KERALA Main Banner TOP NEWS

തുരങ്കപാതക്ക് 2134.5 കോടി രൂപയുടെ കിഫ്ബി ധനാനുമതി;
നിർമ്മാണം ഉടൻ

സി. ഫസൽ ബാബു

മുക്കം:കോഴിക്കോട് വയനാട് ജില്ലകളുടെ സമഗ്ര വികസനത്തിനുതകുന്ന ആനക്കാംപെയിൽ – കള്ളാടി – മേപ്പാടി തുരങ്ക പാത നിർമ്മാണവുമായി ബന്ധപ്പെട്ട ആശങ്കൾ ഒഴിയുന്നു. തുരങ്കപാതക്ക് 2134.5 കോടി രൂപയുടെ കിഫ്ബി ധനാനുമതി ലഭിച്ചു. ഇന്നലെ ചേർന്ന കിഫ്ബി ഫുൾ ബോഡി യോഗമാണ് ധനാനുമതി നൽകിയത്.
കിഫ്ബി പൊതുമരാമത്ത് പ്രവൃത്തികൾക്ക് മാത്രമായി 4597 കോടി രൂപയുടെ അനുമതിയും നൽകിയിട്ടുണ്ട്.നേരത്തേ തുരങ്കപാതക്ക് 658 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. പിന്നീട് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ തയ്യാറാക്കിയ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ട് പ്രകാരമാണ് 2134 കോടി രൂപയുടെ ചെലവ് വരുമെന്ന് കണ്ടത്. ഫോറസ്റ്റ് ക്ലിയറൻസ്, സർക്കാർ ഭരണാനുമതി എന്നിവ ലഭിച്ചാൽ നിർമ്മാണ നടപടികളിലേക്ക് കടക്കാനാവും.
നേരത്തെ പദ്ധതിക്ക് പാരിസ്ഥിതികാനുമതി ആവശ്യമില്ലന്ന് ലിന്റോ ജോസഫ് എം എൽ എ അറിയിച്ചിരുന്നു.
പദ്ധതിയുടെ പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് വേണ്ടി കൊങ്കൺ റെയിൽവേ കോർപ്പറേഷൻ 2021 നവംബർ 16ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു.ഇതിനെ തുടർന്ന് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം ചേർന്ന യോഗത്തിൽ നിലവിൽ സമർപ്പിച്ചിരിക്കുന്ന റോഡും അപ്രോച്ച് റോഡും ദേശീയഹൈവേയോ സംസ്ഥാനഹൈവേയോ അല്ലാത്തതിനാൽ എൻവയോൺമെന്റൽ ഇംപാക്റ്റ് അസസ്‌മെന്റ് നോട്ടിഫിക്കേഷൻ 2006 അമെൻമെന്റ്
(Environmental Impact Assessment Notification ,2006 amendment ) പരിധിയിൽ വരുന്നതല്ല എന്ന് തീരുമാനിച്ചിരുന്നു.
നിലവിൽ പദ്ധതിക്കാവശ്യമായ 7 ഹെക്ടർ സ്വകാര്യ ഭൂമി സംബന്ധിച്ച് റവന്യു വിഭാഗം,കൊങ്കൺ അധികൃതർ,പൊതുമരാമത്ത് വിഭാഗം എന്നിവരുടെ സംയുക്ത പരിശോധന നടന്നു വരികയാണ്.പദ്ധതിക്കാവശ്യമായ വനഭൂമി സംബന്ധിച്ച് പരിവേഷ് പോർട്ടലിൽ അപേക്ഷ നൽകിയിട്ടുണ്ട്.ഇതിന്റെ തുടർനടപടികളും നടന്നു വരുന്നു.ഫോറസ്റ്റ് ക്ലിയറൻസും സർക്കാരിന്റെ പുതുക്കിയ ഭരണാനുമതിയും ലഭിച്ചാലുടനെ തുരങ്കനിർമ്മാണ നടപടികളിലേക്ക് കടക്കാനാവും.
2016ൽ എൽ.ഡി.എഫ് സർക്കാറാണ് തുരങ്കപാതയുടെ പ്രാഥമിക പഠനത്തിനും മറ്റുമായി 20 കോടി രൂപ അനുവദിച്ചത്. എന്നാൽ കേരള പൊതുമരാമത്ത് വകുപ്പിന് തുരങ്കപാത നിർമാണത്തിനും പഠനത്തിനുമുള്ള സംവിധാനമില്ലായിരുന്നു. അതിനാൽ പരിചയസമ്പന്നവും സാങ്കേതിക പരിജ്ഞാനവുമുള്ള വൻകിട കമ്പനികളെ ആശ്രയിക്കേണ്ടതായി വന്നു. ഇതിന് ആഗോള ടെൻഡർ വിളിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ഇ. ശ്രീധരൻ കൊങ്കൺ റെയിൽവേ കോർപ്പറേഷനുമായി പദ്ധതിയെ ബന്ധപ്പെടുത്തി. കൊങ്കൺ റെയിൽവേ കേന്ദ്ര സർക്കാർ സ്ഥാപനമായതിനാൽ ആഗോള ടെൻഡറോ ദേശിയ ടെൻഡറോ ഇല്ലാതെ ഉഭയ സമ്മതപ്രകാരം കരാറുണ്ടാക്കി. തുടർന്ന് മുഖ്യമന്ത്രി മുൻകൈയെടുത്ത് കൊങ്കൺ റെയിൽവേയെ എസ്.പി.വി ആക്കി സാധ്യതാ പഠനം, അലൈൻമെന്റ് തയാറാക്കൽ, വിശദപദ്ധതി രേഖ, പ്രവൃത്തി നടപ്പാക്കൽ എന്നിവ നടത്താനും പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. കെ.ആർ.സി.എൽ സെന്റേജ് ചാർജ് പത്ത് ശതമാനമായി തീരുമാനിച്ചു. അതിന്റെ 10 ശതമാനം മുൻകൂറായി അനുവദിച്ചു. 2020 ഒക്ടോബർ അഞ്ചിന് മുഖ്യമന്ത്രി പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചിങ് നടത്തി. ശേഷം കെ.ആർ.സി.എല്ലിന്റെ നേതൃത്വത്തിൽ പഠന ഗവേഷണം ആരംഭിച്ചു. മാസങ്ങൾക്കുള്ളിൽ അലൈൻമെന്റ് ഉറപ്പിച്ചു. അതിന് ശേഷം ഡി.പി.ആർ തയാറാക്കി. പാരിസ്ഥിതിക ആഘാത പഠനം കിറ്റ്‌കോ മൂന്ന് മാസമെടുത്ത് പൂർത്തിയാക്കി. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ സമർപ്പിച്ച അലൈൻമെന്റിന് സർക്കാർ 2021 ഫെബ്രുവരിയിൽ അംഗീകാരം നൽകി. മറിപ്പുഴയിൽ നിന്ന് ആരംഭിച്ച് മീനാക്ഷി ബ്രിഡ്ജിൽ അവസാനിക്കുന്ന അലൈൻമെന്റിനാണ് അംഗീകാരം നൽകിയത്. ഇത് പ്രകാരം തുരങ്കത്തിന് എട്ട് കി.മി ദൂരമുണ്ടാവും. മറിപ്പുഴയിൽ നിർമിക്കുന്ന മേജർ പാലം അവസാനിക്കുന്നിടത്ത് നിന്നാണ് തുരങ്കം ആരംഭിക്കുന്നത്. ഇരുവശത്തുമായി 560 മീറ്റർ മാത്രമാണ് അപ്രോച്ച് റോഡിന് ആവശ്യമുള്ളത്. പാത ബാംഗ്ലൂർ- കൊച്ചി, ഊട്ടി -കോഴിക്കോട് ദൂരം ഗണ്യമായി കുറയ്ക്കും. നിർദിഷ്ട നഞ്ചൻകോട്- നിലമ്പൂർ റെയിൽ പാതയിലെ വെള്ളാർമല സ്റ്റേഷന് സമീപത്ത് കൂടിയാണ് തുരങ്കപാത കടന്നുപോകുന്നത്. ആയിരം അടിയോളം താഴ്ചയിലൂടെയാണ് തുരങ്കപാത നിർമിക്കുന്നത്. എന്നതിനാൽ മലയിടിച്ചിൽ അടക്കമുള്ളവ ഉണ്ടാവില്ലെന്നാണ് സർക്കാർ പറയുന്നത്. പാതയെ സംസ്ഥാനത്തെ 30 വൻകിട പദ്ധതികളിൽ സർക്കാർ ഉൾപ്പെടുത്തിയിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *