KERALA Main Banner TOP NEWS

ദിലീപിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്; മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്‌കുകളും പിടിച്ചെടുത്തു

റെയിഡ് എട്ടു മണിക്കൂർ നീണ്ടു; തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ വീട്ടിലും സഹോദരൻ അനൂപിന്റെ വീട്ടിലും നിർമ്മാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻ ഹൗസിലും ക്രൈംബ്രാഞ്ച് സംഘം റെയിഡ് നടത്തി.
എട്ടുമണിക്കൂർ നീണ്ട പരിശോധനയിൽ ദിലീപിന്റെതടക്കമുള്ള മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്‌കുകളും കസ്റ്റഡിയിലെടുത്തു. എത്രമൊബൈൽ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു എന്ന കാര്യം അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല. പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്‌കുകളും ഫോറൻസിക് സംഘം വിശദമായി പരിശോധിച്ച ശേഷമായിരിക്കും കേസിന്റെ നിർണായക തെളിവുകൾ ലഭിച്ചോ എന്ന കാര്യത്തിൽ വ്യക്തത വരുക. അന്വേഷണം സംഘം കണ്ടെത്തിയത് ഉൾപ്പടെയുള്ള തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്കും
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ കണ്ടെത്തുന്നതിനായാണ് പ്രധാനമായും പരിശോധന നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് ദിലീപ് ഭീഷണി മുഴക്കിയ സമയം ദിലീപിന്റെ കൈയിൽ തോക്കുണ്ടായിരുന്നുവെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തോക്കിനായും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
ആലുവ പറവൂർക്കവലയിലെ ദിലീപിന്റെ വീട്, സഹോദരന്റെ വീട്, സിനിമാനിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ കൊച്ചി ചിറ്റൂർ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് നിലവിൽ റെയ്ഡുകൾ നടത്തിയത്. ദിലീപിന്റെയും സഹോദരന്റെയും വീട്ടിൽ എസ്പി മോഹനചന്ദ്രനും ഗ്രാൻഡ് പ്രൊഡക്ഷൻസിൽ ഡിവൈഎസ്പി ബിജു പൗലോസിന്റെ നേതൃത്വത്തിലുമായിരുന്നു റെയ്ഡ്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനാ കേസിൽ രണ്ടാം പ്രതിയെന്ന നിലയിലാണ് അനുപിന്റെ വീട്ടിലെ പരിശോധനയെന്ന് എസ് പി മോഹനചന്ദ്രൻ വ്യക്തമാക്കി. റെയ്ഡ് നടക്കുന്നതിനിടെ ദിലീപും ആലുവയിലെ വീട്ടിലെത്തി. 2.30ഓടെ സ്വയം വാഹനമോടിച്ചാണ് ദിലീപ് വീട്ടിലെത്തിയത്
അന്വേഷണസംഘത്തെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുൻകൂർ ജാമ്യഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ് റെയ്ഡ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കാനായിരുന്നു പരിശോധന. ഒന്നാം പ്രതി ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
രാവിലെ 11.20 ഓടെയാണ് ദിലീപിന്റെ വീട്ടിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെത്തിയത്. കുറേ നേരം കാത്ത് നിന്നിട്ടും ഗേറ്റ് തുറന്നുകൊടുക്കാൻ വീട്ടുകാർ തയ്യാറായില്ല. പിന്നീട് ഉദ്യോഗസ്ഥർ ഗേറ്റ് ചാടിക്കടന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു. പിന്നീട് ദിലീപിന്റെ സഹോദരി എത്തി ഗേറ്റ് തുറന്നുകൊടുത്തു.
നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ഇതുവരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് സൈബർ വിദഗ്ധ സംഘം ദൃശ്യങ്ങൾ ഇവിടെയുള്ള കമ്പ്യൂട്ടറിൽ സേവ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *