KERALA PATHANAMTHITTA

പാറമട ഉടമയിൽ നിന്നും കൈക്കൂലി വാങ്ങി; ഡെപ്യൂട്ടി കലക്ടർക്കും സർവേയർക്കും സസ്‌പെൻഷൻ

പത്തനംതിട്ട: സർക്കാർ ഭൂമിയിലെ പാറകൈയേറ്റവും ഖനനവും കണ്ടെത്തുന്നതിന് ടോട്ടൽ സ്റ്റേഷൻ സർവേ നടത്തുന്നതിനിടെ ഖനനം തടസപ്പെടുത്താതിരിക്കാൻ ക്രഷർ യൂണിറ്റ് ഉടമയിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മൂന്നു വർഷത്തിന് ശേഷം വിജിലൻസ് കേസെടുത്തു. കേസിൽ പ്രതികളായ പത്തനംതിട്ട ലാൻഡ് റവന്യൂ ഡെപ്യൂട്ടി കലക്ടർ പിആർ ഷൈൻ, ജില്ലാ സർവേ സൂപ്രണ്ട് ഓഫീസിലെ സർവേയർ ഗ്രേഡ് -ഒന്ന് ആർ. രമേഷ്‌കുമാർ എന്നിവരാണ് സസ്‌പെൻഷനിലായത്. വിജിലൻസ് ഡയറക്ടറുടെ ശിപാർശ പ്രകാരം റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ജെ. ബിജു സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
2018 ൽ വള്ളിക്കോട് വില്ലേജിലെ ജെ ആൻഡ് എസ് ആൻഡ് അമ്പാടി ഗ്രാനൈറ്റ്‌സിന്റെ ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടി. അന്ന് യാതൊരു നടപടിയും ഈ പരാതിയിന്മേൽ ഉണ്ടായില്ല. മൂന്നു വർഷത്തിന് ശേഷം വിജിലൻസ് പത്തനംതിട്ട യൂണിറ്റ് ഇതേപ്പറ്റി അന്വേഷണം നടത്തുകയും കഴിഞ്ഞ ഒക്ടോബർ 13 ന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ സർവീസിൽ തുടരുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് കണ്ടാണ് സസ്‌പെൻഡ് ചെയ്യാൻ വിജിലൻസ് ഡയറക്ടർ കത്തു നൽകിയത്.
പരാതിക്ക് ഇടയാക്കിയ സംഭവം നടക്കുമ്പോൾ പി.ആർ. ഷൈൻ കോന്നി ഡെപ്യൂട്ടി തഹസിൽദാരും ആർ. രമേഷ്‌കുമാർ കോന്നി താലൂക്ക് ഓഫീസിൽ സർവേയർ ഗ്രേഡ്-രണ്ടുമായിരുന്നു. പുറമ്പോക്ക് ഭൂമിയിലെ പാറ കൈയേറ്റവും ഖനനവും കണ്ടെത്തുന്നതിനായി ടോട്ടൽ സ്റ്റേഷൻ സർവേ നടത്തിയിരുന്നു. ഈ സർവേ പൂർത്തിയാകുന്നതു വരെ പാറഖനനം നിർത്തി വയ്ക്കണമെന്നാണ് നിയമം. പാറഖനനം നിർത്തിവയ്ക്കാനുള്ള റിപ്പോർട്ട് കലക്ടർക്ക് നൽകാതിരിക്കാൻ വേണ്ടി ക്രഷർ ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *