പീഡനദൃശ്യങ്ങൾ ചോർന്നുവോ?
അന്വേഷണം ആവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: നടിയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ കൊടുത്ത കേസിലെ പീഡന ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയിൽ. ഇതുമായി ബന്ധപ്പെട്ട് പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത് നൽകി. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച അതിജീവിത ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തിൽ പറയുന്നു. ദൃശ്യം ചോർന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും അതിജീവിത കത്തിൽ പറഞ്ഞു.

കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ളവർക്കും കൈമാറി. അടിയന്തര നടപടി ആവശ്യപ്പെട്ടാണ് കത്ത്. കോടതിയിൽ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും അതിജീവിത വ്യക്തമാക്കി. എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നത്. 2019 ഡിസംബർ 20നാണ് ദൃശ്യങ്ങൾ ചോർന്നതായി വിചാരണ കോടതിയിൽ സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറൻസിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.