തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിക്കെതിരെ നടി; കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണം എന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയെ എതിർത്ത് ആക്രമിക്കപ്പെട്ട നടി.
കേസിൽ കക്ഷിചേരാൻ അനുവദിക്കണമെന്ന് നടി കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ തുടരന്വേഷണം ആവശ്യമുണ്ടെന്നും, ദിലീപിന്റെ ഹർജിയിൽ തീരുമാനമെടുക്കും മുമ്പ് തന്റെ ഭാഗം കൂടി കേൾക്കണമെന്നും നടി കോടതിയെ അറിയിച്ചു.
കേസിൽ കക്ഷി ചേരാൻ സമയം അനുവദിക്കണമെന്നും ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ഹൈക്കോടതി, കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം ആരംഭിച്ചത് എന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണം. കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ദിലീപ് ആവശ്യപ്പെടുന്നു.എന്നാൽ കേസ് അന്വേഷണത്തിൽ ഉണ്ടായ പാളിച്ചകൾ ഇല്ലാതാക്കാനാണ് തുടരന്വേഷണം എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.