ERNAKULAM KERALA

ചരിത്രപ്രസിദ്ധമായ കാഞ്ഞൂർ പള്ളിയിലേക്ക് തീത്ഥാടകപ്രവാഹം

ബിജ്നോർ ആർച്ച് ബിഷപ്പ് സന്ദർശനം പൂർത്തിയാക്കി മടങ്ങി

കൂവപ്പടി ജി. ഹരികുമാർ

കാലടി: പെരുന്നാളടുത്തതോടെ ചരിത്രപ്രസിദ്ധമായ കാഞ്ഞൂർ പള്ളിയിലേയ്ക്ക് തീർത്ഥാടകപ്രവാഹം തുടങ്ങി. എല്ലാവർഷവും ജനുവരി 19, 20 തീയതികളിൽ പെരുന്നാളും 26നും 27നും എട്ടാമിടാചരണവുമായാണ് ഇവിടത്തെ ആഘോഷങ്ങൾ.

കാഞ്ഞൂർ സെന്റ്മേരീസ് ഫൊറോനാപ്പള്ളിയുടെ ആകാശദൃശ്യം.


എറണാകുളം – അങ്കമാലി അതിരൂപതയിലെ കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുരൂപം വിശ്വാസികൾക്ക് ‘വിളിച്ച് വിളികേട്ട’ പുണ്യവാളനാണ്. ഇതിനു പിന്നിലൊരു ഐതിഹ്യ കഥയുണ്ട്. 1790-ൽ ടിപ്പു സുൽത്താൻ കാഞ്ഞൂർ പള്ളി അക്രമിക്കുവാൻ പടയുമായി എത്തി. ടിപ്പുവിന്റെ പട വരുന്നതറിഞ്ഞ ഇടവക ജനങ്ങൾ ഓടിക്കൂടി വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപത്തിനു മുന്നിൽ നിന്ന് കരഞ്ഞു പ്രാർത്ഥിക്കുവാൻ തുടങ്ങി. പള്ളിയെ അക്രമിക്കുവാൻ ടിപ്പു കല്പന കൊടുത്തപ്പോൾ പുണ്യവാന്റെ അത്ഭുത ശക്തിയെക്കുറിച്ച് ഭക്തജനങ്ങൾ സുൽത്താനോട് പറഞ്ഞു. അതു കേട്ട സുൽത്താൻ പറഞ്ഞു. ‘ഈ കളിമൺ പ്രതിമക്ക് അത്ഭുത ശക്തി ഉണ്ടെങ്കിൽ പുണ്യവാൻ നമ്മോട് നേരിട്ട് സംസാരിക്കട്ടെ’ എന്ന് .അപ്പോൾ ഭക്തജനങ്ങൾ കൂട്ട നിലവിളിയോടെ ‘ കാഞ്ഞൂർ പുണ്യവാനേ….! ഞങ്ങളെ കാത്തുകൊള്ളണേ ….’ എന്ന് വിളിച്ചപേക്ഷിച്ചു. ‘എനിക്ക് ഇവിടെ ഇരുന്നുകൂടേ’ എന്ന് ഉച്ചത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപത്തിൽ നിന്ന് ശബ്ദം പുറത്തേയ്ക്ക് വന്നുവത്രെ. ഇതു കേട്ട് അത്ഭുതപ്പെട്ട ടിപ്പു സുൽത്താൻ കാഞ്ഞൂർ പള്ളിയെ ആക്രമിക്കാതെ തിരിച്ചു പോയന്നാണ് പഴമക്കാരുടെ ഭാഷ്യം.

കൊത്തുപണികളാൽ അലംകൃതമായ കാഞ്ഞൂരിലെ വി. സെബാസ്ത്യാനോസ് പുണ്ണ്യവാളന്റെ അൾത്താര


പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലാണ് പള്ളിയെങ്കിലും വിശുദ്ധ പുണ്യവാളന്റെ അത്ഭുതപ്രവൃത്തികളുടെ വിശ്വാസകഥകൾ കെട്ടാൻ നാനാജാതിമതസ്ഥർ കാഞ്ഞൂരിൽ എത്തുന്നത്. ഭാരതത്തിൽ മറ്റെങ്ങും കാണാത്ത ഉദയസൂര്യനോളം തേജസ്സുറ്റ ഇവിടത്തെ സെബസ്ത്യാനോസിന്റെ പുണ്ണ്യരൂപം ഇറ്റലിയിലെ മീലാനിൽ നിർമ്മിച്ച് എ.ഡി. 600-ൽ പോർച്ചുഗീസ് മിഷനറിമാർ കാഞ്ഞൂർ പള്ളിയിൽ കൊണ്ടുവന്നു സ്ഥാപിച്ചതാണ്. വലിയ അത്ഭുതശക്തിയുള്ള തിരുരൂപം, രൂപക്കൂട്ടിൽനിന്നും പുറത്തിറക്കാറില്ല. പോർച്ചുഗീസിൽ നിന്നും കപ്പലിൽ മൂന്ന് രൂപങ്ങളാണ് കൊണ്ടുവന്നത്. ഒന്ന് കാഞ്ഞൂരിലേക്കും, രണ്ടാമത്തേത് അർത്തുങ്കൽ പള്ളിയിലേക്കും പിന്നെ അതിരമ്പുഴ പള്ളിയിലേക്കും.ഏതു സ്വരൂപമാണ് കാഞ്ഞൂർ പള്ളിയിലേക്കെന്ന ചിന്താ കുഴപ്പത്തിൽ കപ്പലിൽ വെച്ചു തന്നെ ഒരു രൂപം കാഞ്ഞൂരിനെ ലക്ഷ്യമാക്കി വടക്കു കിഴക്കായി സ്വയം തിരിഞ്ഞെന്നും വാമൊഴി.
കാഞ്ഞൂർ പള്ളിയിലെ തിരുന്നാൾ പ്രദക്ഷിണം വളരെയേറെ പ്രസിദ്ധമാണ്. ഏഷ്യയിലെ ഏറ്റവും വലിയ 3 പ്രദക്ഷിണങ്ങളിൽ ഒന്നാണ് ഇവിടത്തേത്. ചരിത്ര സ്മാരകമായി നിലകൊള്ളുന്ന കാഞ്ഞൂർ പള്ളികാണാൻ വിദേശികളടക്കമുള്ളവർ എത്താറുണ്ട്. എ.ഡി.1001-ലാണ് കാഞ്ഞൂർ ഫൊറോനാ പള്ളി സ്ഥാപിച്ചത് എന്ന് ക്രിസ്തവ ഡയറക്ടറികളിലും എറണാകുളം – അങ്കമാലി അതിരൂപതാ ആസ്ഥാ
നത്തെ ചരിത്രരേഖകളിലും കാണുന്നു. അപൂർവ്വങ്ങളായ പല താളിയോലഗ്രന്ഥങ്ങളും പതിനെട്ടാം നൂറ്റാണ്ടിൽ പണിത ഇവിടത്തെ പള്ളിമേടയിൽ സൂക്ഷിക്കപ്പെട്ടിണ്ട്. തീർത്ഥാടകരെ അത്ഭുതപ്പെടുത്തുന്ന കൊത്തുപണികളുള്ള പ്രസംഗപീഠം ഇവിടത്തെ മറ്റൊരു വിസ്മയ കാഴ്ചയാണ്. ഒറ്റക്കല്ലിൽ തീർത്ത ഒരു മാമ്മോദീസ തൊട്ടിലുണ്ടിവിടെ.

ബിജ്നോർ ആർച്ച് ബിഷപ്പ് ഫാ. വിൻസെന്റ് നെല്ലായിപ്പറമ്പിൽ പള്ളിയിലെ
ഒറ്റക്കല്ലിൽ തീർത്ത മാമ്മോദീസ തൊട്ടിൽ നോക്കിക്കാണുന്നു

അതുപോലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കൽക്കുരിശും. പള്ളിയെ ചുറ്റിപ്പറ്റി ശക്തൻതമ്പുരാനുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം കൂടി ഉണ്ട്.
ശക്തൻ തമ്പുരാൻ ജനിച്ചത് കാഞ്ഞൂർ പള്ളിയിൽ നിന്ന് ഒരു വിളിപ്പാടകലെയുള്ള വെള്ളാരപ്പിള്ളി കോവിലകത്താണ്.ഒരിക്കൽ തമ്പുരാൻ പള്ളിയുടെ മുൻപിലൂടെ കുതിരപ്പുറത്ത് എഴുന്നെള്ളുമ്പോൾ പള്ളിയുടെ പടിപ്പുരയിൽ ഇരുന്ന ഒരാൾ തമ്പുരാനെ എഴുന്നേറ്റ് വണങ്ങിയില്ല. ഇതിൽ കോപിഷ്ടനായ തമ്പുരാൻപള്ളിയുടെ പടിപ്പുര പൊളിച്ച് കളയുവാൻ ഉത്തരവ് നൽകി. ഭൃത്യൻമാർ പടിപ്പുര പൊളിക്കുവാൻ തുടങ്ങിയപ്പോൾ, കോവിലകത്തെ ആന കോവിലകത്തെ പടിപ്പുര തകർക്കുവാൻ തുടങ്ങി. കാഞ്ഞൂർ പള്ളിയിലെ സെബസ്ത്യാനോസ് പുണ്യവാൻ അത്ഭുതശക്തിയുള്ള ദിവ്യനാണന്നും, അവിടത്തെ കോപമാണ് ഇതിനു കാരണമെന്നും വെളിച്ചപ്പാട് തമ്പുരാനെ ബോധിപ്പിച്ചു. ഇതു കേട്ട തമ്പുരാന് വിശ്വാസം വരികയും പ്രായശ്ചിത്തമായി ഒരു ആനവിളക്ക് പുണ്ണ്യവാന് സമർപ്പിച്ചുവെന്നുമാണ് ചരിത്രം. നരസിംഹത്തിന്റെ തലയോടു കൂടിയ തുടൽ വിളക്കിന്റെ തട്ടിൽ ആനയും ആനപ്പുറത്ത് പൂണൂൽ ധരിച്ച പൂജാരിയും ആയിട്ടുള്ളതാണ് കാഞ്ഞൂർ പള്ളിയിലെ പ്രസിദ്ധമായ ആനവിളക്ക്. തിരുന്നാളിനുള്ള ഒരുക്കങ്ങൾക്കിടയിൽ ഇത്തവണ ബിജ്നോർ ആർച്ച്ബിഷപ്പ് വിൻസന്റ് നെല്ലായിപ്പറമ്പിൽ കഴിഞ്ഞ ദിവസം കാഞ്ഞൂർ പള്ളിയിൽ എത്തിയിരുന്നു. ചരിത്രസ്മാരകങ്ങൾ കാണാനായെത്തിയ ബിഷപ്പിനെ, പള്ളി വികാരി ഫാ. ജോസഫ് കണിയാംപറമ്പിലും ഇടവക ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *