ശിവലിംഗ ദാസ സ്വാമികൾ:ഗുരുദേവന്റെ ശിഷ്യരിൽ പ്രഥമസ്ഥാനീയൻ

ഇന്ന് (ജനുവരി 8) ശിവലിംഗസ്വാമിയുടെ 104 ാമത് സമാധിദിനം
ഡോ: എം.ജയരാജു
ശ്രീനാരായണ ഗുരുദേവന്റെ മഹോന്നതരായ ശിഷ്യൻമാരിൽ പ്രഥമസ്ഥാനീയനാണ് പ്രഥമ ശിഷ്യനായ ശിവലിംഗ ദാസ് സ്വാമികൾ . ഗുരുദേവൻ അരുവിപ്പുറത്ത് വിശ്രമിക്കുന്ന കാലത്താണു് നെയ്യാറ്റിൻ കരയിലെ മാരായമുട്ടത്ത് മണ്ണാത്തല എന്ന ഇടത്തരം നായർ കുടുംബത്തിൽ നിന്നും ഉമ്മിണിയമ്മയുടെയും മാർത്താണ്ഡപിള്ളയുടെയും മൂന്ന് പുത്രന്മാരിൽ ഏറ്റവും ഇളയ കുട്ടിയായി 31/01/1867 ൽ ജനിച്ച ശിവലിംഗ സ്വാമികൾ ആദ്യമായി ഗുരുവിന്റെ സന്നിധിയിലെത്തുന്നത്.
കൊച്ചപ്പിപ്പിള്ള എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്. അരുവിപ്പുറത്തെ കാടുകൾ വെട്ടിത്തെളിച്ച് വാസയോഗ്യമാക്കുന്നതിനും അരുവിപ്പുറത്തെ ശിവലിംഗ പ്രതിഷ്ഠക്ക് വേണ്ട ഒരുക്കങ്ങൾ ചെയ്യുന്നതിനും വേണ്ട നേതൃത്വം നൽകിയതു് സ്വാമികളായിരുന്നു. ഗുരുസന്നിധിയിലെത്തി ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് കൊച്ചാപ്പി പിള്ളയ്ക്ക് ഗുരുദേവൻ നേരിട്ട് സന്യാസ ദീക്ഷയും ‘ ശിവലിംഗ ദാസൻ ‘ എന്ന ദീക്ഷാനാമവും നൽകിയതു. പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന സ്വാമിയ്ക്ക് സംസ്‌കൃതതത്തിന്റെ പ്രാഥമിക പാഠങ്ങൾ ഗുരുദേവൻ പഠിപ്പിക്കുകയും തുടർന്ന് പെരുനെല്ലി കൃഷ്ണൻ വൈദ്യർ, വെങ്കിടേശ്വര ശാസ്ത്രീകൾ എന്നിവരുടെ അടുത്തു നിന്നും ഉന്നത വിദ്യാഭ്യാസം നൽകുകയും ചെയ്തു. കൂടാതെ ശാസ്ത്രവും വേദാന്തവും ഗുരു അഭ്യസിപ്പിച്ചു.

ശിവലിംഗ ദാസ സ്വാമികൾ ഗുരുദേവന്റെ മാനസപുത്രനായിരുന്നു. ആദ്യ പ്രതിഷ്ഠ ശിവലിംഗവും ആദ്യശിഷ്യൻ ശിവലിംഗദാസനമായിരുന്നു. ആദ്യ പ്രതിഷ്ഠ ഇന്നോളം ഇളകിയിട്ടില്ല. ആദ്യ ശിഷ്യനെക്കുറിച്ച് ഒരിക്കൽ ഗുരുദേവൻ മൊഴിഞ്ഞത് ഇങ്ങനെയാണ് ‘ശിവലിംഗൻ ശിവലിംഗത്തെപ്പോലെയാണ് ഉറച്ചാൽ പിന്നെ ഇളകില്ല.’
ഇതിൽ നിന്നും ഗുരുശിഷ്യന് നൽകിയ അനുഗ്രഹവിശേഷം എത്ര മഹത്തരമായിരുന്നുവെന്ന് നമുക്ക് മനസിലാക്കാമല്ലോ!
സംസ്‌കൃതം, മലയാളം, തമിഴ് ഭാഷകളിൽ പാണ്ഡിത്യം നേടിയ കൊച്ചപ്പിപ്പിള്ള ഈ മൂന്ന് ഭാഷകളിൽ 34 കൃതികൾ രചിച്ചിട്ടുണ്ട്.
‘ഗുർവ്വോപനിഷത്ത് ” എന്ന് വിശേഷിപ്പിക്കാവുന്ന ഗുരുദേവ ഭക്തർ നിത്യപ്രാർത്ഥയ്ക്ക് ഉപയോഗിക്കുന്ന ‘ഓം ബ്രഹ്മണേ മൂർത്തി മതേ, ശ്രിതാനാം ശുദ്ധി ഹേതവേ ‘ എന്ന് ആരംഭിക്കുന്ന ഗുരുഷട്കം എന്ന പ്രാർത്ഥന, സാക്ഷാൽ ശിവസ്വരൂപനായി ഗുരുദേവനെ ദർശിച്ചിച്ചു കൊണ്ട് സ്വാമികൾ രചിച്ചതാണ്.
ഗുരുഷട്കം എന്ന ഒറ്റ കൃതിയിലെ ആറു പദ്യങ്ങളിലൂടെ സ്വാമികൾ ഗുരുദേവന്റെയും, ഗുരുദർശനത്തിന്റെയും മിക്കവാറും എല്ലാ തലങ്ങളും തൊട്ടുകാണിക്കുന്നുണ്ട്. തൃശൂർ തൃപ്രയാർ പെരുങ്ങോട്ടുകര സോമശേഖരക്ഷേത്രവും മഠവും സ്ഥാപിച്ചത് സ്വാമികളാണ്. ഗുരുദേവ ശിഷ്യപരമ്പരയിൽ ഏറ്റവും കൂടുതൽ ഗുരുവിന്റെ അനുഗ്രഹവും ദിവ്യ സാന്നിദ്ധ്യവും സന്തത സഹചാരിയാകുന്നതിനുള്ള ഭാഗ്യവും കിട്ടിയ സുകൃതിയായിരുന്നു സ്വാമികൾ. മഹാകവി കുമാരനാശാനും ശിവലിംഗ സ്വാമികളും ഉറ്റ സുഹൃത്തുക്കളായിരുന്നു. ശ്രീനാരായണ ഗുരുദേവൻ സമാധിയാകുന്നതിന് മുൻപേ ഇന്നേക്ക് 104 വർഷം മുൻപ് 08/01/1919 ൽ 39ാം വയസ്സിലാണ് സ്വാമികൾ സമാധിയായത്്. സ്വാമികൾ സമാധിയായപ്പോൾ ഉറ്റസുഹൃത്തായ കുമാരനാശാൻ എഴുതിയ പറന്നു പോയഹംസം എന്ന കവിതയിൽ ‘പറന്നു പോയല്ലോ പ്രായമരാളമേ ‘ എന്നാണ് സ്വാമികളെ വിശേഷിപ്പിച്ചിരിക്കുന്നത്്. ചാവക്കാട് മണത്തലയിലെ വിശ്വനാഥക്ഷേത്രത്തിലാണ് സ്വാമികളുടെ കമനീയമായ സമാധിമണ്ഡപം കുടികൊള്ളുന്നത്്.