INDIA TOP NEWS

വിദേശത്ത് നിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആറും ക്വാറൻറീനും ആവശ്യമില്ല, വാക്‌സിൻ സർട്ടിഫിക്കറ്റ് മതി

ന്യൂഡൽഹി: വിദേശത്ത് നിന്നെത്തുന്നവർക്ക് നിർദേശിച്ചിരുന്ന ഏഴ് ദിവസം ക്വാറൻറീൻ കേന്ദ്ര സർക്കാർ ഒഴിവാക്കി.
പകരം, 14 ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് പുതിയ നിർദേശം. റിസ്‌ക് രാജ്യങ്ങളെന്ന കാറ്റഗറിയും ഒഴിവാക്കിയിട്ടുണ്ട്. വാക്‌സിനെടുത്തവർക്ക് ആർ.ടി.പി.സി.ആർ റിസൾട്ടിന് പകരം വാക്‌സിൻ സർട്ടിഫിക്കറ്റ് മതി. യാത്രക്ക് മുമ്ബായി ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം ആവശ്യമില്ല. ഫെബ്രുവരി 14 മുതൽ പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.


വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്നതിൽ ഇന്ത്യയുമായി പരസ്പര ധാരണയിലെത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകൾ നൽകുന്ന രാജ്യങ്ങൾക്കും ഇന്ത്യക്കാർക്ക് ക്വാറൻറീൻ ഇല്ലാതെ പ്രവേശനം അനുവദിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്കുമാണ് ആർ.ടി.പി.സി.ആർ ടെസ്റ്റ് റിസൾട്ടിന് പകരം വാക്‌സിൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാൻ അനുവാദമുള്ളത്. 82 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വാക്‌സിൻ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ആർ.ടി.പി.സി.ആർ ഫലം ഇനി നിർബന്ധമല്ലാത്തത്. എന്നാൽ, കുവൈത്തും യു.എ.ഇയും ചൈനയും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഇവിടെനിന്നുള്ളവർ 72 മണിക്കൂറിനിടയിലുള്ള ആർടിപി.സി.ആർ നെഗറ്റീവ് ഫലം അപ്ലോഡ് ചെയ്യേണ്ടിവരും.
വിദേശത്തുനിന്നെത്തുന്നവർ എയർ സുവിധ പോർട്ടലിൽ ലഭ്യമായ സത്യവാങ്മൂലം ഓൺലൈനായി പൂരിപ്പിച്ച് നൽകണം. രണ്ടാഴ്ചത്തെ യാത്രാവിവരങ്ങളും വ്യക്തമാക്കണം. നേരത്തെ, ഇന്ത്യയിലെത്തി ഏഴു ദിവസത്തെ ക്വാറൻീനിന് ശേഷം ആർ.ടി.പി.സി.ആർ വേണമെന്ന നിബന്ധനയും ഉണ്ടായിരുന്നു. ഇപ്പോൾ അതും ഒഴിവാക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശയാത്രക്കാർ ഏഴ് ദിവസം വീടുകളിൽ നിർബന്ധിത നിരീക്ഷണത്തിൽ കഴിയണമെന്നുള്ള മാർഗനിർദേശം കേന്ദ്രസർക്കാർ കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്. എട്ടാം ദിവസം ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണമെന്നുമായിരുന്നു നിർദേശം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *