KERALA TOP NEWS

വാവ സുരേഷിന് 48 മണിക്കൂർ കൂടി നിർണായകം; വെന്റിലേറ്ററിൽ തുടരും; ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ

കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിലുള്ള വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. വിളിക്കുമ്പോൾ പ്രതികരിക്കുന്നുണ്ട്. കൈകാലുകൾ പതിയെ അനക്കുന്നുണ്ട്. തലയും അനക്കുന്നുണ്ട്. ഇതെല്ലാം ആശാവഹമാണെന്ന് കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഭക്ഷണം ദ്രവരൂപത്തിൽ മൂക്കിലൂടെയാണ് നൽകി വരുന്നത്. ഇത് ശരീരം സ്വീകരിക്കുന്നു എന്നതും ആശാവഹമാണ്. എന്നാൽ തലച്ചോറിലേക്കുള്ള രക്തയോട്ടത്തിൽ പ്രശ്നങ്ങളുണ്ട്. തലച്ചോറിൻരെ പ്രവർത്തനം വിലയിരുത്തി വരികയാണ്. മൂർഖൻ പാമ്പിന്റെ കടിയേറ്റതിനാൽ നാഡീവ്യവസ്ഥയെ ബാധിച്ചതാണ് പ്രശ്നം ഗുരുതരമാക്കിയത്.
ബോധം ശരിക്കും തിരിച്ചുവരാത്ത സാഹചര്യത്തിൽ വെന്റിലേറ്ററിൽ തുടരും. 48 മണിക്കൂർ കൂടി നിർണായകമാണ്. ഏതാനും ദിവസം കൂടി വെന്റിലേറ്റർ ചികിത്സ വേണ്ടി വരും. ആന്റിവെനം ചികിത്സയും തുടരും. തിരിച്ചുവരാൻ സമയമെടുക്കുമെന്നും ഡോക്ടർ ജയകുമാർ പറഞ്ഞു. ഇന്നലെ രാത്രിയോടെ പ്രതികരണം ഇല്ലാതായത് ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ വിളിക്കുന്നതിന് പ്രതികരിക്കാൻ തുടങ്ങിയത് ആശ്വാസകരമാണെന്നും ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞദിവസം മന്ത്രി വി എൻ വാസവൻ ആശുപത്രിയിലെത്തി വാവ സുരേഷിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചിരുന്നു. മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെയും അസിസ്റ്റന്റ് സൂപ്രണ്ടിന്റെയും മേൽനോട്ടത്തിൽ പ്രത്യേക മെഡിക്കൽ സംഘമാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്.
കോട്ടയം, കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെ തിങ്കളാഴ്ചയാണ് വാവ സുരേഷിന്റെ വലതുകാലിന്റെ തുടയിൽ മൂർഖൻ പാമ്ബു കടിച്ചത്. കടിയേറ്റതോടെ പിടിവിട്ടു പോയ പാമ്ബിനെ വീണ്ടും പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സുരേഷ് ആശുപത്രിയിലേക്കു പോയത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സുരേഷിന് ഹൃദയാഘാതമുണ്ടായിരുന്നു. ഇത് തലച്ചോറിന്റെയും ശരീരത്തിലെ പേശികളുടെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *