കുടിവെള്ളത്തെച്ചൊല്ലി വഴക്കും സംഘട്ടനവും
നാലു പേർക്ക് പരിക്ക്

അമ്പലപ്പുഴ: കിണറ്റിൽനിന്ന് വെള്ളം കോരുന്നത് സംബന്ധിച്ച് രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ വഴക്കിൽ നാല് പേർക്ക് പരിക്കേറ്റു. വടക്ക് പഞ്ചായത്ത് 14ാം വാർഡിൽ കോമന പുതുവൽ വീട്ടിൽ ശശി (67) ഇയാളുടെ ഭാര്യ പ്രമീള (59) പുതുവൽ വീട്ടിൽ പ്രസാദ് (61), ഇദ്ദേഹത്തിന്റെ മകൾ പ്രവീണ (18), പ്രവീണയുടെ മകൾ വൈദേഹി (10) എന്നിവരെയാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഇരു കുടുംബാംഗങ്ങളും താമസിക്കുന്ന സ്ഥലത്തെ കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനെ ചൊല്ലി ഉണ്ടായ വാക്കുതർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. എയ്ഡ്പോസ്റ്റ് എസ് ഐ. രംഗനാഥൻ, സിവിൽ പോലീസ് റമീസ് എന്നിവർ മർദ്ദനമേറ്റ് വന്നവരുടെ ബന്ധുക്കളെയും അമ്പലപ്പുഴ പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. അമ്പലപ്പുഴ സി.ഐ. ദ്വിജേഷിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിയ പോലീസ് സംഘം ഇരുകൂട്ടരുടേയും മൊഴി രേഖപെടുത്തി. നെറ്റിക്ക് അടിയേറ്റ ശശിയുടേയും തലക്ക് അടിയേറ്റ ഇയാളുടെ ഭാര്യ പ്രമീളയുടേയും പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു