KERALA Main Banner TOP NEWS

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴചത്തേക്ക് മാറ്റി; അതുവരെ അറസ്റ്റു പാടില്ലെന്ന് ഹൈക്കോടതി

കേസ് മാറ്റിവെക്കണം എന്നാവശ്യപ്പെട്ടത് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു.
ബുധനാഴ്ച്ചയിലേക്കാണ് കേസ് വീണ്ടും മാറ്റിവെച്ചത്. അതുവരെ നടന്റെ അറസ്റ്റു പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്റെ അഭിപ്രായം അനുസരിച്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചിരിക്കുന്നത്. ഇത് ദിലീപിനെ ചോദ്യം ചെയ്ത വിവരങ്ങൾ കോടതിയിൽ സമർപ്പിക്കാൻ വേണ്ടിയാണ് എന്നാണ് സൂചന.
കേസ് വീണ്ടും പരിഗണിക്കുമ്പോൾ ദിലീപിന്റെ കസ്റ്റഡി ക്രൈംബ്രാഞ്ച് ആവശ്യപ്പെടാനാണ് പ്രോസിക്യൂഷൻ നീക്കം. ഇതിന് മുന്നോടിയായി ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൽ വിശദമായ പരിശോധിക്കുകയാണ് ക്രൈംബ്രാഞ്ച്. അതുകൊണ്ടാണ് കൂടുതൽ സമയം കോടതിയൽ ആവശ്യപ്പെട്ടതും. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ മുദ്രവെച്ച കവറിൽ ഹാജരാക്കാനാണ് നീക്കം.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മുപ്പത്തി മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചത്. ചോദ്യം ചെയ്യലിൽ ദിലീപിനെതിരേ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ദിലീപിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെടാനാണ് നീക്കം.
2017ലാണ് ഗൂഢാലോചന നടന്നത്. അന്ന് ഉപയോഗിച്ചിരുന്ന ഫോണുകൾ വധ ഗൂഢാലോചന കേസ് വന്നതിന് ശേഷം മാറ്റിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതികളോട് ഈ ഫോണുകൾ ബുധനാഴ്ച ഉച്ചക്ക് 2.30നകം ഹാജരാക്കാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ദിലീപ് അടക്കം ഫോൺ ഹാജാരാക്കിയിട്ടില്ല. അഞ്ച് ഫോണുകളാണ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ ഇത്തരത്തിൽ ഒരു കാര്യം ആവശ്യപ്പെടാൻ ക്രൈംബ്രാഞ്ചിന് നിയമപരമായ ഒരു അധികാരവും ഇല്ലെന്നും ഗൂഢാലോചന നടന്ന കാലവും ഈ ഫോണുകളും തമ്മിൽ ബന്ധമില്ലെന്നുമാണ് പ്രതികളുടെ വാദം. നടിയെ ആക്രമിച്ച കേസ് വന്നപ്പോൾ ഫോണുകൾ പിടിച്ചെടുത്തിരുന്നു. അതിന്റെ ഫോറൻസിക് പരിശോധന റിപ്പോർട്ടടക്കം അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. അതിന് ശേഷം താൻ ഉപയോഗിച്ച ഫോണുകൾക്ക് കേസുമായി ബന്ധമില്ലെന്നാണ് ദിലീപിന്റെ വാദം.
ഇത് സംബന്ധിച്ച് ദിലീപ് ക്രൈംബ്രാഞ്ചിന് നൽകിയ കത്ത് അടക്കം കോടതിയിൽ ആയുധമാക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. കസ്റ്റഡിയിൽ ചോദ്യം ചെയ്ത് ഈ ഫോണുകളടക്കം കണ്ടെത്തണം, ഫോണുകൾ മാറ്റിയതിൽ തന്നെ ഗൂഢാലോചനയിൽ വ്യക്തമാണ് തുടങ്ങിയ കാര്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കും. ഫോൺ നൽകില്ലെന്ന വിധത്തിലാണ് ദിലീപിന്റെ നിലപാട്. പൂനയിലെ ഫോറന്സിക് ലാബിലാണ് ഫോണെന്നായിരുന്നു താരത്തിന്റെ വാദം,
അതേസമയം ദിലീപ് അഭിഭാഷകനായ ബി രാമൻപിള്ളയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഉച്ചയോടെ രാമൻപിള്ളയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. മണിക്കൂറുകളോളം കൂടിക്കാഴ്ച നീണ്ടു. ഫോൺ കൈമാറുന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയത് ഈ കൂടിക്കാഴ്ചക്ക് ശേഷമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *