ബി.പി. മൊയ്തീന്റെ ഓർമ്മയിൽ ഈ പ്രണയതീരം അണിഞ്ഞൊരുങ്ങുന്നു

മുക്കം: മുക്കത്തിന്റെ അനശ്വര പ്രണയനായകൻ ബി. പി മൊയ്തീന്റെ പേരിൽ തെയ്യത്തും കടവിലുള്ള പാർക്ക് നവീകരിക്കുന്നതിനുള്ള രൂപരേഖ തയ്യറായി. തോണി അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിന് ഇടയിൽ മൊയ്തീൻ ജീവത്യാഗം ചെയ്ത കടവിലാണ് പാർക്ക്.

കാഞ്ചന മാലയുടെയും ബി.പി.മൊയ്തീന്റെ പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത ബി പി മൊയ്തീൻ പാർക്ക് ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള രൂപരേഖയാണ് തയ്യാറാക്കിയത്.
മൊയ്തീനെ അറിയുന്നവരുടെയും ആരാധിക്കുന്നവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിന് മുക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ കൂടിച്ചേരൽ സംഘടിപ്പിച്ചു. പാർക്ക് നവീകരണത്തിനായി ആർക്കിടെക്ട് ജാഫർ കക്കാട് തയ്യാറാക്കിയ രൂപകല്പന അടിസ്ഥാനമാക്കിയുള്ള ചർച്ചകളാണ് നടത്തിയത്.

വളരെ കുറച്ചു സ്ഥലം മാത്രമേ ഉള്ളൂ എന്ന പരിമിതി മറികടക്കും വിധം രൂപകൽപന ചെയ്യുക വലിയ വെല്ലുവിളിയായിരുന്നു. പ്രണയിക്കുന്നവർക്ക് മാത്രമല്ല, കുട്ടികൾക്കും കുടുംബങ്ങൾക്കും വന്ന് ആസ്വദിക്കാവും വിധമുള്ള സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ളതാണ് രൂപരേഖ.
മൊയ്തീനെ വായിച്ചെടുക്കാവുന്ന മൊയ്തീൻ ചുമർ, ഇരുവഞ്ഞിയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള കൽപ്പടവുകൾ, പുഴയെ നോക്കിനിൽക്കാനുള്ള ഗാലറി എന്നിവയും രൂപരേഖയിലുണ്ട്.
ഇതോടൊപ്പം പിലാക്കൽ ചീനി ച്ചുവട് ജംഷൻ മുതൽ തെയ്യത്തും കടവ് പാലം വരെ ഉള്ള 300 മീറ്റർ നീളമുള്ള റോഡ് ബി പി മൊയ്തീൻ സ്ട്രീറ്റായി നാമകരണം ചെയ്ത് വിനോദ സായാഹ്ന വിനോദത്തിനും പ്രഭാത സവാരിക്കും നൈറ്റ് മാർക്കറ്റിനും ഉതകുന്ന രീതിയിൽ നവീകരിക്കുന്നതാണ് പദ്ധതി.
റോഡിന്റെഇരുവശവും പൂന്തോട്ടവും ഇന്റർലോക്ക് പാകിയ നടപ്പാതയും വുഡൻ ഫിനിഷിഗ് ഇരിപ്പിടങ്ങളും ഒരുക്കും. മനോഹരമായ സ്ട്രീറ്റ് ലൈറ്റുകൾ, കാർ ബൈക്ക് പാർക്കിങ് ഏരിയ, ഫുഡ് കോർട്ടുകൾ, തെയ്യത്തും കടവ് പലത്തിന്റെ തൂണുകളിലും ഗാർഡർ ചുമരുകളിലും ചുവർചിത്രങ്ങൾ, പാർക്കിനോടു ചേർന്നുള്ള പുഴയോരത്ത് ചിൽഡ്രൻസ് പാർക്ക്, പഞ്ഞിമര തോട്ടം ,യുവജനങ്ങൾക്കായി റിവർസൈഡ് ഓപ്പൺ ജിം എന്നിവയും ഒരുക്കും.
ആലോചനായോഗത്തിൽ നഗരസഭ സെക്രട്ടറി എൻ കെ ഹരീഷ് പ്രവർത്തന രൂപരേഖയും ആർക്കിടെക്റ്റ് ജാഫർ കക്കാട് ഡിസൈൻ ലേഔട്ട് എന്നിവയും അവതരിപ്പിച്ചു. നഗരസഭാ കൗൺസിലർമാരായ അബ്ദുൽഗഫൂർ, ഫാത്തിമ കൊടപ്പന, സാറ കൂടാരം, എം മധു മാസ്റ്റർ, വേണു കല്ലുരുട്ടി, വേണുഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

രൂപരേഖ സംബന്ധിച്ച് ഹമീദ് ചേന്നമംഗലൂർ, നാസറുദ്ദീൻ ചേന്നമംഗല്ലൂർ, കെ. ടി നജീബ്, ഉബൈദുല്ല, ഉമ്മർകോയ,ബർക്കത്തുള്ള ഖാൻ മുർഷിദ് കെ, മുഹമ്മദ് അമ്പലത്തിങ്ങൽ എന്നിവർ മുന്നോട്ടുവെച്ച നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തുന്നതിനും രൂപരേഖയും നിർദ്ദേശങ്ങളും അടുത്ത നഗരസഭ കൗൺസിൽ യോഗത്തിൽ സമർപ്പിക്കുന്നതിനും തീരുമാനിച്ചു.