INDIA Main Banner SPECIAL STORY WOMEN

ദേശീയ ബാലികാ ദിനം: നവഭാരത ശില്പികളുടെ ശാക്തീകരണം

രേഖാ ശർമ്മ, അദ്ധ്യക്ഷ, ദേശീയ വനിതാ കമ്മീഷൻ

നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, പെൺകുട്ടികളുടെ ശാക്തീകരണം ഇന്ത്യയുടെ വളർച്ചയിൽ നിർണായകമാണെന്നത് സർവ്വരും അംഗീകരിക്കുന്ന ഒരു ആശയമാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് രാജ്യത്തെ പെൺകുട്ടികളെ ശാക്തീകരിക്കുന്നതിൽ ബദ്ധശ്രദ്ധരാണ്. പെൺകുട്ടികൾക്ക് അവരുടെ കഴിവുകൾ തിരിച്ചറിയാനും നേതൃഗുണങ്ങൾ പ്രകടിപ്പിക്കാനും അവസരമൊരുക്കുന്നതിന് മുൻഗണന നൽകുന്ന ഒരു പുതിയ ഇന്ത്യക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. നമ്മുടെ പ്രധാനമന്ത്രിയുടെ വിപ്ലവകരമായ ഈ കാഴ്ചപ്പാടിനനുസൃതമായി, വനിതാ വികസനം എന്നതിൽ നിന്ന് ‘വനിതകൾ നയിക്കുന്ന വികസന’ത്തിലേക്ക് ഇന്ത്യ മാറുകയാണ്; പുതിയ ഇന്ത്യയുടെ നേതാക്കളായി പെൺകുട്ടികളെ പുനർ വിഭാവനം ചെയ്തിരിക്കുന്നു; രാജ്യത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും സംഭാവന നൽകാനുമുള്ള അവസരങ്ങളോടൊപ്പം അവരുടെ കഴിവുകൾ തിരിച്ചറിയാനും അരങ്ങൊരുങ്ങിയിരിക്കുന്നു.

ഈ കാഴ്ചപ്പാടിന് അനുസൃതമായി, വിദ്യാഭ്യാസം, തൊഴിൽ, ശാക്തീകരണം എന്നീ മേഖലകളിൽ പെൺകുട്ടികൾക്ക് തുല്യ അവസരം എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും പരിപാടികളും സർക്കാർ ആവിഷ്‌ക്കരിച്ചു. സമൂഹ്യ പരിവർത്തനം സാധ്യമാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം ജനമനസ്സുകളെ പരിവർത്തനം ചെയ്യുക എന്നതാണ്. ഗവൺമെന്റിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (BBBP) പദ്ധതി സാധ്യമാക്കിയ ഉജ്ജ്വലമായ പരിവർത്തനം സമൂഹത്തിൽ ദൃശ്യമാണ്. ഒരു പെൺകുഞ്ഞിന്റെ ജനനത്തിനും അവളുടെ അവകാശങ്ങൾക്കും അനുഗുണമാംവിധം സമൂഹത്തിൽ അടിസ്ഥാനപരമായ പരിവർത്തനം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്. പെൺകുട്ടികൾക്കിടയിലെ വിദ്യാഭ്യാസത്തിന്റെ അഭാവം, പെൺ ഭ്രൂണഹത്യ തുടങ്ങിയ നിർണായക വിഷയങ്ങൾ BBBP പദ്ധതി അഭിസംബോധന ചെയ്യുന്നു. പെൺകുട്ടികൾക്കെതിരെയുള്ള മുൻവിധികളെ നിഷേധിക്കുന്നതിനും, പെൺകുട്ടികളെ ആഘോഷിക്കുന്നതിനുമുതകും വിധമുള്ള സാമൂഹിക നവോത്ഥാനത്തിലുമാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചത്. സമൂഹത്തിൽ ലിംഗ വിവേചനം വ്യാപകമാകുന്നതിലെ ദോഷങ്ങൾ പദ്ധതിയിലൂടെ ജനങ്ങളെ ബോധവത്ക്കരിച്ചു. ഭിന്നത ഇല്ലാതാക്കുന്നതിലും ലിംഗസമത്വത്തിലൂന്നിയ സമൂഹം സൃഷ്ടിക്കുന്നതിലും വഹിക്കേണ്ട പങ്കിനെക്കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കുന്നതിലും പദ്ധതി ശ്രദ്ധയൂന്നുന്നു.

‘ശുചിത്വ ഭാരതം: ശുചിത്വ വിദ്യാലയം’ എന്ന ആശയത്തിലൂന്നി ഒരു പ്രചാരണം ഗവൺമെന്റ് ആരംഭിക്കുകയുണ്ടായി. ഇത് വിദ്യാലയങ്ങളിൽ നിന്ന് പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിനു സഹായകമായി. ഇന്ത്യയിലെ എല്ലാ സ്‌കൂളുകളിലും ശുചിമുറികൾ ഉറപ്പുവരുത്തുകയും പെൺകുട്ടികൾക്കായി പ്രത്യേക ശൗചാലയങ്ങൾ നിർമ്മിക്കുകയും ചെയ്തു. സമഗ്ര വ്യക്തിവികാസത്തിലേക്ക് നയിക്കുന്നഅവരുടെ വിദ്യാഭ്യാസം പെൺകുട്ടികൾ പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായിരുന്നു ഇത്. പ്രത്യേക ശൗചാലയങ്ങളും ആർത്തവ ശുചിത്വത്തിനുള്ള സൗകര്യങ്ങളും പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതിനും കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിനും സഹായകമായി. പ്രത്യേക ശൗചാലയങ്ങൾ, ശുദ്ധജലം, മികച്ച ശുചിത്വ സൗകര്യങ്ങൾ എന്നിവ സ്‌കൂളുകളിൽ ലഭ്യമാകുന്നതോടെ, നമ്മുടെ പെൺമക്കളെ നേരത്തെ വിവാഹം കഴിച്ചയക്കുന്നതിനുള്ള സാധ്യത കുറയും.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും പെൺകുട്ടികൾ ആൺകുട്ടികൾക്ക് തുല്യമായി നിലകൊള്ളുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ എടുത്ത മറ്റൊരു സുപ്രധാന തീരുമാനമായിരുന്നു വിവാഹ പ്രായത്തിലെ തുല്യത. സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സായി ഉയർത്തിക്കൊണ്ട് ലിംഗസമത്വ നയങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുള്ള മറ്റൊരു മൂർത്തമായ ചുവടുവെപ്പ് കേന്ദ്രം അടുത്തിടെയാണ് സ്വീകരിച്ചത്. ചെറുപ്രായത്തിലുള്ള ഗർഭധാരണം, പോഷകാഹാരക്കുറവ്, ശാരീരികവും മാനസികവും വൈകാരികവുമായ ദുരുപയോഗം എന്നിവയ്ക്ക് ശൈശവവിവാഹം കാരണമാകുന്നു. സ്ത്രീകളുടെ സാമൂഹിക സംരക്ഷണവുമായി വിവാഹത്തെ ബന്ധപ്പെടുത്തുന്ന പിന്തിരിപ്പൻ ധാരണയ്ക്കും, സ്ത്രീകൾക്ക് ഭർത്താക്കന്മാരെക്കാൾ പ്രായം കുറവായിരിക്കണമെന്ന മുൻവിധികൾക്കും കേന്ദ്രത്തിന്റെ പുതിയ തീരുമാനം വിരാമമിടുമെന്ന് പ്രതീക്ഷിക്കുന്നു.

സമസ്ത മേഖലയിലും സ്ത്രീകൾ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. മുന്നോട്ടുള്ള പ്രയാണത്തിൽ കൂടുതൽ സ്ത്രീകളെ ശാക്തീകരിക്കാൻ പ്രാപ്തിയുള്ള അസംഖ്യം വനിതാ നേതാക്കളെ മുൻ നിരയിലെത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പെൺകുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് അനുസൃതമായി ദേശീയ വനിതാ കമ്മീഷൻ എപ്പോഴും പുതു സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട്. പെൺകുട്ടികളെ സ്വതന്ത്രരും തൊഴിൽ വൈദഗ്ദ്ധ്യമുള്ളവരുമായി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി, കമ്മീഷൻ ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്കായി രാജ്യവ്യാപകമായി നൈപുണ്യ വികസന, വ്യക്തിത്വ വികസന കോഴ്‌സ് ആരംഭിച്ചു കഴിഞ്ഞു. പദ്ധതിയ്ക്ക് കീഴിൽ, ദേശീയ വനിതാ കമ്മീഷൻ, കേന്ദ്ര, സംസ്ഥാന സർവ്വകലാശാലകളുമായി സഹകരിച്ച് വ്യക്തിഗത നൈപുണ്യം, പ്രൊഫഷണൽ കരിയർ വൈദഗ്ദ്ധ്യം, ഡിജിറ്റൽ സാക്ഷരത, സാമൂഹ്യ മാദ്ധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം എന്നിവയിൽ പെൺകുട്ടിളുടെ ശേഷി വർദ്ധിപ്പിച്ച് തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിന് സജ്ജമാക്കുന്നു. എല്ലാ മേഖലകളിലും നമുക്ക് കൂടുതൽ വനിതാ നേതാക്കളെ ആവശ്യമുണ്ട്. ദേശീയ വനിതാ കമ്മീഷൻ ആരംഭിച്ച കോഴ്സുകൾ പെൺകുട്ടികളെ സമർത്ഥരായ നേതാക്കളാക്കി മാറ്റും.

മെറ്റാ & സൈബർ പീസ് ഫൗണ്ടേഷൻറ്റെ സഹകരണത്തോടെ ആവിഷ്‌ക്കരിച്ച ‘വി തിങ്ക് ഡിജിറ്റൽ’ എന്ന പരിപാടിയിലൂടെ പെൺകുട്ടികളുടെ ഡിജിറ്റൽ സാക്ഷരത വർദ്ധിപ്പിക്കുന്നതിനായി കമ്മീഷൻ പ്രവർത്തിച്ചു വരുന്നു. 2018-ൽ ഡിജിറ്റൽ ശക്തി എന്ന പേരിൽ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ഇതിന് കീഴിൽ ഇന്ത്യയിലുടനീളം 60,000സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഡിജിറ്റൽ സാക്ഷരതയിലും ഓൺലൈൻ സുരക്ഷയിലും പരിശീലനം നൽകി. ഈ പരിപാടി രാജ്യവ്യാപക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയും, രണ്ട് മുൻ ഘട്ടങ്ങളിലായി 1,60,000-ത്തിൽ അധികം സ്ത്രീകളെയും പെൺകുട്ടികളെയും ബോധവത്ക്കരിക്കുകയും ചെയ്തു. പദ്ധതിയുടെ ഇപ്പോൾ പുരോഗമിക്കുന്ന മൂന്നാം ഘട്ടത്തിൽ 1,50,000 സ്ത്രീകളെയും പെൺകുട്ടികളെയും ബോധവത്ക്കരിക്കാൻ ലക്ഷ്യമിടുന്നു.

പെൺകുട്ടികൾക്ക് അവരുടെ നേതൃഗുണങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങളൊരുക്കി അവരെ കഴിവുറ്റവരാക്കാൻ പാതയൊരുക്കുകയാണ് നവ ഭാരതം. രാഷ്ട്ര വികസനത്തിൽ നിർണ്ണായക പങ്ക് വഹിക്കാൻ പെൺകുട്ടികൾ മുന്നോട്ട് വരുന്നത് അഭിമാനകരമാണ്. എല്ലാ മേഖലകളിലും മികച്ച വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയും സ്ത്രീ കേന്ദ്രീകൃത നയങ്ങൾ രൂപീകരിച്ചും ഗവൺമെൻറ് മുന്നോട്ടുപോകുന്നു. ലോക മഹാശക്തിയാകാനുള്ള നമ്മുടെ യാത്രയിൽ നാം ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ടെങ്കിലും പ്രതിലോമ മനോഭാവങ്ങളുടെ ചങ്ങലകൾ തകർക്കേണ്ടതുണ്ട്. സാമൂഹ്യ പരിവർത്തനത്തിന്റെ പതാകവാഹകരാകാൻ പെൺകുട്ടികൾ മുന്നോട്ട് വരേണ്ടതുണ്ട്. ഓരോ പെൺകുട്ടിക്കും, പശ്ചാത്തലഭേദമെന്യേ, അഭിവൃദ്ധി പ്രാപിക്കാനും മാന്യമായ ജീവിതം നയിക്കാനും വേണ്ട തുല്യഅവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. ഏത് പെൺകുട്ടിക്കും നേതൃസ്ഥാനത്തെത്താൻ തുല്യ അവസരമുള്ള ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നുവെന്ന് നാം ഉറപ്പാക്കണം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം എന്ന നമ്മുടെ പ്രധാനമന്ത്രിയുടെ സ്വപ്‌നം ഇതിലൂടെ നമുക്ക് സാക്ഷാത്കരിക്കാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *