അഴകേ കൺമണിയേ

മലയാളത്തിന്റെ പ്രിയനായിക മീരാ ജാസ്മിന്റെ ജന്മദിനമാണിന്ന്… മീര് ജാസ്മിൻ അവിസ്മരണീയമാക്കിയ ഗാനങ്ങളെക്കുറിച്ച് സതീഷ് കുമാർ വിശാഖപട്ടണം എഴുതുന്നു
മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളായിരുന്ന ലോഹിതദാസ് സംവിധാനം ചെയ്യുന്ന ‘സൂത്രധാരൻ ‘എന്ന ചിത്രത്തിലേക്ക് ഒരു പുതിയ നായികയെ ആവശ്യമുണ്ടായിരുന്നു. പലരെയും നോക്കിയെങ്കിലും ലോഹിതദാസിന്റെ മനസ്സിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റിയ ഒരു പെൺകുട്ടിയെ എവിടേയും കണ്ടു കിട്ടിയില്ല .
അന്ന് ലോഹിയുടെ അസിസ്റ്റന്റ് ആയിരുന്ന സംവിധായകൻ ബ്ലസി തിരുവല്ലയിൽ ഒരു ടെക്‌സ്‌റ്റൈൽ ഷോറൂമിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട പെൺകുട്ടിയെക്കുറിച്ച് ലോഹിയോട് പറയുന്നു. ജാസ്മിൻ മേരി ജോസഫ് എന്ന ആ പെൺകുട്ടി അങ്ങനെ ‘സൂത്രധാര ‘നിലെ നായികയായി. ഒരുപക്ഷേ മഞ്ജുവാര്യർക്ക് ശേഷം മലയാളം കണ്ട ഏറ്റവും ടാലൻറ് ഉള്ള ആ നടിയായിരുന്നു മീര ജാസ്മിൻ എന്ന പേരിൽ പിന്നീട് പ്രശസ്തയായത്.


‘പാഠം ഒന്ന് ഒരു വിലാപം ‘എന്ന ടി.വി. ചന്ദ്രന്റെ ചിത്രത്തിലൂടെ സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ വരെ നേടിയ മീരാജാസ്മിൻ എന്ന അഭിനയപ്രതിഭയെ കുറിച്ച് പ്രത്യേകിച്ച് പ്രതിപാദിക്കേണ്ട കാര്യമൊന്നുമില്ല. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് മലയാളം തമിഴ് തെലുങ്ക് കന്നഡ ഭാഷകളിലെ നമ്പർവൺ നായികയായി മീരാജാസ്മിൻ ഉയർന്നുവന്നു. ഒരു ചെറിയ കാലയളവിനുള്ളിൽ ഇവർ മലയാള സിനിമയിൽ എത്രയോ മനോഹര ഗാനങ്ങളെ തന്റെ സൗന്ദര്യത്തിലൂടേയും അഭിനയത്തിലൂടേയും മിഴിവുള്ളതാക്കി തീർത്തു …….


‘ എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ….. (അച്ചുവിന്റെ അമ്മ)
‘ ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ…. (സ്വപ്‌നക്കൂട് )
‘ മെഹറുബാ മെഹറുബാ …… ( പെരുമഴക്കാലം)
‘അഴകേ കൺമണിയേ ….. (കസ്തുരി മാൻ)
‘പൈ കറുമ്പിയെ മേക്കും ….. (ഗ്രാമഫോൺ)
‘ ആറ്റിൻകരയോരത്തെ ചാറ്റൽ മഴ ചോദിച്ചൂ….. (രസതന്ത്രം)
‘കണ്ടോ കണ്ടോ കാക്ക കുയിലേ….. (ഇന്നത്തെ ചിന്താവിഷയം )
‘മന്ദാര പൂ മൂളി ….. (വിനോദ യാത്ര) എന്നിവ ചിലതു മാത്രം.
1982 ഫെബ്രുവരി 15-ന് തിരുവല്ലയിൽ ജനിച്ച മീരാ ജാസ്മിന്റെ ജന്മദിനമാണിന്ന്.
‘കസ്തൂരിമാനി’ന്റെ മിഴിയഴകോടെ മലയാള ചലച്ചിത്ര വേദിയെ വിസ്മയിപ്പിച്ച ഈ അനുഗ്രഹീത നടി വീണ്ടും സിനിമാ രംഗത്ത് സജീവമാകെട്ടെയെന്ന് ഈ പിറന്നാൾ ദിനത്തിൽ ഒരിക്കൽ കൂടി ആശംസിക്കുന്നു …