നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ; കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽസംസ്ഥാനത്തെ നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ.
പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളാണ് സി കാറ്റഗറിയിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു.
ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. സി കാറ്റഗറിയിലുള്ള ജില്ലകളിൽ തീയേറ്ററുകൾ അടച്ചിടും ജിംനേഷ്യം, നീന്തൽ കുളങ്ങൾ, പൊതുപരിപാടികൾ എന്നിവയ്ക്കും നിയന്ത്രണങ്ങളുണ്ട്. ആരാധനാലയങ്ങളിൽ ഓൺലൈൻ ആരാധന മാത്രമേ നടത്താവൂ.
നിലവിൽ കൊണ്ടുവന്നിരിക്കുന്ന നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന് തീയേറ്റർ ഉടമകളുടെ ആരോപണം. സിനിമാ വ്യവസായത്തോടെ അനീതി കാണിക്കുകയാണെന്ന് ഫിംലിം ചേമ്ബർ വൈസ് പ്രസിഡന്റ് അനിൽ തോമസ് റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. സർക്കാരിന്റെ ഇത്തരം നീക്കങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകൾ കാറ്റഗറി രണ്ടിലും, മലപ്പുറം, കോഴിക്കോട് ജില്ലകൾ കാറ്റഗറി ഒന്നിലുമാണ്. വെള്ളിയാഴ്ച മുതൽ ഈ ജില്ലകളിൽ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കാസർഗോഡ് ജില്ല നിലവിൽ ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല.
സെക്രട്ടേറിയറ്റിൽ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോവിഡ് വാർ റൂം പുനരാരംഭിച്ചു. കോവിഡ് ബെഡ്ഡ്, ഐ.സി.യു ബെഡ്ഡ്, വെന്റിലേറ്റർ ഉൾപ്പെടെയുള്ളവയും ഇതിലൂടെ മോണിറ്റർ ചെയ്യും. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്‌ബോൾ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വർദ്ധിക്കുമെന്നതിനാൽ മുൻകരുതൽ എടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. കരുതൽവാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. പ്രാദേശികമായ ഇടപെടൽ വളരെ പ്രധാനമാണ്. കോവിഡ് ജാഗ്രതാസമിതികൾ ശക്തിപ്പെടുത്തണം.
ആശുപത്രികളിൽ ചികിത്സയ്ക്ക് മുമ്ബ് രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രം കോവിഡ് പരിശോധന നടത്തിയാൽ മതിയെന്ന ആരോഗ്യ വിദഗ്ധസമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ കോ വിഡ് രോഗികൾക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു.
അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുളള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികളാണെങ്കിലാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുളള ‘സി’ കാറ്റഗറിയിൽ വരുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,46,391 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,938 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
1346 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 3,00,556 കോവിഡ് കേസുകളിൽ, 3.6 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇടുക്കിയിൽ 377 പേരാണ് ചികിത്സയിലുളളത്. കോട്ടയത്ത് ഇന്നലെ വരെയുളള കണക്കനുസരിച്ച് 826 രോഗികൾ ചികിത്സയിലുണ്ട്. ജില്ലയിൽ ആകെ രോഗികൾ 21,249 ആയി ഉയർന്നു. 12,434 പേർ പോസിറ്റീവായ പത്തനംതിട്ടയിൽ 677 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്.