പ്രചാരണത്തിന് തുടക്കം കൈരാനയിൽ നിന്ന്, ഹിന്ദുക്കളുടെ കൂട്ടപാലായനം ആയുധമാക്കാനൊരുങ്ങി ബിജെപി

ലക്‌നൗ: ഹിന്ദുകുടുംബങ്ങൾ കൂട്ടപാലായനം ചെയ്ത ഉത്തർപ്രദേശിലെ കൈരാനയിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കൈരാനയിലെ ബി ജെ പി സ്ഥാനാർത്ഥിയായ മൃഗിൻകാ സിംഗിനു വേണ്ടി വോട്ടഭ്യർത്ഥിക്കാനാണ് അമിത് ഷാ കൈരാനയിൽ എത്തിയത്. പാലായനം ചെയ്തവരുടെ കുടുംബങ്ങളെയും അമിത് ഷാ സന്ദർശിച്ചു.

ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് വിളികളുടെ അകമ്പടിയോടെ അമിത് ഷാ ബി ജെ പിയുടെ ഭരണനേട്ടങ്ങൾ വിവരിക്കുന്ന നോട്ടീസുകൾ വിതരണം ചെയ്യുകയും വീടു വീടാന്തരം കയറി വോട്ടഭ്യർത്ഥിക്കുകയും ചെയ്തു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് ശേഷമുള്ള ബി ജെ പിയുടെ ആദ്യത്തെ രാഷ്ട്രീയ പരിപാടിയിൽ നിരവധി പ്രവർത്തകരാണ് പങ്കെടുത്തത്. എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയെന്ന വിമർശനം പരിപാടിയ്ക്ക് പിന്നാലെ ഉയർന്നിരുന്നു. ഇതിന് പിന്നാലെ ജില്ലാ ഭരണകൂടത്തെ വിമർശിച്ച് പ്രതിപക്ഷവും രംഗത്തുവന്നു.
പാർട്ടിയുടെ സ്ഥാനാർത്ഥി നിർണയം ബി ജെ പിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ വ്യക്തമായി സൂചിപ്പിക്കുന്നതാണ്. കൈരാനയിൽ നിന്നുള്ള മുൻ ബി ജെ പി എം പിയായ ഹുകും സിംഗിന്റെ മകളാണ് മൃഗിൻകാ സിംഗ്. 2016ൽ കൈരാനയിൽ നിന്ന് നിരവധി ഹിന്ദു കുടുംബങ്ങൾ പാലായനം ചെയ്തുവെന്ന ഹുകും സിംഗിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ദേശീയ ഭൂപടത്തിൽ കൈരാനയെ ഉൾപ്പെടുത്തിയിരുന്നു. സമാജ്വാദി പാർട്ടിയുടെ ഭരണകാലത്ത് കനത്ത ഭീഷണികൾക്കൊടുവിൽ അനേകം ഹിന്ദുക്കൾ ഇവിടെ നിന്നും പാലായനം ചെയ്തുവെന്നാണ് ബി ജെ പി ആരോപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബി ജെ പി ഈ വിഷയം വീണ്ടും ആയുധമാക്കുകയാണ് എന്നതിന്റെ തെളിവാണ് കൈരാനയിലെ അമിത് ഷായുടെ നേതൃത്വത്തിലുള്ള പ്രചാരണം. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ സംസ്ഥാനത്ത് ക്രമസമാധാന നില മെച്ചപ്പെട്ടുവെന്നാണ് ബി ജെ പിയുടെ വാദം.