ഹാപ്പി ബെർത്ത് ഡേ പാട്ടുപാടി, കേക്ക് മുറിച്ച്
ആട്ടിൻകുട്ടികളുടെ പിറന്നാൾ ആഘോഷമാക്കി ഒമ്പതു വയസ്സുകാരി

സി. ഫസൽ ബാബു
മുക്കം: ഇന്നലെ കിങ്ങിണിയുടെയും അമ്മിണിയുടെയും പിറന്നാളായിരുന്നു. ഒന്നാം പിറന്നാൾ. പിറന്നാളിന് നല്ല ഒന്നാന്തരം കേക്കുമുണ്ടാക്കി. അതും പിണ്ണാക്ക് കൊണ്ട്. അദ്ഭുതപ്പെടേണ്ട.ഈ പിറന്നാളാഘോഷം ഇപ്പോൾ വൈറലായിരിക്കുകയാണ്. താൻ ഓമനിച്ചു വളർത്തിയ കിങ്ങിണി,അമ്മിണി എന്ന് പേരുള്ള 2 ആട്ടിൻ കുട്ടികളുടെ പിറന്നാൾ ആഘോഷിച്ച നാലാം ക്ലാസുകാരിയാണിപ്പോൾ താരമായിരിക്കുന്നത്.
തോട്ടുമുക്കം മാടപ്പാട്ട് മനീഷ് തോമസിന്റെയും നിഷ മനീഷിന്റെയും രണ്ടു മക്കളിൽ ഇളയ മകളാണ് 9 വയസുകാരി മിൽന മനീഷ്.
വയസ് 9 ആയിട്ടുള്ളൂ എങ്കിലും പ്രവർത്തിയും ചിന്തയും എല്ലാം മുതിർന്ന ആളുകളുടെ പോലെയാണ്.
വീട്ടിലെ എല്ലാവരുടെയും പിറന്നാൾ ആഘോഷിക്കുന്നത് പോലെ എന്തുകൊണ്ടാണ് വീട്ടിലെ വളർത്തുമൃഗങ്ങളുടെ പിറന്നാൾ ആഘോഷിച്ചു കൂടാ എന്ന ചിന്തയാണ് കിങ്ങിണിയുടെയും അമ്മിണിയുടെയും പിറന്നാൾ ആഘോഷിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്ന് മിൽന പറയുന്നു.
കിങ്ങിണിക്കും അമ്മിണിക്കും സ്വന്തമായി സ്‌പെഷ്യൽ കേക്കാണ് പിറന്നാളിന് മിൽന ഉണ്ടാക്കിയത്. നല്ല പിണ്ണാക്ക് കേക്ക്.


പിണ്ണാക്ക് വെള്ളത്തിൽ കുതിർത്തു അല്പം ഡെക്കറേഷൻ എല്ലാം ചെയ്ത് ഫ്രിഡ്ജിൽ വെച്ച് സെറ്റായതിന് ശേഷമാണ് കിങ്ങിണിക്കും അമ്മിണിക്കും കൊടുത്തത്. അതും ഹാപ്പി ബിർത്തഡേ പാട്ട് പാടികൊണ്ട്. ഇതെല്ലാം കൗതുകത്തോടെ നോക്കിനിന്ന അയൽ വീട്ടിലെ കൂട്ടുകാരിയാണ് വീഡിയോയിൽ പകർത്തിയത്.
ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞിട്ടുണ്ട്