കൊറഗ വേഷം കെട്ടിയ പുതിയാപ്ലക്ക് എതിരെ കർണ്ണാടകയിൽ കേസ്സ് ;
മാപ്പുപറഞ്ഞ് മലയാളി യുവാവ്

മംഗളൂരു:പ്രാക്തന ഗോത്ര വർഗ്ഗമായ കൊറഗ വിഭാഗത്തിന്റെ ആരാധനാ മൂർത്തി’കൊറഗജ്ജ’യുടെ വേഷത്തിൽ കേരളത്തിൽ നിന്നെത്തിയ നവവരനെതിരെ വിട്ടൽ പൊലീസ് കേസെടുത്തു.മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കൽ,മത വിഭാഗങ്ങളെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കാസർകോട് കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ ഉമറുല്ല ബാത്തിഷിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്.

ബണ്ട്വാൾ കൊൾനാട് ഗ്രാമത്തിൽ സലെത്തൂരിലെ വധൂഗൃഹത്തിലേക്ക് വ്യാഴാഴ്ച രാത്രിയാണ് പുതിയാപ്ലയെ ചങ്ങാതിമാർ ആനയിച്ചു കൊണ്ടുവന്നത്.മുഖത്ത് കരിപുരട്ടിയ വരനെ കൊറഗജ്ജക്ക് സമാന ഹാരങ്ങൾ അണിയിക്കുകയും പാളത്തൊപ്പി ധരിപ്പിക്കുകയും ചെയ്തിരുന്നു.പ്രത്യേക രീതിയിൽ നൃത്തം ചെയ്താണ് വരനും സംഘവും ആഗതരായത്.
ഈ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കൊറഗരേയും ഹിന്ദുവായി പരിഗണിച്ച് കർണ്ണാടകയിൽ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധം ആരംഭിച്ചു.മത സംസ്‌കാരത്തിന് നിരക്കാത്ത ആഭാസം എന്ന വിമർശം കേരളത്തിലും ഉയർന്നു.ഇതിനിടെയാണ് ബണ്ട്വാളിലെ യുവാവ് നൽകിയ പരാതിയിൽ ഞായറാഴ്ച പൊലീസ് കേസെടുത്തത്.സംഭവം വിവാദമായതോടെ വരൻ ക്ഷമാപണം നടത്തി വീഡിയോ സന്ദേശങ്ങൾ പ്രചരിപ്പിച്ചു.’ഒരു മതത്തേയും വ്രണപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ അല്ല എന്റെ സുഹൃത്തുക്കൾ ഈ പ്രവൃത്തി ചെയ്തത്.കൊറഗ സമുദായത്തെയോ മറ്റേതെങ്കിലും ജാതിയേയോ വേദനിപ്പിക്കാൻ ഉദ്ദ്യേശിച്ചില്ല’-വീഡിയോ സന്ദേശത്തിൽ പറഞ്ഞു.