മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നിട്ട് 56 വർഷങ്ങൾ

സതീഷ് കുമാർ വിശാഖപട്ടണം
എം. കൃഷ്ണൻ നായരുടെ സംവിധാനത്തിൽ 56 വർഷം മുമ്പ് ഇതേ ദിവസം പ്രദർശനത്തിനെത്തിയ ചലച്ചിത്രമായിരുന്നു ‘കളിത്തോഴൻ ‘. ഈ സിനിമയ്ക്ക് മലയാള സിനിമയുടെ ചരിത്രത്തിൽ സ്ഥാനം നേടിക്കൊടുത്തത് ജയചന്ദ്രന്റെ സുപ്രസിദ്ധമായ ‘മഞ്ഞലയിൽ മുങ്ങി തോർത്തി ധനുമാസ ചന്ദ്രിക വന്നു …..’എന്ന മനോഹരമായ ഗാനമായിരുന്നു. പ്രേംനസീർ, ഷീല, അടൂർഭാസി, സുകുമാരി എന്നിവർ അഭിനയിച്ച ‘കളിത്തോഴനി ‘ലെ ഗാനങ്ങൾ എഴുതിയത് പി.ഭാസ്‌കരനും സംഗീതസംവിധാനം നിർവ്വഹിച്ചത് ദേവരാജൻമാസ്റ്ററുമാണ്. ഭാവഗായകന്റെ സ്വരമാധുര്യവുമായെത്തിയ കളിത്തോഴനെക്കുറിച്ചാണ് ഇന്നത്തെ പാട്ടോർമ്മയിൽ സതീഷ് കുമാർ വിശാഖപട്ടണം എഴുതന്നത്….
1959 ലാണ് അക്കിനേനി നാഗേശ്വര റാവുവും ജെമുനയും അഭിനയിച്ച ‘ഇല്ലരികം ‘ എന്ന തെലുഗു സിനിമ ആന്ധ്രപ്രദേശിൽ റിലീസ് ചെയ്യുന്നത്. റെക്കോർഡ് കളക്ഷൻ നേടിയ ഈ ചിത്രം നിർമ്മിച്ചത് എ.വി. സുബ്ബാറാവു എന്ന നിർമ്മാതാവായിരുന്നു. വെമ്പട്ടി സദാശിവ ബ്രഹ്മത്തിന്റേതായിരുന്നു കഥ. ‘ഇല്ലരികം ‘ തെലുങ്കിൽ നേടിയ വൻ വിജയമായിരിക്കാം ഈ ചിത്രം മലയാളത്തിലും നിർമ്മിക്കാൻ സുബ്ബാ റാവുവിനെ പ്രേരിപ്പിച്ചത്. അങ്ങനെ എം. കൃഷ്ണൻ നായരുടെ സംവിധാനത്തിൽ 1966ൽ മലയാളത്തിൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമായിരുന്നു ‘കളിത്തോഴൻ ‘. ചിത്രം മലയാളത്തിലും വമ്പൻ വിജയമായിരുന്നെങ്കിലും ഈ സിനിമയ്ക്ക് മലയാള സിനിമയുടെ ചരിത്രത്തിൽ സ്ഥാനം നേടിക്കൊടുത്തത് ജയചന്ദ്രന്റെ സുപ്രസിദ്ധമായ ‘മഞ്ഞലയിൽ മുങ്ങി തോർത്തി ധനുമാസ ചന്ദ്രിക വന്നു …..’എന്ന മനോഹരമായ ഗാനമായിരുന്നു.

പ്രേംനസീർ ഷീല അടൂർഭാസി സുകുമാരി എന്നിവർ അഭിനയിച്ച ‘കളിത്തോഴനി ‘ലെ ഗാനങ്ങൾ എഴുതിയത് പി.ഭാസ്‌കരനും സംഗീതസംവിധാനം നിർവ്വഹിച്ചത് ദേവരാജൻമാസ്റ്ററുമാണ്.


‘താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ പൂവമ്പൻ പോറ്റുന്ന പുള്ളിമാനെ ….. ( ജയചന്ദ്രൻ )
‘മാനത്തെ വെണ്ണിലാവ് മയങ്ങിയല്ലോ മധുമാസ പുഷ്പങ്ങളും മയങ്ങിയല്ലോ ….. (ജാനകി )
‘രാഗ സാഗര തീരത്തിലെന്നുടെ രാധാ രമണൻ വന്നല്ലോ ….. ( എൽ ആർ . ഈശ്വരി )
‘നന്ദന വനിയിൽ പഞ്ചമിനാളിൽ ……( എ എം രാജ ജാനകി ) എന്നിവയായിരുന്നു ഈ ചിത്രത്തിലെ മറ്റ് സൂപ്പർ ഹിറ്റ് ഗാനങ്ങൾ.1966 ഫെബ്രുവരി 11-ന് തിയേറ്ററുകളിലെത്തിയ കളിത്തോഴൻ എന്ന ചിത്രത്തിന് ഇന്ന് 56 വയസ്സ് പൂർത്തിയാവുകയാണ് .
മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ധനുമാസ ചന്ദ്രികയുടെ മനോഹാരിതയും കുളിരുമായി എത്തിയ ഈ ചലച്ചിത്രം മലയാളത്തിനു സമ്മാനിച്ചത് ഭാവഗായകൻ ജയചന്ദ്രൻ എന്ന അതുല്യ കലാപ്രതിഭയെയാണ്. ജയചന്ദ്രനെകൊണ്ടു പാട്ടുപഠിക്കാൻ സൗമനസ്യം കാണിച്ച ജി. ദേവരാജൻ മാസ്റ്റർക്കും അതിന് അവസരമൊരുക്കി കൊടുത്ത് സംവിധായകൻ എം. കൃഷ്ണൻ നായർക്കും ഇതിനെല്ലാമുപരി ഈ ചിത്രം മലയാളത്തിൽ നിർമ്മിച്ച ആന്ധ്രക്കാരനായ എ.വി. സുബ്ബറാവുവിനോടും നമ്മൾ മലയാളികൾ ഏതെല്ലാമോ തരത്തിൽ വളരെ കടപ്പെട്ടിരിക്കുന്നു…
