മണാശ്ശേരി ജി.യു.പി. സ്‌കൂളിന് സ്വന്തമായി യൂ ട്യൂബ് വാർത്താ ചാനൽ

മുക്കം: വിദ്യാർഥികളെ മാധ്യമ പ്രവർത്തന രംഗത്തേക്ക് കൂടി കൈപിടിച്ചുയർത്തി മണാശ്ശേരി ജി.യു.പി. സ്‌കൂൾ. സ്‌കൂളിലെ പാഠ്യ – പാഠ്യ ഇതര പ്രവർത്തനങ്ങളും വിശേഷങ്ങളും ഇനി യൂട്യൂബ് ചാനലിലൂടെ അറിയാം. വിദ്യാർഥികൾ നേതൃത്വം നൽകുന്ന ‘പൂവത്തിചോട്ടീന്ന് ‘ യൂട്യൂബ് വാർത്താ ചാനലിലൂടെയാണ് വാർത്തകൾ നിങ്ങളിൽ എത്തുക.
കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ പരിപോഷിപ്പിക്കുക, അഭിമുഖം, സംഭാഷണം തുടങ്ങിയവ പരിചയപ്പെടുത്തുക സർഗാത്മകതയുടെയും ജീവിത നൈപുണികളുടെയും വികാസം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യവുമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലിറ്റിൽ ജേണലിസ്റ്റ് പദ്ധതിയുടെ ഭാഗമായാണ് ‘പൂവത്തിചോട്ടീന്ന് ‘ വാർത്താ ചാനൽ യാഥാർഥ്യമാകുന്നത്.
ചാനലിനായി വാർത്തകൾ തയ്യാറാക്കുന്നതും വായിക്കുന്നതുമെല്ലാം വിദ്യാർഥികൾ തന്നെയായിരിക്കും. സ്‌കൂളിലെ പാഠ്യ പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന വൈവിധ്യമാർന്ന പദ്ധതികളും കുരുന്നു പ്രതിഭകൾ ചാനലിലൂടെ പുറം ലോകത്തെത്തിക്കും. പതിനഞ്ച് മിനുട്ട് നൈർഘ്യമുള്ള വാർത്ത ബുള്ളറ്റിൻ ആഴ്ചയിൽ ഒരു ദിവസമാണ് സംപ്രേഷണം ചെയ്യുക. കുട്ടികളിൽ മാധ്യമരംഗത്തെ അഭിരുചി വളർത്തുന്നതിനും ചുറ്റുമുള്ള കാഴ്ചകളെ നിരീക്ഷിക്കുന്നതിനുമുള്ള പദ്ധതിയാണ് ലിറ്റിൽ ജേണലിസ്റ്റെന്ന് അധ്യാപകർ പറഞ്ഞു.
മുക്കം സി.ടി.വി. സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകനും സി.ടി.വി. സി.ഇ.ഒയുമായ എ.സി.നിസാർ ബാബു ചാനൽ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളായ എം.ബി.ആര്യ, ആകാശ്, അർച്ചന, ശ്രീനന്ദ, ദേവിക, റിഫ എന്നിവരാണ് വാർത്താ ചാനലിന് നേതൃത്വം നൽകുക. ലിറ്റിൽ ജേർണലിസ്റ്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് മാധ്യമരംഗത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസുകൾ നൽകിയിരുന്നു. വിദ്യാർഥികൾക്ക് പൂർണ പിന്തുണയുമായി അധ്യാപകരായ അനിൽ, ഷണ്മുഖൻ, അനഘ, മിഥുൻ, നിഷി, ആരതി എന്നിവരും രംഗത്തുണ്ട്.