പൾസർ സുനിയുടെ ജയിലിലെ ഫോൺവിളി പുറത്ത്
(പുതിയ വെളിപ്പെടുത്തലുകൾ ശരിയെന്ന് പൾസർ സുനി)

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് കുരുക്കായി ജയിലിലെ ഫോൺ സംഭാഷണം പുറത്ത്.
കേസിലെ മുഖ്യപ്രതി പൾസർ സുനിയും സാക്ഷി ജിൻസണും തമ്മിൽ നടന്ന ഫോൺ സംഭാഷണമാണ് പുറത്തു വന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ സംഭവങ്ങൾ ഫോൺ സംഭാഷണത്തിൽ ശരിവെക്കുന്നുണ്ട്.
സംവിധായകൻ ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിൽ വെച്ചും ഹോട്ടലിൽ വെച്ചും കണ്ടിരുന്നതായി ഫോൺ സംഭാഷണത്തിൽ പൾസർ സുനി സമ്മതിക്കുന്നു. കേസിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്നും പത്രത്തിൽ കാണുന്നതല്ലാതെ ഒന്നും അറിയാൻ കഴിയുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് സംഭാഷണം തുടങ്ങുന്നത്. ഇപ്പോൾ തിരക്കിലാണോ എന്നും സുനി ജിൻസണോട് ചോദിക്കുന്നു.
ഇപ്പോൾ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയായി മാറിയതായി ജിൻസൺ പറയുന്നു. രാമചന്ദ്രൻ നായരോ, ബാലകൃഷ്ണൻ നായരോ, നിനക്ക് ആ പുള്ളിയുമായി പരിചയമുണ്ടോ എന്ന് ജിൻസൺ ചോദിക്കുന്നു. അപ്പോൾ അയാളെ രണ്ടു മൂന്നുവട്ടം കണ്ടിട്ടുണ്ട്. അത്രയേയുള്ളൂവെന്ന് പൾസർ സുനി മറുപടി പറഞ്ഞു.
ദിലീപിന്റെ വീട്ടിൽ വച്ചാണോ, ഹോട്ടലിൽ വെച്ചാണോ എന്ന ചോദ്യത്തിന്, വീട്ടിൽ വെച്ചും ഹോട്ടലിൽ വെച്ചും കണ്ടിട്ടുണ്ട് എന്ന് പൾസർ സുനി വ്യക്തമാക്കുന്നു. പിക്ക്പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടിട്ടുണ്ട്. അനൂപ് ആണ് പൾസർ സുനിയെ പരിചയപ്പെടുത്തിയതെന്നും ബാലചന്ദ്രകുമാർ പറയുന്നതായി ജിൻസൺ വ്യക്തമാക്കുന്നു. നിങ്ങൾ ഒരുമിച്ച് കാറിൽ സഞ്ചരിച്ചിരുന്നോ എന്നും ജിൻസൺ ചോദിക്കുന്നു.
അപ്പോൾ അത് മറ്റേ ഇതിന് പോയതായിരിക്കും, എന്നിട്ട് പുള്ളി എന്തൊക്കെയാ പറയുന്നേ എന്നും പൾസർ സുനി ജിൻസണിനോട് ചോദിക്കുന്നുണ്ട്. നിന്റെ കയ്യിൽ കുറച്ച് പണം തന്നതായി ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ജിൻസൺ പറയുന്നുണ്ട്. ബസിൽ പോകുമ്‌ബോൾ സൂക്ഷിച്ച് പോകണമെന്നും നിർദേശിച്ചിരുന്നുവത്രെ. അങ്ങനെയൊക്കെ ഉണ്ടായോ എന്നും ജിൻസൺ ചോദിച്ചു.
അത് ഞാൻ പറയാം, വേറൊരു കാര്യം കൂടിയുണ്ട്. കോടതിയിൽ കേസ് നിർത്തിവെച്ചിരിക്കുകയാണോ എന്നും പൾസർ സുനി ചോദിക്കുന്നു. പുനർവിചാരണ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസും പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജിൻസൺ പറയുന്നു. അപ്പോൾ അങ്ങനെ കൊടുക്കാൻ ചാൻസുണ്ടോയെന്ന് പൾസർ ചോദിക്കുന്നു. മാധ്യമങ്ങളിലൊക്കെ അങ്ങനെയാണ് പറയുന്നതെന്ന് ജിൻസൺ മറുപടിയും നൽകുന്നു.
ബാലചന്ദ്രകുമാർ എല്ലാം പക്കാ തെളിവോടുകൂടെയാണ് പറയുന്നത്. അയാളുടെ വാക്കു കേട്ടാൽ ഇതെല്ലാം നടന്നതു തന്നെയാണെന്ന് ഏതൊരാളും വിശ്വസിക്കുമെന്നും ജിൻസൺ പറഞ്ഞു. അനൂപും ദിലീപേട്ടനുമൊക്കെയായിട്ട് ഇയാൾ തെറ്റാനുള്ള കാരണമെന്താണെന്ന് പൾസർ സുനി ചോദിക്കുമ്‌ബോൾ, അതറിയില്ലെന്ന് ജിൻസൺ മറുപടിയും നൽകി.