്ദേഹത്തെ ബോളിവുഡിൽ പ്രശസ്തനാക്കുന്നത്. ഇതിനു ശേഷം സംഗീത സംവിധായകൻ, പിന്നണി ഗായകൻ എന്നീ നിലകളിൽ ബോളിവുഡ് ചലച്ചിത്ര മേഖലയിൽ ഒരു പുതിയ യുഗം കൊണ്ടുവന്നു. ‘ചൽത്തേ ചൽത്തേ’, ‘സുരക്ഷ’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ അത്രയേറെ ജനപ്രിയമായിരുന്നു. കുറഞ്ഞ സമയം കൊണ്ട് ഇത്രയും ജനപ്രീയനായി മാറിയ അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകൻ കൂടിയായിരുന്നു ബപ്പി ലാഹിരി.

ലാഹിരിയുടെ ഡിസ്‌കോ ബീറ്റുകൾ രാജ്യത്തെ മുഴുവൻ ഇളക്കി മറിച്ചു. ഇന്ത്യൻ സംഗീതാസ്വാദകരുടെ മനം കവർന്ന ‘ഡിസ്‌കോ ഡാൻസർ’ പോലുള്ള സിനിമകളിലൂടെ പ്രശസ്തമായ ഗാനങ്ങൾ 1980 കളിൽ ബപ്പി ലാഹിരി സമ്മാനിച്ചു. അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. 1985ലെ ഫിലിം ഫെയറിൽ ‘ശരാബി’ എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായാകാൻ, ഡെർട്ടി പിക്ചർ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ ‘ഉ ലാ ലാ’ എന്ന ഗാനം 2012 ൽ മികച്ച ഗാനമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 63-ാമത് ഫിലിംഫെയർ അവാർഡുകളിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടി.
2006-ൽ ടാക്‌സി നമ്പർ 9211 എന്ന ചിത്രത്തിനായി വിശാൽ ശേഖറിന് വേണ്ടി പാടിയ ‘ബോംബൈ നഗരിയ’ എന്ന ഗാനത്തിനും സംഗീത സംവിധാനം ചെയ്തു. തുടർന്ന്, മണിരത്നം ചിത്രമായ ‘ഗുരു’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്കിനായി ശബ്ദം നൽകി. അതും സൂപ്പർഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. മുഹമ്മദ് റാഫിക്കും കിഷോർ കുമാറിനുമൊപ്പം ബപ്പി പ്രവർത്തിച്ചു. ലതാ മങ്കേഷ്‌കർ, ആശാ ഭോസ്ലെ തുടങ്ങിയ പ്രശസ്ത ഗായകർക്കൊപ്പവും അദ്ദേഹം പാടിയിട്ടുണ്ട്. ‘ബപ്പി മാജിക് – ദി അസ്ലി ബാപ് മിക്‌സ്’ എന്ന ആൽബം 2004ൽ പുറത്തിറങ്ങിയിരുന്നു. 2016-ന്റെ അവസാനത്തിൽ, ഡിസ്‌നിയുടെ 3ഡി കമ്പ്യൂട്ടർ ആനിമേറ്റഡ് ചിത്രമായ മോവാനയുടെ ഹിന്ദി-ഡബ്ബ് ചെയ്ത പതിപ്പിൽ ബപ്പി ടമാറ്റോവ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയിരുന്നു. ‘ഷൈനി’ യുടെ ഹിന്ദി പതിപ്പായ ‘ഷോന’യിൽ അദ്ദേഹം സംഗീതം ചെയ്യുകയും പാടുകയും ചെയ്തു.