CRIME STORY KERALA Second Banner TOP NEWS

നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

വിഐപി ആരെന്നും വെളിപ്പെടുത്തിയേക്കും;
വനിതാ കമ്മിഷനും ഇടപെടുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി കോടതി ഇന്ന് രേഖപ്പെടുത്തും. ഇതോടെ ദിലീപിനെതിരായ കുരുക്ക് മുറുകും.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ആണ് മൊഴിയെടുക്കുന്നത്. കേസിൽ തുടരന്വേഷണം നടത്തുന്ന പൊലീസിന് രഹസ്യമൊഴി നിർണായകമാണ്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം. കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരയെടക്കം അപായപ്പെടുത്താൽ ഗൂഢാലോചന നടത്തിയെന്നുമാണ് ആരോപണം.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഇന്നലെ വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. അതുവരെ അറസ്റ്റുണ്ടാകില്ലെന്ന് സർക്കാരും അറിയിച്ചിട്ടുണ്ട്. ഒന്നാം പ്രതി ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. കേസിൽ ഹാജരാകുന്ന മുതിർന്ന അഭിഭാഷകന് കൊവിഡായതിനാൽ ഹർജിയിൽ വിശദമായ വാദം മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ചാണ് ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. അതുവരെ അറസ്റ്റ് ഉണ്ടാകില്ലല്ലോയെന്ന് കോടതി സർക്കാരിനോട് ചോദിക്കുകയും ചെയ്തു. ഇതിന് മറുപടിയായിട്ടാണ് തൽക്കാലത്തേക്ക് അറസ്റ്റുണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചത്. പൊലീസ് കെട്ടിച്ചമച്ച കേസാണെന്നും നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ എഫ് ഐ ആറെന്നുമാണ് ദിലീപിന്റെ വാദം.
അതിനിടെ ദിലീപിനതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്ര കുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ സാക്ഷികളെ ദിലീപ് സ്വാധീനിച്ച് സംബന്ധിച്ച് തെളിവുകൾ കൈമാറിയെന്നാണ് മൊഴി നൽകിയ ശേഷം ബാലചന്ദ്രകുമാർ പറഞ്ഞത്. ഓഡിയോ റെക്കോഡുകൾ അടക്കമുള്ള തെളിവുകൾ കൈമാറിയിട്ടുണ്ട്. ശബ്ദം ദിലീപിന്റേതെന്ന് തെളിയിക്കാൻ സഹായകരമായ സംഭാഷണവും കൈമാറിയിട്ടുണ്ട്. ഇത് തെളിയിക്കാൻ 20 ഓഡിയോ റെക്കോഡുകൾ കൈമാറി. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ വിശദമായ തെളിവുകളുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
കേസിന്റെ അന്വേഷണത്തിൽ നിന്ന് ഡിജിപി ബി.സന്ധ്യയെ മാറ്റിനിർത്തണമെന്ന് നടൻ ദിലീപിന്റെ വീട്ടിലെത്തിയ ‘വിഐപി’ ഒരു മന്ത്രിയെ നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടതായി സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുണ്ട്. ‘കുറ്റപത്രം സമർപ്പിച്ച കേസിൽ എന്തുചെയ്യണമെന്ന് നമ്മൾ തീരുമാനിക്കു’മെന്ന വിഐപിയുടെ വാക്കുകളും മൊഴികളിൽ ബാലചന്ദ്രകുമാർ ഉദ്ധരിച്ചിട്ടുണ്ട്. ഇന്നു മജിസ്ട്രേട്ട് മുൻപാകെ നൽകുന്ന രഹസ്യമൊഴിയിൽ വിഐപിയാരാണെന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയേക്കും.
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനുള്ള പ്രതികളുടെ ഗൂഢാലോചനയിൽ വിഐപിയും പങ്കാളിയായ സാഹചര്യത്തിൽ കണ്ടാലറിയാവുന്ന ആറാം പ്രതിയായി എഫ്ഐആറിൽ ചേർത്തിരിക്കുന്നത് ഇയാളെയാണ്. ഈ വിഐപിയെ ചുറ്റിപ്പറ്റിയുള്ള സസ്പെൻസ് ഒഴിവാക്കാൻ ഇന്നലെയും ബാലചന്ദ്രകുമാർ തയാറായില്ല.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് ദിലീപ് വിവിധ ഇടങ്ങളിൽ വച്ച് പറഞ്ഞിരുന്നു. ഭീഷണി ഭയന്നാണ് പലരും ദിലീപിനെതിരെ സാക്ഷി പറയാത്തത്. നടിയെ ആക്രമിച്ച ദൃശ്യം പകർത്തിയ പെൻഡ്രൈവ് കൊണ്ടുകൊടുത്ത സാഗർ പണം വാങ്ങിയാണ് കൂറുമാറിയത്. ഇതിന് ശേഷവും സാഗർ പണം ആവശ്യപ്പെട്ടു. ഇതിന്റെ തെളിവുകളും കൈമാറിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ ദിലീപിനെതിരെ രംഗത്ത് വരുമെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താമെന്ന് പ്രതികളോട് പറഞ്ഞത് വിഐപിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഗൂഢാലോചനാക്കേസിലെ ആദ്യ അറസ്റ്റ് ‘വിഐപി’യുടെതാവാനാണു സാധ്യതയെന്നും വിലയിരുത്തലുകൾ പുറത്തുവരുന്നുണ്ട്.
അതേസമയം, ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കേസിലെ ഒന്നാം പ്രതി സുനിൽകുമാറിനെ (പൾസർ സുനി) ജയിലിൽ അന്വേഷണ സംഘം ചോദ്യം ചെയ്യും. സുനിയെ ദിലീപിന്റെ വീട്ടിൽ വച്ചു കണ്ടെന്നാണു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വച്ചും കണ്ടിട്ടുണ്ടെന്നു സുനി പറയുന്ന ഫോൺ ശബ്ദരേഖയും പുറത്തു വന്നിരുന്നു. ഇതേ തുടർന്നാണു സുനിയെ ചോദ്യം ചെയ്യാനുള്ള അനുമതിക്കായി വിചാരണക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
അതിനിടെ നടിക്കെതിരായ ആക്രമണത്തിൽ പുതിയ വെളിപ്പെടുത്തലുകൾ വന്ന പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി ആവശ്യപ്പെട്ടു. സാക്ഷികളുടെ കൂറുമാറ്റമുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും സതീദേവി പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *