ഞായറാഴ്ചയിലെ പ്രത്യേക നിയന്ത്രണങ്ങൾ പിൻവലിച്ചു,
സംസ്ഥാനം സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം പിൻവലിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
സ്‌കൂളുകളിൽ ഒൻപതു വരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. ഈ മാസം 28 മുതൽ ക്ലാസുകൾ സാധാരണ നിലയിൽ വൈകിട്ടുവരെയാക്കും. പരീക്ഷയ്ക്കു മുമ്പായി പാഠഭാഗങ്ങൾ എടുത്തു തീർക്കുന്നതു ലക്ഷ്യമിട്ടാണ് നടപടി. ഇതിനായി തയാറെടുപ്പു നടത്താൻ യോഗം വിദ്യാഭ്യാസ വകുപ്പിനു നിർദേശം നൽകി. ക്ലാസുകൾ പുനരാരംഭിക്കുന്നതിൽ വിദ്യാഭ്യാസ വകുപ്പ് വിശദമായ മാർഗനിർദേശം പുറത്തിറക്കും.
സംസ്ഥാനത്ത് കോളജ് ക്ലാസുകൾ കഴിഞ്ഞ തിങ്കളാഴ്ച പുനരാരംഭിച്ചിരുന്നു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ കോവിഡ് മൂന്നാം തരംഗത്തിലും നിർത്തിവച്ചിരുന്നില്ല. ഈ ക്ലാസുകളിൽ കഴിഞ്ഞ തിങ്കളാഴ്ച മുതൽ വൈകുന്നേരം വരെയാണ് പഠനം.
കോവിഡ് വ്യാപനത്തിൽ കുറവു വന്നെന്നു വിലയിരുത്തിയാണ് കൂടുതൽ ഇളവുകൾ അനുവദിക്കാൻ യോഗത്തിൽ ധാരണയായത്. ഉത്സവങ്ങളിൽ കൂടുതൽ പേർക്കു പങ്കെടുക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ ധാരണയായിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയും മാരാമൺ കൺവൻഷനും നടത്തുന്നതു സംബന്ധിച്ച് പ്രത്യേക മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കും.