ലതാമങ്കേഷ്‌കർ മധുര മലയാളത്തിൽ പാടിയപ്പോൾ

സതീഷ് കുമാർ വിശാഖപട്ടണം

ഭാരതത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ വാനമ്പാടി ലതാമങ്കേഷ്‌കർ ഓർമ്മയായി. കഴിഞ്ഞ രണ്ടു ദിവസമായി എല്ലാ ടിവി ചാനലുകളും പത്രങ്ങളും നിരന്തരം സംപ്രേക്ഷണം ചെയ്തിട്ടും എഴുതിയിട്ടും ലതാ മങ്കേഷ്‌കറുടെ ധന്യമായ സംഗീത ജീവിതത്തിന്റെ ആത്മാനുഭവങ്ങൾ അവസാനിക്കുന്നില്ല.
ആവർത്തനവിരസത ഒഴിവാക്കാനായി അവരുടെ എട്ട് പതിറ്റാണ്ടു നീണ്ടു നിന്ന സംഗീത ജീവിതത്തിലേക്കൊന്നും കടക്കാതെ മലയാളത്തിൽ ഈ വാനമ്പാടി പാടിയ ഒരേയൊരു പാട്ടിന്റെ ചില ഓർമ്മചിത്രങ്ങൾ ഇവിടെ പങ്കു വെക്കട്ടെ…

നീലക്കുയിൽ എന്ന ചിത്രം പി ഭാസ്‌കരനോടൊപ്പം സംവിധാനം ചെയ്തു കഴിഞ്ഞപ്പോഴാണ് മലയാള സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് കൈ പിടിച്ചുയർത്തിയ രാമുകാര്യാട്ടിന് സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കണമെന്നൊരു മോഹം മനസ്സിലുദിച്ചത്.
അന്ന് ഇന്ത്യൻ സിനിമയുടെ ഈറ്റില്ലം ബോംബെ എന്ന മഹാനഗരമായിരുന്നു.

ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ ബിമൽ റോയി ഇന്ത്യൻ സിനിമയിൽ തിളങ്ങിനിൽക്കുന്ന കാലം…..
പ്രശസ്ത നടൻ അടൂർഭാസിയുടെ ജേഷ്ഠൻ ചന്ദ്രാജിയാണ് അന്ന് ബിമൽ റോയിയുടെ പ്രൊഡക്ഷൻ കൺട്രോളർ. ഫിലിം ടെക്‌നോളജിയെക്കുറിച്ച് കൂടുതലറിയാൻ ബോംബെയിൽ എത്തിയ കാര്യാട്ടിനെ ചന്ദ്രാജി അന്ന് എയർഫോഴ്‌സിൽ ഉദ്യോഗസ്ഥനായിരുന്ന തിരുവനന്തപുരം സ്വദേശി വി പി പണിക്കരുടെ കൂടെ താമസിപ്പിക്കുന്നു…
സാഹിത്യ അക്കാദമി അവാർഡ് നേടിയ തകഴിയുടെ ചെമ്മീൻ ചലച്ചിത്രമാക്കണമെന്നതായിരുന്നു അന്ന് രാമുകാര്യാട്ടിന്റെ ഏറ്റവും വലിയ സ്വപ്‌നം….
ഈ സമയത്താണ് ബിമൽ റോയുടെ മധുമതി റിലീസാകുന്നതും അതിൽ ലതാ മങ്കേഷ്‌കർ പാടിയ ‘ ആജാരേ പരദേശി …….’എന്ന ഗാനം ഇന്ത്യയാകെ സൂപ്പർഹിറ്റായി അലയടിക്കുന്നതും.
ആ ഗാനത്തിന്റെ മാസ്മരിക ലഹരിയിൽ മതിമറന്ന രാമു കാര്യാട്ട് ചെമ്മീനിന് ചലച്ചിത്രസാക്ഷാത്കാരം നൽകുമ്പോൾ ഒരു പാട്ടെങ്കിലും ലതാമങ്കേഷ്‌കറെ കൊണ്ട് പാടിപ്പിക്കണമെന്ന് അന്നേ മനസ്സിലുറപ്പിച്ചു.. ബോംബെയിൽ വെച്ച് സലിൽ ചൗധരിയുമായുണ്ടായ ആത്മബന്ധത്തിലൂടെയാണ് പിന്നീട് ചെമ്മീനിൽ സംഗീതസംവിധായകനായി അദ്ദേഹം ആദ്യമായി മലയാളത്തിലെത്തുന്നത്.
‘കടലിനക്കരെ പോണോരെ കാണാപൊന്നിന് പോണോരെ
പോയ് വരുമ്പോൾ എന്തു കൊണ്ടു വരും. …….’
എന്ന ഗാനമാണ് ലതാമങ്കേഷ്‌കറെ കൊണ്ട് പാടിപ്പിക്കാൻ കാര്യാട്ട് ഉദ്ദേശിച്ചിരുന്നത്.
ലതാജിക്ക് പാട്ട് പഠിക്കാൻ വേണ്ടി യേശുദാസിനെ കൊണ്ട് ഈ ഗാനം പാടിപ്പിച്ച് റെക്കൊർഡ് ചെയ്തിട്ടാണ് കാര്യാട്ടും സംഘവും ബോംബെയിലെത്തിയത്.
എന്നാൽ തുഞ്ചത്തെഴുത്തച്ഛൻ സംസ്‌കൃതത്തിന്റേയും തമിഴിന്റേയും തീക്കടലുകൾ കടഞ്ഞ് തിരുമധുരമായി കേരളക്കരക്ക് സമ്മാനിച്ച മലയാളമെന്ന മധുരഭാഷ ലതാജിക്ക് വഴങ്ങാതെ പോയതോടെ നിരാശയോടെ കാര്യാട്ടിന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു…
എന്നാൽ ചെമ്മീൻ ആ വർഷത്തെ ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം കരസ്ഥമാക്കുകയും ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും വിദേശ ഭാഷകളിലുമെല്ലാം മൊഴിമാറ്റം ചെയ്ത് അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ചപ്പോൾ ആ ചിത്രത്തിൽ പാടാൻ കഴിയാത്തതിൽ ലതാജിക്ക് തന്നെ നേരിയ വിഷമമുണ്ടായിരുന്നുവത്രെ..!
ആയിടയ്ക്കാണ് കൊല്ലത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന കൃഷ്ണസ്വാമി റെഡ്യാരുടെ ‘കുങ്കുമം ‘ വാരിക ഒരു നോവൽ മത്സരം സംഘടിപ്പിക്കുന്നത്.
വയനാട്ടിലെ ആദിവാസികളുടെ അടിയാളജീവിതം പ്രമേയമാക്കി പി വത്സല എഴുതിയ ‘നെല്ല് ‘എന്ന നോവലിനായിരുന്നു ആദ്യത്തെ കുങ്കുമം അവാർഡ്.
ഈ നോവൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെ കുങ്കുമത്തിന്റെ സർക്കുലേഷൻ രണ്ടിരട്ടിയായി വർദ്ധിപ്പിക്കുകയും മലയാള സാഹിത്യ രംഗത്ത് നെല്ല് ചർച്ചാ വിഷയമാവുകയും ചെയ്തതോടെ ആ നോവൽ ചലച്ചിത്രമാക്കാൻ രാമു കാര്യാട്ട് തീരുമാനിക്കുകയും ചെയ്തു.
കാര്യാട്ടിനും ലതാജിക്കും ഉണ്ടായ നഷ്ടബോധത്തെക്കുറിച്ച് നല്ലപോലെ അറിയാമായിരുന്ന സലീൽ ചൗധരി ഇത്തവണ എന്തായാലും ലതാജിയെ കൊണ്ട് മലയാളത്തിൽ ഒരു പാട്ടു പാടി പിടിപ്പിക്കാൻ തന്നെ തീരുമാനിച്ചു.
അങ്ങനെ ലതാജിക്ക് വേണ്ടി വയലാർ വീണ്ടും തൂലികയേന്തി …….

ബാല്യകാലത്ത് കാടുമായി അഭേദ്യബന്ധമുണ്ടായിരുന്ന സലീൽ ചൗധരി കാടിന്റെ സംഗീതത്തിനനുസരിച്ച് ഇട്ടു കൊടുത്ത ഈണത്തിൽ വയലാർ എഴുതിയ
‘കദളി കൺകദളി ചെങ്കദളി പൂവേണോ…….’ എന്ന ഗാനം മലയാള സിനിമയുടെ സൗഭാഗ്യങ്ങളിൽ ഒന്നായി ഇന്നും ജനലക്ഷങ്ങൾ ഏറ്റുപാടുന്നു… വയലാറിന്റെ ഗാനം ഹിന്ദിയിൽ എഴുതിയെടുത്ത് ആവർത്തിച്ചാവർത്തിച്ചു പഠിച്ചു കൊണ്ടാണ് ലതാജി മലയാളത്തിൽ ആദ്യമായി ഒരു പാട്ടു പാടുന്നത്.

ചെറിയ ചെറിയ ഉച്ചാരണ പിശക് ഉണ്ടായിരുന്നെങ്കിലും ഇന്ത്യയുടെ വാനമ്പാടി മലയാളത്തിൽ പാടിയ ഈ ഗാനത്തെ കേരളീയർ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണുണ്ടായത്.
വയനാട്ടിലെ തിരുനെല്ലി കാടുകളിൽ ക്യാമറാമാൻ ബാലു മഹേന്ദ്ര നെല്ല് ക്യാമറയിൽ പകർത്തി കൊണ്ടിരിക്കുമ്പോൾ സംഗീത സംവിധായകൻ സലിൽ ചൗധരിയും കൂടെയുണ്ടായിരുന്നു.



ചിത്രത്തിൽ മാലയായി അഭിനയിക്കുന്ന ജയഭാരതിക്ക് വേണ്ടിയുള്ള പാട്ടുപാടിയത് ഇന്ത്യൻ സിനിമയുടെ രോമാഞ്ചമായ ലതാ മങ്കേഷ്‌ക്കറാണെന്ന് സലീൽ ദാദ പറഞ്ഞപ്പോൾ ഒട്ടേറെ പാട്ടുകൾക്ക് ജീവൻ പകർന്ന ആ അഭിനേത്രിയുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു പോയത്രേ……