മലബാർ കലാപത്തെ ചരിത്ര പശ്ചാത്തലത്തിലൂടെ ആവിഷ്‌കരിക്കുന്ന ‘അന്തിമഹാകാലം’ നോവൽ പ്രകാശനം ചെയ്തു

കോഴിക്കോട്: മലബാർ കലാപത്തെ സൂക്ഷ്മമായ ചരിത്ര പഠനത്തിലൂടെ ആവിഷ്‌കരിച്ചിട്ടുള്ള നോവലാണ് കെ.ജി. രഘുനാഥിന്റെ അന്തിമഹാകാലം എന്ന് പ്രശസ്ത ചരിത്രകാരൻ ഡോ.എം ജി എസ് നാരായണൻ അഭിപ്രായപ്പെട്ടു. എം.ജി.എസ്സിന്റെ ഭവനത്തിൽ നടന്ന ചടങ്ങിൽ നോവൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.പി ശ്രീധരനുണ്ണി നോവൽ ഏറ്റുവാങ്ങി. ചരിത്ര നോവലുകളിൽ സത്യസന്ധത പുലർത്തുക ദുഷ്‌കരമാണെങ്കിലും അന്തിമഹാകാലം വായിക്കുമ്പോൾ നോവലിസ്റ്റ് പുലർത്തിയിരിക്കുന്ന സത്യസന്ധത ശ്രദ്ധേയമാണെന്ന് ശ്രീധരനുണ്ണി പറഞ്ഞു.
ദുരവസ്ഥയിലെ നായികയായ സാവിത്രിയുടെ പേരക്കുട്ടിയെ അവതരിപ്പിച്ചുകൊണ്ട് എഴുതിയ നോവലിൽ ദളിത് പക്ഷത്തെ കുറെക്കൂടി ശക്തമായി അവതരിപ്പിക്കാമായിരുന്നുവെന്ന് കാലിക്കറ്റ് ബുക്ക് ക്ലബ്ബ് സംഘടിപ്പിച്ച നോവൽ ചർച്ച ഉദ്ഘാടനം ചെയ്തു കൊണ്ട് സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് ഖദീജ മുംതാസ് പറഞ്ഞു.

ആശാൻ ദുരവസ്ഥ എഴുതുന്ന കാലത്ത് അന്തർജ്ജനത്തെ ചാത്തന്റെ കുടിലിലെത്തിച്ചത് വിപ്ലവം ആയിരുന്നുവെങ്കിൽ, പുതിയ കാലത്ത് സാവിത്രിയുടെ പേരക്കുട്ടിയെ കലാപത്തിൽ രക്തസാക്ഷിയായ കൊളക്കാടൻ കൂഞ്ഞായിയുടെ പേരക്കുട്ടിയുമായി ഒന്നിപ്പിക്കുന്നതിലൂടെ മറ്റൊരു വിപ്ലവമാണ് നോവലിസ്റ്റ് സാധ്യമാക്കിയതെന്ന് നോവൽ അവതരിപ്പിച്ചുകൊണ്ട് എ. എസ്. ഹരീന്ദ്രനാഥ് പറഞ്ഞു.
ഡോ. എൻ.എം സണ്ണിയുടെ അദ്ധ്യക്ഷതയിൽ നടന്ന പുസ്തക ചർച്ചയിൽയിൽ കെ .ജി .രഘുനാഥ്, മുഹമ്മദ് ഷിയാസ് ക്യാപ്റ്റൻ ബിനോയി തുടങ്ങിയവർ സംസാരിച്ചു.