കോഴിക്കോട്ടെ സ്വർണ വ്യാപാരിക്ക്
കൈമാറാൻ കൊണ്ടുപോവുന്ന
ഒന്നര കോടി യും 40 ലക്ഷത്തിന്റെ സ്വർണവും മംഗളൂറുവിൽ പിടിയിൽ

മംഗളൂരു:മുംബൈ പൻവേലിൽ നിന്ന് എറണാകുളത്തേക്കുള്ള തുരന്തോ എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരനിൽ നിന്ന് അനധികൃത പണവും സ്വർണവും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.1,48,58,000 രൂപയും 40 ലക്ഷം രൂപ വിലവരുന്ന സ്വർണവുമാണ് പിടികൂടിയത്.ഇതുമായി ബന്ധപ്പെട്ട് യാത്രക്കാരൻ രാജസ്ഥാൻ ഉദയ്പൂർ സ്വദേശി മഹേന്ദ്ര സിങ് റാവുവിനെ(33) മംഗളൂരു സെൻട്രൽ റെയിൽവെ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട്ട് പ്രവീൺ സിങിന്റെ ഉടമസ്ഥതയിലുള്ള ശുഭ് ഗോൾഡ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രവർത്തിക്കുന്നയാളാണ് താൻ എന്ന് റാവു വെളിപ്പെടുത്തിയതായി റയിൽവേ സുരക്ഷാ സേന അറിയിച്ചു.2000, 500നോട്ടുകളാണ് പഴയ പത്രത്തിൽ പൊതിഞ്ഞ ആറു കെട്ടുകളിലായി ഉണ്ടായിരുന്നത്.സ്വർണം മൂന്ന് പാക്കറ്റുകളിലും.
റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ മുന്നോടിയായി കർണാടകയിൽ റയിൽവെ സ്റ്റേഷനുകളിൽ സുരക്ഷാ പരിശോധന കർശനമാണ്.ഇതിന്റെ ഭാഗമായി ലഗേജുകളുടെ പരിശോധനക്കിടെയാണ് എസ്-നാല് കോച്ചിൽ യാത്രക്കാരനായ മഹേന്ദ്ര കുടുങ്ങിയത്.കൂടുതൽ അന്വേഷണം നടത്തിവരികയാണ്.