ഇരയെന്ന ആനുകൂല്യം തനിക്ക് വേണ്ട, മുഖം കാണിച്ച് മുന്നോട്ട് വരുമെന്ന് ആക്രമിക്കപ്പെട്ട നടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഇര സ്വയം പേര് വെളിപ്പെടുത്തി പരസ്യമായി രംഗത്ത് വരും. തനിക്ക് നീതിയാണെന്നും തന്റെ പേര് ചർച്ചചെയ്യപ്പെടുന്നത് അപമാനമല്ല എന്നുമാണ് നടിയുടെ തീരുമാനമെന്ന്് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുന്നു. വിചാരണ കോടതിയിലെ രഹസ്യ വിചാരണ അടക്കം ദിലീപിന് ഗുണം ചെയ്തുവെന്നാണ് നടിയുടെ വിലയിരുത്തൽ. തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ ഇക്കാര്യമെല്ലാം നടി ഉടൻ വിശദീകരിക്കുമെന്നാണ് സൂചന.

തന്റെ പേര് പറഞ്ഞ് ചർച്ച ചെയ്യുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും ആ മാനസിക നഷ്ടം താൻ സഹിക്കാമെന്നുമുള്ള നിലപാട് നടി പരസ്യമായി പറയും. ഇരയുടെ ആനുകൂല്യത്തിൽ എല്ലാം രഹസ്യമായി ഇരിക്കുന്നതിനാൽ നീതി വൈകുന്നുവെന്നാണ് നടിയുടെ വിലയിരുത്തൽ. ആരാണ് നടിയെന്ന് എല്ലാവർക്കും അറിയാം. എന്നാൽ സാങ്കേതിക അർത്ഥത്തിൽ അത് പറയുന്നില്ലെന്ന് മാത്രം. ഇത് നടിക്കും അറിയാം. ഈ സാഹചര്യത്തിലാണ് മുഖം കാണിച്ച് പോരാട്ടത്തിന് നടി എത്തുന്നത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആദ്യം പുറത്തു വന്നത് നടിയെ തട്ടിക്കൊണ്ടു പോയി എന്ന വാർത്തയാണ്. അപ്പോൾ തന്നെ നടിയുടെ പേരും ഫോട്ടോയും ഉൾപ്പടെയാണ് വാർത്തകളെത്തിയത്.. പിന്നീടാണ് നടന്നതെന്തെന്ന് വ്യക്തമായത്. കേസിൽ ബലാത്സംഗ കുറ്റം ചുമത്തിയതോടെ നടിയുടെ പേരും ഫോട്ടോയുമെല്ലാം മാധ്യമങ്ങൾ പിൻവലിക്കുകയായിരുന്നു. പിന്നീട് ആരും അക്രമത്തിന് ഇരയായ പെൺകുട്ടിയുടെ പേര് പുറത്തു പറഞ്ഞില്ല. നടിയുടെ സ്വകാര്യതയ്ക്ക് വേണ്ടി വിചാരണ അടക്കം രഹസ്യമാക്കി. ഇതിന്റെ ആനുകൂല്യമെല്ലാം കിട്ടിയത് ദിലീപിനാണ്.
പൾസർ സുനി അടക്കം കോടതിയിൽ പറഞ്ഞതിന്റെ വിശദാംശങ്ങൾ എല്ലാം രഹസ്യമായി. ചില സാക്ഷികൾക്ക് നേരിടേണ്ടി വന്ന അപമാനം പോലും പുറത്തു വന്നില്ല. മാധ്യമങ്ങളെ പൂർണ്ണമായും ഒഴിവാക്കിയുള്ള വിചാരണയിൽ സിനിമാക്കാർ പോലും മൊഴി മാറ്റി കൂറുമാറി. ഇതൊന്നും പുറംലോകം ചർച്ച ചെയ്യുകയോ ന്യായാന്യായങ്ങളിലേക്ക് കടക്കുകയോ ചെയ്തില്ല. ഈ സാഹചര്യത്തിലാണ് നടി തന്റെ പേര് സ്വയം വെളിപ്പെടുത്തി ചർച്ചകൾ നടക്കണമെന്ന ആഗ്രഹം മുന്നോട്ട് വയ്ക്കാൻ പോകുന്നത്. എല്ലാവർക്കും ശിക്ഷ ഉറപ്പാക്കാനും മുന്നിൽ നിൽക്കും.
ഇരയെന്ന ആനുകൂല്യം തനിക്ക് വേണ്ടെന്നും കിട്ടേണ്ടത് നീതി മാത്രമാണെന്നും ബന്ധപ്പെട്ടവരെ നടി അറിയിച്ചതായാണ് സൂചന. ഫെയ്‌സ് ബുക്കിലൂടെ സ്വയം പേര് വെളിപ്പെടുത്തി രഹസ്യാത്മകത ഇല്ലാതാക്കുമെന്നും അറിയിച്ചിട്ടുണ്ട്. വിചാരണയടക്കം പരസ്യമായാലും തനിക്ക് നാണക്കേടില്ലെന്ന നിലപാടും സ്വീകരിക്കും. ദിലീപ് കേസിൽ ഇനി പോരാട്ടം ‘ഇര’ നേരിട്ട് നയിക്കുന്ന സാഹചര്യവും ഉണ്ടാകും. ഇത് കേസിനെ പുതിയ തലത്തിലേക്ക് എത്തിക്കുമെന്നാണ് വിലയിരുത്തൽ. ബന്ധുക്കളുടേയും സിനിമാ സുഹൃത്തുക്കളുടേയും പിന്തുണയിലാണ് ഈ നീക്കമെല്ലാം.