FILM BIRIYANI KERALA Main Banner SPECIAL STORY

സ്വരരാഗ ഗംഗാപ്രവാഹമേ…
ഗാനഗന്ധർവ്വന് പിറന്നാൾ ആശംസകൾ

സതീഷ് കുമാർ വിശാഖപട്ടണം

കേരളം ലോകത്തിന് പല മഹാപ്രതിഭകളേയും സംഭാവന ചെയ്ത ചരിത്രമുണ്ട്. ആദി ശങ്കരാചാര്യർ, ശ്രീനാരായണഗുരു, ഇ.എം.എസ്.നമ്പൂതിരിപ്പാട്, രാജാരവിവർമ്മ, കെ.ആർ.നാരായണൻ, സ്വാതി തിരുനാൾ തുടങ്ങിയവരൊക്കെ സ്വന്തം കർമ്മമണ്ഡലങ്ങളിലൂടെ ലോകത്തിന് പുതിയ വെളിച്ചവും ആവേശവും പകർന്ന കേരളീയരായ പ്രതിഭാസമ്പന്നരാണ് .
ആ നിരയിലേക്ക് നിസ്സംശം ചൂണ്ടിക്കാട്ടാവുന്ന മറ്റൊരു പേരാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഗാന ഗന്ധർവ്വൻ കെ.ജെ.യേശുദാസ്.
കഴിഞ്ഞ അരനൂറ്റാണ്ടായി യേശുദാസിന്റെ ഗന്ധർവ്വ നാദം റേഡിയോ, ടിവി, തിയ്യറ്ററുകൾ, കമ്പ്യൂട്ടർ, മൊബെൽ ഫോൺ എന്നു വേണ്ട പഴയ കല്യാണ വീട്ടിലെ കോളാമ്പി മുതൽ തകർപ്പൻ ഡി ജെ പാർട്ടികളിലൂടെ വരെ മലയാളികളെ ഒരു നിഴൽ പോലെ പിന്തുടർന്നുകൊണ്ടേയിരിക്കുന്നു. യേശുദാസിന്റെ ഒരു പാട്ടെങ്കിലും മൂളാത്ത ഒരൊറ്റ ദിവസം പോലും നമ്മുടെ ജീവിതത്തിൽ കടന്നു പോകില്ലെന്നു കൂടി ഓർക്കുമ്പോഴാണ് ഈ അനശ്വരഗായകൻ മലയാളിയുടെ ജീവിതത്തിൽ സൃഷ്ടിച്ച സ്വാധീനം എത്രമാത്രമാണെന്നു് മനസ്സിലാകുന്നത്.
ഏറ്റവും രസകരമായ വസ്തുത ദൈവങ്ങൾപോലും അവരവരുടെ മതവിഭാഗങ്ങളിൽപ്പെട്ടവരുടെ ആരാധന മാത്രമാണ് പിടിച്ചുപറ്റുന്നതെങ്കിൽ യേശുദാസിന്റെ സംഗീതത്തിന് ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല, വർഗ്ഗഭേദമില്ല, പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ല, പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഉച്ചനീചത്വമില്ല. ഈ ഭൂമണ്ഡലത്തിൽ എവിടെയൊക്കെ മലയാളി ചെന്നെത്തിയിട്ടുണ്ടോ അവിടെയൊക്കെ യേശുദാസിന്റെ ഗന്ധർവ്വ നാദവും ചെന്നെത്തിയിട്ടുണ്ട് എന്നുള്ളത് ഏതൊരു മലയാളിക്കും അഭിമാനകരം തന്നെയാണ്.


1962-ൽ കാൽപ്പാടുകൾ എന്ന ചിത്രത്തിൽ കേരളത്തിന്റെ നവോഥാന നായകനായ ശ്രീനാരായണ ഗുരു രചിച്ച ‘ജാതിഭേദം മതദ്വേഷം ‘ എന്ന ശ്ലോകം പാടികൊണ്ടാണ് യേശുദാസ് പിന്നണി ഗാനരംഗത്ത് എത്തുന്നത്. എന്നാലും 1964 ഏപ്രിൽ 10-നു പ്രദർശനത്തിനു വന്ന ‘മണവാട്ടി ‘ എന്ന ചിത്രത്തിലെ ‘ ഇടയകന്യകേ പോവുക നീ….. ‘ എന്ന ഗാനമാണ് അദ്ദേഹത്തിന് ജനപ്രിയത നേടികൊടുത്തത്. ഇപ്പോഴും യേശുദാസ് തന്റെ ഗാനമേളകളിൽ ആദ്യമായി ആലപിക്കുന്നത് ഈ ഗാനം തന്നെയാണ്. 1964 -ൽ പ്രദർശനത്തിനെത്തിയ ഭാർഗ്ഗവി നിലയത്തിലെ ‘ താമസമെന്തേ വരുവാൻ….’ എന്ന മലയാളത്തിലെ ആദ്യത്തെ ഗസൽഗാനം അതിമനോഹരമായി പാടിക്കൊണ്ട് അതേവരെ മലയാളത്തിൽ പാടിയിരുന്ന എല്ലാ ഗായകരേയും യേശുദാസ് നിഷ്പ്രഭരാക്കിക്കളഞ്ഞു. ഈ ഗാനത്തിന്റെ വശ്യതയും ശബ്ദ സൗകുമാര്യവും കേട്ടിട്ടാണ് മലയാളഭാഷയിലെ ആദ്യ ജ്ഞാനപീഠ ജേതാവും പ്രിയ കവിയുമായ ജി.ശങ്കരക്കുറുപ്പ് യേശുദാസിനെ ‘ഗാന ഗന്ധർവ്വൻ’ എന്ന് വിശേഷിപ്പിച്ചത്. അന്നു മുതൽ അദ്ദേഹം കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ തന്നെ ഗാന ഗന്ധവർവ്വനായി മാറി. പിന്നത്തെ കൊല്ലം പുറത്തു വന്ന ‘റോസി ‘ എന്ന ചിത്രത്തിലെ ‘അല്ലിയാമ്പൽ കടവിലന്നരക്കു വെള്ളം …..’ എന്ന ഗാനം കെ.പി.ഉദയഭാനുവിനെ കൊണ്ട് പാടിപ്പിക്കാനാണ് സംഗീത സംവിധായകനായ ജോബ് തീരുമാനിച്ചിരുന്നത്. എന്നാൽ ഉദയഭാനുവിന് സുഖമില്ലാത്ത കാരണം അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ഈ ഗാനം യേശുദാസ് പാടുകയും പാട്ട് എക്കാലത്തേയുംസൂപ്പർ ഹിറ്റാവുകയും ചെയ്തതോടെ യേശുദാസ് അല്ലാതെ മറ്റൊരു ഗായകനെക്കുറിച്ച് ചിന്തിക്കാൻ പോലും ഇട നൽകാത്ത വിധത്തിൽ ഈ ഗായകൻ മലയാള ചലച്ചിത്ര സംഗീത ലോകത്ത് തന്റെ ആധിപത്യം സ്ഥാപിച്ചെടുത്തു. ഇടക്ക് വന്ന ഭാവഗായകനായ ജയചന്ദ്രനൊഴിച്ച് ഇന്നും യേശുദാസിന്റെ സ്വരമാധുരിയോടു കിടപിടിക്കുന്ന മറ്റൊരു ഗായകൻ നമുക്കുണ്ടായിട്ടില്ല എന്നുള്ളതല്ലേ യാഥാർത്ഥ്യം?


ഗായകനായിട്ടാണ് രംഗത്ത് വന്നതെങ്കിലും ഏതാനും ചില സിനിമകളിൽ യേശുദാസ് അഭിനയിക്കുക കൂടി ചെയ്തിട്ടുണ്ട്. സത്യൻ നായകനായി അഭിനയിച്ച ‘കായംകുളം കൊച്ചുണ്ണി ‘ എന്ന ചിത്രത്തിലെ ‘സുറുമ നല്ല സുറുമ ….’എന്ന ഗാനരംഗത്ത് പ്രത്യക്ഷപെടുന്ന സുറുമവില്പനക്കാരനാണ് ഇതിൽ ശ്രദ്ധേയമായത്. പി.ഭാസ്‌ക്കരൻ സംവിധാനം ചെയ്ത അച്ചാണി എന്ന ചലച്ചിത്രത്തിലെ ‘എന്റെ സ്വപ്‌നത്തിൻ താമര പൊയ്കയിൽ ….’ എന്ന ഗാനരംഗത്ത് യേശുദാസ് എന്ന ഗായകനായി തന്നെ ഇദ്ദേഹം പ്രത്യക്ഷപെട്ടത് അന്നൊരു പുതുമ തന്നെയായിരുന്നു.
1969-ലാണ് കേരള ഗവൺമെന്റ് ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ ഏർപ്പെടുത്തുന്നത്. നീലായുടെ കുമാരസംഭവം എന്ന ചിത്രത്തിലെ ‘പൊൻ തിങ്കൾ കല പൊട്ടു തൊട്ട ഹിമവൽ ശൈലാഗ്ര ശൃംഗത്തിൽ… ‘ എന്ന ഗാനമാലപിച്ചതിന്് മികച്ച ഗായകനുള്ള പുരസ്‌ക്കാരം ആദ്യമായി യേശുദാസിനാണ് ലഭിച്ചത്. അതൊരു തുടക്കം മാത്രമായിരുന്നു.പിന്നീട് ഇരുപത്തിയഞ്ചു തവണ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌ക്കാരം ഗാന ഗന്ധർവ്വനെ തേടിച്ചെന്നു.


കെ.ടി.മുഹമ്മതിന്റെ ‘അച്ഛനും ബാപ്പയും ‘ എന്ന ചിത്രത്തിലെ ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ദാർശനിക പ്രസക്തിയുള്ള ഗാനത്തിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചതോടു കൂടി ദേശീയ പുരസ്‌ക്കാരം നേടുന്ന ആദ്യ മലയാളി ഗായകനായി മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടൻ. മലയാളം തമിഴ് തെലുങ്ക് ഹിന്ദി ചിത്രങ്ങളിലെ ആലാപനങ്ങളിലൂടെ എട്ട് തവണ ദേശീയ പുരസ്‌ക്കാരം ഈ കാലയളവിനുള്ളിൽ യേശുദാസ് എന്ന ഗാനോപാസകനെ തേടിയെത്തിയിട്ടുണ്ട്
1964-ൽ ‘ബൊമൈമ ‘ എന്ന സിനിമയിൽ ‘ നീയും ബൊമൈമ ഞാനും ബൊമൈമ ‘ എന്ന ഗാനം പാടി കൊണ്ടാണു് തമിഴിലും യേശുദാസ് തന്റെ സംഗീതജൈത്രയാത്ര ആരംഭിച്ചത്. തെലുങ്കിൽ ദാസരി നാരായണ റാവുവിന്റെ മേഘ സന്ദേശം എന്ന ചിത്രത്തിലെ ‘ആകാശ ദേശാന ….’ എന്ന ഗാനത്തിനും ഹിന്ദിയിൽ ചിറ്റ് ചോർ എന്ന ചിത്രത്തിൽ രവീന്ദ്ര ജെയിൻ ഒരുക്കിയ ‘ഗോരി തേരാ ഗാവ് ബഡാ പ്യാരാ …..’ എന്ന ഗാനത്തിനുമൊക്കെ മികച്ച ഗായകനുള്ള ദേശീയ പുരസ്‌ക്കാരങ്ങൾ ലഭിച്ചതോടെ അക്ഷരാർത്ഥത്തിൽ അദ്ദേഹം ഭാരതത്തിന്റെ ഗാന ഗന്ധർവ്വ നായി മാറുകയായിരുന്നു.


ഹിന്ദി സിനിമാ ലോകത്തിന് യേശുദാസിനെ പരിചയപ്പെടുത്തിയ കവിയും സംഗീത സംവിധായകനും ഗായകനുമായിരുന്ന രവീന്ദ്ര ജെയിൻ ‘ഭാരതത്തിന്റെ ശബ്ദം ‘ എന്നാണ് ഈ മഹാഗായകനെ വിശേഷിപ്പിച്ചതെന്നോർക്കുക. ജന്മനാ അന്ധനായിരുന്ന രവീന്ദ്ര ജെയിൻ ഒരു പത്രലേഖകനുമായുള്ള അഭിമുഖത്തിൽ ‘എനിക്ക് കാഴ്ച്ച തിരിച്ചുകിട്ടിയാൽ കൊള്ളാമെന്നുണ്ട്…… യേശുദാസിനെ ഒന്ന് കാണാൻ ….’ എന്ന പ്രസ്താവന ആലാപനത്തിലൂടെ അദ്ദേഹം സൃഷ്ടിച്ചെടുത്ത നാദാബ്രഹ്മത്തിന്റെ മാസ്മരിക അനുഭൂതികളുടെ ആത്മപ്രകാശനമായിരുന്നു.
ഇന്ത്യയിൽ കാശ്മീരി ആസ്സാമിസ് ഭാഷകളൊഴിച്ച് മറ്റെല്ലാ ഭാഷകളിലും പാടാൻ അപൂർവ്വ ഭാഗ്യമുണ്ടായ ഗായകനാണ് യേശുദാസ് .കൂടാതെ ഇംഗ്ലീഷ് അറബി ലത്തീൻ റഷ്യൻ ഭാഷകളിൽ കൂടി പാടി ശുദ്ധ സംഗീതത്തിനു് ഭാഷയുടെ അതിർവരമ്പുകളില്ല എന്ന് ശക്തമായി തെളിയിക്കാനും ദാസേട്ടന് കഴിഞ്ഞു. ഇന്ത്യാ ഗവൺമന്റ് അദ്ദേഹത്തിന് പത്മശ്രീ, പത്മഭൂഷൻ, പത്മവിഭൂഷൻ തുടങ്ങിയ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. എന്നാൽ എന്തു കൊണ്ടോ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള ദാദാസാഹിബ് ഫാൽക്കേ പുരവസ്‌ക്കാരത്തിന് ഈ സംഗീത പ്രതിഭയെ ഇതുവരെക്കും പരിഗണിച്ചിട്ടില്ല എന്നുള്ളത് ഖേദകരമായ വസ്തുതയാണ്. യേശുദാസ് ഇന്ത്യൻ ചലച്ചിത്ര ഭൂമികയ്ക്ക് നൽകിയ സംഭാവനയുടെ നാലിലൊന്നു പോലും നൽകാത്തവർ പുരസ്‌ക്കാര തിളക്കത്തിൽ മിന്നിമറയുത് കാണുമ്പോൾ വിഷമം തോന്നാറുണ്ടെങ്കിലും പൊന്നിൻ കുടത്തിനെന്തിനാണ് പൊട്ട് എന്ന പഴമൊഴിയാണ് ഓർമയിൽ തെളിയുക.
ആലാപനത്തിൽ മാത്രമല്ല സംഗീത സംവിധാനത്തിലും യേശുദാസ് തന്റെ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. മുട്ടത്തു വർക്കിയുടെ ‘അഴകുള്ള സെലീന ‘ എന്ന നോവൽ കെ.എസ്.സേതുമാധവന്റെ സംവിധാനത്തിൽ ചലച്ചിത്രമാക്കിയപ്പോൾ ആ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത് യേശുദാസായിരുന്നു.
ചലച്ചിത്ര സംഗീതരംഗത്ത് മാത്രം ഒതുങ്ങി നിൽക്കാതെ കർണാടക സംഗീതരംഗത്തെ കുലപതിയായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായി സംഗീതകച്ചേരികളിലൂടെ ആ മേഖലയിലും യേശുദാസ് നിറസാന്നിദ്ധ്യമായി മാറി. അദ്ദേഹം സ്ഥാപിച്ച ‘തരംഗിണി ‘ സ്റ്റുഡിയോ കേരള ത്തിന്റെ സംഗീത പാരമ്പര്യത്തിനും സംഗീത പ്രതിഭകൾക്കും കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാൻ നിമിത്തമായി തീർന്നിട്ടുണ്ട്.
ശ്രീനാരായണ ഗുരുവിന്റെ ശ്ലോകം പാടികൊണ്ട് തന്റെ സംഗീത ജീവിതം ആരംഭിച്ചതിനാലാകാം ജീവിതത്തിലും ജാതിമത ചിന്തകൾക്കതീതമായ വീക്ഷണങ്ങൾ തന്നെയാണ് യേശുദാസ് പിന്തുടരുന്നത്. പള്ളികളിലെന്നപോലെ ശബരിമലയിലും മൂകാംബികയിലും അദ്ദേഹം ഈശ്വരചൈതന്യം ദർശിക്കുന്നു.
എന്നാൽ ഭക്തനായ യേശുദാസ് പലവട്ടം ആഗ്രഹം പ്രകടിപ്പിച്ചിട്ടും കേരളത്തിലെ സാംസ്‌ക്കാരിക പ്രമുഖർ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഗുരുവായൂരിൽ അദ്ദേഹത്തിന് ക്ഷേത്ര ദർശനം നടത്താൻ കഴിഞ്ഞിട്ടില്ലെന്നുള്ളത് മറ്റൊരു വേദനിപ്പിക്കുന്ന സത്യമാണ്. മലയാളത്തിന്റെ പ്രിയകവി വയലാർ രാമവർമ്മ ആ വേദനയിൽ നിന്നെഴുതിയ ഗാനമാണ് ഒതേനന്റെ മകൻ എന്ന ചിത്രത്തിലെ ‘ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം പോകും…. ‘ എന്ന പ്രശസ്ത ഗാനം. ലോക ചരിത്രത്തിൽ ഒരു ഗായകന്റെ ആത്മസാക്ഷാത്ക്കാരത്തിനായി ഒരു കവി എഴുതുതിയ ഈ അക്ഷര വിപ്ലവഗാനം കാലത്തിന്റെ ചുമരെഴുത്തുകളായി നാളെ ഒരു പക്ഷേ വിലയിരുത്തപ്പെട്ടേക്കാം.
എൺപത്തിയൊന്നാം പിറന്നാളാഘോഷിക്കുന്ന ഗന്ധർവ്വ ഗായകന് പിറന്നാളാശംസകൾ …..
( സതീഷ് കുമാർ വിശാഖപട്ടണം
9030758774 )

Related Posts

Leave a Reply

Your email address will not be published. Required fields are marked *