പ്രണയദിനത്തിൽ പ്രവിജ സുബീഷിന് സ്വന്തം കരളാണ് പകുത്തുനൽകിയത്

കോട്ടയം മെഡിക്കൽ കോളേജിലെ
ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം
കോട്ടയം : സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗത്ത് വളരെ നിർണായക ദിവസമായിരുന്നു ഇന്നലെ. സ്വകാര്യ ആശുപത്രികളിൽ മാത്രം നടന്നുവന്നിരുന്ന കരൾമാറ്റ ശസ്ത്രക്രിയ ആദ്യമായി കോട്ടയം മെഡിക്കൽ കോളേജിൽ വിജയകരമായി നടന്നു.
ഇന്നലെ രാവിലെ 6 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ രാത്രി രണ്ടുമണിയോടെയാണ് പൂർത്തീകരിച്ചത്.
മൂന്നുതവണ മാറ്റി വച്ച ശസ്ത്രക്രിയയാണ് ഇന്നലെ നടത്തുവാൻ തീരുമാനിച്ചത്.
തൃശൂർ വേലൂർ വട്ടേക്കാട്ട് വീട്ടിൽ സുബീഷ് (40) എന്ന യുവാവിന് ഭാര്യ പ്രവിജ (34)യുടെ കരളിന്റെ പാതിയാണ് തുന്നിച്ചേർത്തത്. കഴിഞ്ഞ മാസം ശസ്ത്രക്രിയ നടത്തുന്നതിനുള്ള ക്രമീകരണം പൂർത്തിയായിരുന്നെങ്കി ലും ചില ഔദ്യോഗിക തടസങ്ങൾ നേരിട്ടതിനാൽ നടന്നിരുന്നില്ല. പിന്നീട് മറ്റൊരു ദിവസം നടത്തുവാൻ ശ്രമിച്ചപ്പോൾ രോഗിക്കും ദാതാവിനും കോവിഡ് ബാധിച്ചു. ഇരുവരും കോവിഡ് വിമുക്തരായപ്പോൾ ദാതാവിന് ശാരീരിക അസ്വസ്ഥത നേരിട്ടതിനാൽ വീണ്ടും ശസ്ത്രക്രിയ മാറ്റിവയ്‌ക്കേണ്ടി വന്നു.
ഇതിനുശേഷം കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇരുവരുടേയും കോവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവ് ആകുകയും ചെയ്തതോടെയാണ് ഇന്നലെ ശസ്ത്രക്രിയ നടത്തുവാൻ തീരുമാനിച്ചത്. ഗ്യാസ്‌ട്രോ സർജറി വിഭാഗം മേധാവി ഡോ. ആർ.എസ്. സിന്ധുവിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധരായ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ടെക്‌നീഷ്യന്മാർ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
കേരളത്തിൽ സർക്കാർ മേഖലയിൽ ഇതിനു മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒരു തവണ മാത്രമേ കരൾ മാറ്റ ശസ്ത്രക്രീയ നടന്നിട്ടുള്ളു. കരൾ മാറ്റ ശസ്ത്രക്രിയ പൂർത്തിയായതോടെ കോട്ടയം മെഡിക്കൽ കോളജിന്റെ ചരിത്രത്തിൽ മറ്റൊരു നേട്ടമായി ഇതു മാറുമെന്ന് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ പറഞ്ഞു.
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആളുടെ ബന്ധുക്കളെ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു.
ഇന്നലെ വൈകിട്ട് 9.30-നു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയാണ് മന്ത്രി അവരെ കണ്ടത്.
കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ സുബീഷിന്റെ സഹോദരി സുമ, ഭർത്താവ് ഉണ്ണിക്കുട്ടൻ എന്നിവരെ മെഡിക്കൽ കോളജ് ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലെത്തി സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനും സന്ദർശിച്ചു.
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഭീമമായ തുകയാണ് സ്വകാര്യ ആശുപത്രികൾ ഇടാക്കുന്നത്. അതിനാൽ തന്നെ സാധാരണക്കാർക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പലപ്പോഴും അപ്രാപ്യമായിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം തുടർച്ചയായി നടത്തിയ ഇടപെടലുകളിലൂടെ സർക്കാർ ആശുപത്രികളിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സജ്ജമാക്കുകയായിരുന്നു.
ഇതിന്റെ ആദ്യ പടിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ഇന്നലെ ആദ്യമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത് . ആരോഗ്യ മന്ത്രി വീണാ ജോർജ് നേരിട്ട് എത്തിയാണ് ചരിത്ര ദൗത്യത്തിന് തയ്യാറെടുക്കുന്ന ഡോക്ടർമാർക്ക് ആത്മവിശ്വാസം നൽകിയത്. ദാതാവിൽ നിന്നും ആവശ്യമായ കരൾ എടുത്ത് മാറ്റിവയ്ക്കുന്ന 18 മണിക്കൂറോളം നീണ്ടുനിൽക്കുന്ന സങ്കീർണമായ ശസ്ത്രക്രിയയാണിത്.
ശസ്ത്രക്രിയക്ക് വിധേയരായവർ തുടർചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നു
കരൾ മാറ്റിവച്ചവർക്കുള്ള സർക്കാരിന്റെ പെൻഷൻ വർദ്ധിപ്പിക്കണം
പുതിയ അപേക്ഷകളിൽ ഉടൻ തീർപ്പാക്കണം
ശസ്ത്രക്രിയയ്ക്ക് ശേഷവും കൊല്ലങ്ങളോളം മാസത്തിൽ ഏകദേശം 20,000 രൂപയ്ക്കുള്ള മരുന്നുകൾ കരൾ മാറ്റി വച്ചവർ കഴിക്കേണ്ടതുണ്ട്. ഇതിനായി 2014 ൽ എല്ലാ കരൾ മാറ്റിവച്ചവർക്കും എ. പി. എൽ., ബി. പി. എൽ വ്യത്യാസമില്ലാതെ മാസത്തിൽ 1000 രൂപ സർക്കാർ പെൻഷൻ പ്രഖ്യാപിച്ചു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇടതു സർക്കാർ വന്നതിനു ശേഷം കൊല്ലങ്ങളായി ഈ തുക എല്ലാവർക്കും കൊടുക്കുന്നില്ലെന്നു മാത്രമല്ല, അപേക്ഷകളെല്ലാം തന്നെ ബന്ധപ്പെട്ട ഓഫീസുകളിൽ തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുകയുമാണ്. ‘ലിവർ ഫൌണ്ടേഷൻ ഓഫ് കേരള’ പല തവണ ഈ തുക വിതരണം ചെയ്യുവാനും ഇത് മാസത്തിൽ 5000 ആയി വർധിപ്പിക്കണമെന്നാവശ്യപ്പെട്ടും ബന്ധപ്പെട്ടവർക്ക് നിവേദനം സമർപ്പിച്ചെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. ഇതുകാരണം പല രോഗികളും നിത്യേന കഴിക്കേണ്ട വിലകൂടിയ മരുന്നുകൾ വാങ്ങാൻപോലും പൈസയില്ലാതെ നെട്ടോട്ടമൊടുകയാണ്.