CRIME STORY FILM BIRIYANI Main Banner SPECIAL STORY

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട മലയാളസിനിമയിലെ പ്രിയ നടിയെ ഓർക്കുന്നുവോ?

ശിവദാസ്.എ.


ക്വട്ടേഷൻ കൊടുത്ത് മലയാളത്തിലെ പ്രശസ്ത താരത്തെ ആക്രമിച്ച സംഭവം പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ചൂടുപിടിക്കുമ്പോൾ വർഷങ്ങൾക്കപ്പുറം ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പ്രിയനടിയെ ഓർത്തുപോകുകയാണ്. നാല് പതിറ്റാണ്ടുമുമ്പ് യുവാക്കളുടെ വികാരങ്ങൾക്ക് തീ പിടിപ്പിച്ച റാണി പത്മിനി. കത്തിജ്വലിക്കുന്ന സൗന്ദര്യവും ശാലീനമധുരമായ പ്രണയഭാവവും ഒത്തിണങ്ങിയ ഈ താരം സ്വന്തം അമ്മയുടെ കണ്മുൻപിൽ വച്ച് വളരെ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. 24 വയസ്സായിരുന്നു അന്ന് റാണി പത്മിനിക്ക്… അമ്മയും കൂടെ കൊല്ലപ്പെട്ടു… ഒരപസർപ്പക കഥപോലെയാണ് റാണി പത്മിനിയുടെ കൊലപാതകവാർത്തയുടെ ചുരുളഴിഞ്ഞത്.


ഒരു രാഷ്ട്രീയ നേതാവിന്റെ മകനുമായുള്ള റാണി പത്മിനിയുടെ പണമിടപാടുകളാണ് കൊലയ്ക്ക് പിന്നിലെന്നു അക്കാലത്ത് പറഞ്ഞു കേട്ടിരുന്നെങ്കിലും അതിനു തെളിവുകളൊന്നുമുണ്ടായിരുന്നില്ല.
മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുഗു ചിത്രങ്ങളിലും റാണി പത്മിനി ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങിനിന്നിരുന്നു. മലയാളത്തിൽ പി. ജി. വിശ്വംഭരന്റെ സംഘർഷം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഏകദേശം അഞ്ചുകൊല്ലത്തോളം അവർ മലയാള സിനിമയിൽ തിളങ്ങിനിന്നു.
ചെന്നൈയിലെ അണ്ണാ നഗറിൽ ചൗഡ്രിയുടെയും ഇന്ദിരയുടെയും ഏക മകളായിരുന്നു റാണി പ്തമിനി. പ്രശസ്തിക്കും പണത്തിനും നടുവിൽ കഴിയവേയാണ് റാണി പത്മിനിയും അമ്മ ഇന്ദിരയും അതിദാരുണമായി കൊല്ലപ്പെടുന്നത്.


ശരം, ബന്ധനം, കിളിക്കൊഞ്ചൽ, കഥയറിയാതെ, ആശ, ഇനിയെങ്കിലും, ആക്രോംശം, മനസ്സേ നിനക്ക് മംഗളം, കുയിലിനെത്തേടി, നസീമ, ഉയിർത്തെഴുന്നേൽപ്പ്, മരുപ്പച്ച എന്നിങ്ങനെ എണ്ണിയാലോടുങ്ങാത്ത ചിത്രങ്ങൾ റാണിപത്മിനിയുടേതായിട്ടുണ്ട്.


മദ്രാസിൽ അണ്ണാ നഗറിൽ അമ്മയോടൊപ്പം വാടകവീട്ടിൽ സ്ഥിരതാമസമാക്കിയ റാണി പത്മിനിയുടെ ജീവിതം സുഖലോലുപതയുടെ നടുവിലായിരുന്നു. ലക്ഷ്മി നരസിംഹൻ എന്ന വാച്ച്മാൻ, ജബരാജ് എന്ന ഡ്രൈവർ, ഗണേശൻ എന്ന പാചകക്കാരൻ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്…. കാർമോഷണക്കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിരുന്നു അന്നാളിൽ ജബരാജ് എന്നയാൾ. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു നരസിംഹനും ഗണേശനും.
മിക്ക രാത്രികളിലും അമ്മയും മകളും മദ്യപിക്കുന്നത് പതിവാണെന്ന് മനസ്സിലാക്കിയ ജബരാജ് പണത്തിനും സ്വർണത്തിനും വേണ്ടി ആദ്യം അമ്മയെ കുത്തിവീഴ്ത്തുകയായിരുന്നു. അതുകണ്ടു ഓടിയെത്തിയ റാണി പദ്മിനിയെ അമ്മയുടെ മുന്നിൽ വച്ച് അതിക്രൂരമായി ബലാൽസംഗം ചെയ്തു. തുടർന്ന് അവരെയും കുത്തികൊലപ്പെടുത്തുകയും ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളും പണവും കൈക്കലാക്കി മൂന്നുപേരും കൂടി സ്ഥലംവിടുകയായിരുന്നു.

1986 ഒക്ടോബർ 15നായിരുന്നു ഈ അരുംകൊല. പക്്‌ഷേ പുറംലോകം അറിഞ്ഞത് അഞ്ചുദിവസം പിന്നിട്ടിട്ടാണ്.
റാണി പത്മിനി വാടകയ്ക്ക് താമസിച്ചിരുന്ന ബംഗ്ലാവ് വിലയ്ക്കുവാങ്ങാനായി സംസാരിക്കാൻ ഒരു ബ്രോക്കറെ അവർ മുൻപേ ചുമതലപ്പെടുത്തിയിരുന്നു. അയാൾ വന്നു കോളിങ്‌ബെൽ അടിച്ചിട്ടും വാതിൽ തുറക്കാതായപ്പോഴാണ് വല്ലാത്ത ദുർഗന്ധം വീട്ടിനുള്ളിൽ നിന്നും വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ബ്രോക്കർ വീടിന്റെ പുറകുവശത്തിലൂടെ ഉള്ളിൽ കയറി നോക്കുമ്പോഴാണ് ചീഞ്ഞളിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടതും പുറംലോകം ഈ വിവരം അറിയുന്നതും. അന്വേഷണത്തിനൊടുവിൽ കൊലയാളികളായ മൂന്നുപേരെയും പോലീസ് പിടികൂടി. കോടതി ജീവപര്യന്തം അവരെ തടവിനും ശിക്ഷിക്കുകയും ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *