ഡിജിറ്റൽ യാചകനും എത്തി,
കാശ് ഗൂഗിൾ പേ ചെയ്താൽ മതി

പാറ്റ്‌ന: യാചകരും ഡിജിറ്റലാകുന്നു… ബിഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ ബേടിയ പട്ടണത്തിൽ ഭിക്ഷയെടുത്ത് ജീവിക്കുന്ന രാജു പ്രസാദ് ക്യു ആർ കോഡ് കഴുത്തിൽ തൂക്കിയാണ് ആളുകൾക്ക്് മുന്നിലെത്തുന്നത്. ഭിക്ഷ നൽകാൻ ചില്ലറയില്ലെങ്കിൽ ഡിജിറ്റലായി പണം നൽകാൻ ഇയാൾ ആളുകളോട് ആവശ്യപ്പെടും. ‘കയ്യിൽ നാണയത്തുട്ടുകളില്ലെങ്കിൽ വിഷമിക്കേണ്ട, നിങ്ങൾക്ക് ഇ വാലറ്റ് വഴി എനിക്ക് പണമടയ്ക്കാം
പ്രസാദ് 10 വയസ് മുതൽ ബേടിയ റെയിൽവേ സ്റ്റേഷന്റെ പരിസരത്ത് ഭിക്ഷാടനം നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡിജിറ്റൽ ഇന്ത്യ’ ക്യാംപയ്‌നിന്റെ കടുത്ത പിന്തുണക്കാരനായ പ്രസാദ് ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യം പ്രയോജനപ്പെടുത്തുന്നതിനായി അടുത്തിടെ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി.

‘എനിക്ക് ആധാർ കാർഡ് ഉണ്ടായിരുന്നെങ്കിലും, പാൻ കാർഡ് ഇല്ലായിരുന്നു, ഇത് ബാങ്ക് അകൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമം വൈകിപ്പിച്ചു. ഒരു യാചകനാണെങ്കിലും ഇപ്പോൾ ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യം പ്രയോജനപ്പെടുത്തുന്നു,’ പ്രസാദ് വ്യക്തമാക്കി. ഇയാളുടെ പിതാവ് പ്രഭുനാഥ് പ്രസാദ് കുടുംബത്തോടൊപ്പം ബേടിയ ടൗണിലാണ് താമസിച്ചിരുന്നതെന്ന് നഗരവാസിയായ അവധേഷ് തിവാരി പറഞ്ഞു.

‘കുടുംബത്തിലെ ഏക വരുമാന മാർഗമായിരുന്ന പിതാവ് മരിച്ചതോടെ മകൻ രാജു പ്രസാദ് റെയിൽവേ സ്റ്റേഷനിൽ ഭിക്ഷ യാചിക്കാൻ ഇറങ്ങുകയായിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അദ്ദേഹം അത് ചെയ്യുന്നു.