എഴുത്തിൽ ഹാസ്യം വിതറിയ അച്ഛന്റെ മകൻ സിനിമയിൽ പൊട്ടിച്ചിരിയുടെ തമ്പുരാനായി

ശിവദാസ്.എ.

മനസ്സ് തുറന്ന് പൊട്ടിച്ചിരിക്കാനാണ് പണ്ടൊക്കെ ആളുകൾ അടൂർഭാസി അഭിനയിച്ച ചിത്രങ്ങൾ കാണാൻപോകുക. ഓരോ സിനിമയിലും ഭാസിയുടെ വക പൂത്തൻ നമ്പറുകൾ കാണും… ആ നോട്ടവും ചിരിയും കുടവയറും… കാണുമ്പോൾതന്നെ പ്രേക്ഷകർ ചിരി തുടങ്ങുമായിരുന്നു… എഴുന്നൂറോളം സിനിമകളിലാണ് അടൂർഭാസി പൊട്ടിച്ചിരിയുടെ മധുരം പകർന്നത്…
‘ഒരു രൂപാ നോട്ടുകൊടുത്താൽ ഒരു ലക്ഷം കൂടെപ്പോരും…’, ‘തള്ള്..തള്ള്..തള്ള്..തള്ള്… തന്നാസുവണ്ടീ… തള്ള്… തള്ള്.. തള്ള്… തള്ളീ ..തല്ലിപ്പൊളിവണ്ടീ…ഈ തല്ലിപ്പൊളി വണ്ടീ…’, ‘കുരുവിപ്പെട്ടി നമ്മുടെ പെട്ടി കടുവാപ്പെട്ടിക്കോട്ടില്ല….’ എന്നിങ്ങനെ സ്വന്തം പാട്ടുകളിലൂടേയും അടൂർ ഭാസി പ്രേക്ഷക മനസ്സിൽ ഇടം നേടിയിരുന്നു… മലയാള സിനിമയിലെ ഹാസ്യത്തിന്റെ തമ്പുരാനായിരുന്നു ഈ നടൻ.

കലാരംഗത്തും സാഹിത്യരംഗത്തും പാരമ്പര്യമായി പകർന്നുകിട്ടിയ സൗഭാഗ്യം കൊണ്ട് പേരും പ്രശസ്തിയും നേടിയ നടൻ. പ്രശസ്ത ഹാസ്യസാഹിത്യകാരനായ ഇ.വി. കൃഷ്ണപിള്ളയുടെയും ബി. മഹേശ്വരിയമ്മയുടെയും നാലാമത്തെ മകനായി അടൂർ പെരിങ്ങനാട്ട് ചെറുതെങ്ങിലഴികത്ത് തറവാട്ടിലാണ് കെ ഭാസ്‌കരൻ നായർ എന്ന അടൂർ ഭാസി ജനിച്ചത്. പ്രശസ്ത സാഹിത്യകാരൻ സി.വി. രാമൻ പിള്ളയുടെ മകളാണ് അടൂർ ഭാസിയുടെ അമ്മ.
കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ടെക്സ്‌റ്റൈൽ ടെക്‌നോളജി പഠിച്ച അടൂർ ഭാസി കുറച്ചുകാലം മധുരൈ മിൽസ് ലിമിറ്റഡിൽ ജോലി ചെയ്തു.

തിരുവനന്തപുരം ആകാശവാണിയിൽ ഉദ്യോഗത്തിലിരിക്കുമ്പോൾ പ്രശസ്ത സാഹിത്യകാരനായിരുന്ന ടി എൻ ഗോപിനാഥൻനായരെ പരിചയപ്പെട്ടു. അദ്ദേഹം പത്രാധിപരായിരുന്ന ‘സഖി’ വാരികയിൽ സഹപത്രാധിപരായി നിയമിതനായി. അക്കാലത്ത് തിരുവനന്തപുരത്തെ പ്രശസ്ത അമച്വർ നാടക സംഘടനയായ കലാവേദിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ടി. ആർ. സുകുമാരൻനായർ, ടി.എൻ ഗോപിനാഥൻനായർ, ജഗതി എൻ.കെ. ആചാരി, നാഗവള്ളി ആർ.എസ് കുറുപ്പ്, പി.കെ വിക്രമൻനായർ തുടങ്ങിയവരോടൊപ്പം നാടകരംഗത്ത് ദീർഘകാലം പ്രവർത്തിച്ചു.

നസീർ, സത്യൻ എന്നിവർക്കൊപ്പം ‘ത്യാഗസീമ’ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
1961ൽ രാമു കര്യാട്ടിന്റെ ‘മുടിയനായ പുത്ര’നിൽ അഭിനയിച്ചത്തോടെയാണ് ഭാസി സിനിമയിൽ തന്റെ ഇരിപ്പിടം ഉറപ്പിക്കുന്നത്.
‘ ആദ്യപാഠം’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായകന്റെ മേലങ്കി അണിയുന്നത്. നിരവിധി ചിത്രങ്ങളിൽ ഗായകനായും അദ്ദേഹം തിളങ്ങി.

കുറ്റവാളി, കരിമ്പന, ഇതാ ഒരു മനുഷ്യൻ എന്നീ ചിത്രങ്ങളിൽ ഭാസി വില്ലൻ വേഷത്തിലും അഭിനയിച്ചു. കൊട്ടാരം വിൽക്കാനുണ്ട്, ലങ്കാദഹനം, റെസ്റ്റ് ഹൗസ് എന്നീ ചിത്രങ്ങളിൽ ഇരട്ട വേഷങ്ങളിലായിരുന്നു അഭിനയം. രഘുവംശം, അച്ചാരം അമ്മിണി ഓശാരം ഓമന,
ആദ്യപാഠം എന്നിവ അടുർഭാസി സംവിധാനം ചെയ്ത ചിത്രങ്ങളാണ്.
ബാലചന്ദ്രമേനോന്റെ ‘ഏപ്രിൽ 18 ‘എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയ അദ്ദേഹം ആ ചിത്രത്തിലെ അഴിമതി നാറാപിള്ള എന്ന കഥാപാത്രത്തിലൂടെ 1984-ലെ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.
ചട്ടക്കാരി, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ എന്നീ ചിത്രങ്ങൾക്ക് മികച്ച നടനുള്ള അവാർഡും രാഗം എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡും ലഭിച്ചു.
പ്രേംനസീറിനൊപ്പമാണ് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത്.
അടൂർ ഭാസിയുടെ ജോഡിയായി ഏറ്റവും കൂടുതൽ തവണ അഭിനയിച്ചിട്ടുള്ളത് ശ്രീലതയാണ്.
അവിവാഹിതനായിരുന്ന അദ്ദേഹം 1990 മാർച്ച് 29- ന് വൃക്കരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.