ചോദ്യപേപ്പറിൽ മിന്നൽ മുരളി, മിന്നലായി കുര്യൻ സാർ

കോതമംഗലം എം. എ എഞ്ചിനീയറിംഗ് കോളേജിലെ മിന്നൽ മുരളി ചോദ്യപേപ്പറും അത് തയാറാക്കിയ ഡോ. കുര്യൻ ജോണും സോഷ്യൽമീഡിയയിൽ തരംഗമാകുന്നു
കോതമംഗലം: കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലെല്ലാം വൈറൽ ആയ ഒരു ചോദ്യ പേപ്പർ ഉണ്ട്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ മൂന്നാം സെമസ്റ്റർ വിദ്യാർഥികൾക്കുള്ള ഇന്റേണൽ പരീക്ഷയുടെ മെക്കാനിക്കൽ ഓഫ് ഫ്്‌ളൂയ്ഡ്‌സ് ചോദ്യ പേപ്പർ ആണ് മിന്നൽ പോലെ വൈറൽ ആയത്. സാധാരണ പരീക്ഷാ ചോദ്യപേപ്പറുകളൊക്കെ അങ്ങേയറ്റം അരസികങ്ങളാണല്ലോ… എന്നാൽ ഈ ചോദ്യപേപ്പർ മിന്നലായി. പിന്നെ വൈറലുമായി. മിന്നൽ മുരളി സിനിമയുടെ സംവിധായകൻ ബേസിൽ ജോസഫ് അടക്കം ഉള്ളവർ സമൂഹ മാധ്യമങ്ങളിൽ ഈ ചോദ്യപേപ്പർ പങ്കുവച്ചിട്ടുണ്ട്.
ദേശം, കണ്ണാടിക്കൽ, കുറുക്കൻമൂല എല്ലാം ഉണ്ട് എന്ന് പറഞ്ഞാണ് ബേസിൽ ജോസഫ് തന്റെ ഫേസ് ബുക്കിൽ ചൊവ്വാഴ്ച രാത്രി ഇത് പങ്കു വച്ചിരിക്കുന്നത്.

മിന്നൽ മുരളിയും ജോസ്‌മോനും കുറക്കൻമൂലയുമെല്ലാം ഈ ചോദ്യപേപ്പറിൽ കഥാപാത്രങ്ങളാണ്. മിന്നൽ മുരളി യുഎസിൽ എത്തി അയൺമാനെയും അക്വാമാനെയും കാണുന്നു. അവരുടെ പ്രശ്‌നങ്ങൾ മെക്കാനിക്കൽ തിയറി ഉപയോഗിച്ച് പരിഹരിക്കുന്നു. കുറുക്കൻ മൂലയിലെ കുടിവെള്ള പ്രശ്‌നം എഞ്ചിനീയറിംഗ് ഉപയോഗിച്ച് പരിഹരിക്കുന്നു. ഇങ്ങനെയാണ് ചോദ്യത്തിന്റെ രീതി. 50 മാർക്കിന്റെ ചോദ്യം.
പരീക്ഷാ സമയത്തെ കുട്ടികളുടെ സമ്മർദം ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരം പരീക്ഷണങ്ങൾ എന്നാണ് ചോദ്യ പേപ്പർ തയാറാക്കിയ എം. എ കോളേജിലെ മെക്കാനിക്കൽ വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. കുര്യൻ ജോൺ പറയുന്നത്.

നേരത്തെയും ഇത്തരം പരീക്ഷണങ്ങൾ നടത്താറുണ്ടെന്നും, എന്നാൽ ഇത്രയും ശ്രദ്ധ പിടിച്ചുപറ്റി വൈറൽ ആകുന്നത് ആദ്യമായാണെന്നും ഡോ. കുര്യൻ പറഞ്ഞു. പരിക്ഷ കഴിഞ്ഞ ഉടനെ വിദ്യാർഥികൾ ചോദ്യ പേപ്പർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

ചോദ്യപേപ്പർ കണ്ട മിന്നൽ മുരളിയുടെ സംവിധായകൻ ബേസിൽ ജോസഫ് തന്നെ ഫോണിൽ വിളിച്ച് സംസാരിച്ചതായും ഡോ. കുര്യൻ പറഞ്ഞു. എറണാകുളം പള്ളിക്കര സ്വദേശി പാപ്പാറയിൽ ഡോ കുര്യൻ 2016 ലാണ് കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ വിഭാഗം അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്. ഭാര്യ ഇൻഫോ പാർക്ക് ഉദ്യോഗസ്ഥയായ സൗമ്യ. മക്കൾ 6 വയസുകാരൻ ജോൺ, രണ്ടു വയസുകാരി ജിയാൻ.
