തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രതിഭാസംഗമം

തിരുവനന്തപുരം : 2020-21 അദ്ധ്യയന വർഷത്തിൽ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള
ഗവൺമെന്റ്, എയ്ഡഡ് സ്‌കൂളുകളിൽ നിന്നും എസ്.എസ്.എൽ.സി, ഹയർസെക്കന്ററി,
വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളിൽ മികച്ച വിജയം കരസ്തമാക്കിയ
വിദ്യാർത്ഥികൾക്കും 100% വിജയം കൈവരിച്ച സ്‌കൂളുകളെയും ആദരിക്കുന്ന
പ്രതിഭാസംഗമം ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. മെമ്മോറിയൽ
ഹാളിൽ വച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.
സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും കൃത്യമായ ക്രമീകരണങ്ങളോടെ പൊതു
പരീക്ഷകൾ വിജയകരമായി പൂർത്തീകരിക്കുവാനും സമയബന്ധിതമായി ഫല പ്രഖ്യാപനം
നടത്തുവാനും കഴിഞ്ഞത് സംസ്ഥാന സർക്കാർ അഭിമാനകരമായി കാണുന്നു.
വിദ്യാഭ്യാസ വർഷം സ്തംഭിക്കുക എന്നാൽ പുതുതലമുറയുടെ ജീവിത കാലയളവിൽ ഒരു
വർഷം ഇല്ലായ്മ ചെയ്യപ്പെടുന്നു എന്നാണർത്ഥം. ഒട്ടേറെ എതിർ ശബ്ദങ്ങൾ
ഉണ്ടായിട്ടും സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയിൽ വിദ്യാഭ്യാസ
വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലും അദ്ധ്യാപക രക്ഷാകർത്തൃ സമൂഹത്തിന്റെ
കൂട്ടായ പരിശ്രമവും ലഭ്യമായതുകൊണ്ടാണ് പരാതിരഹിതമായി പരീക്ഷ നടത്തുവാനും
തിളക്കമാർന്ന വിജയം കരസ്ഥമാക്കുവാനും വിദ്യാർത്ഥികൾക്ക് അവസരം
ലഭിച്ചത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കേരളത്തിനുതന്നെ മാതൃകയാക്കാവുന്ന
നിരവധി നൂതന പദ്ധതികളാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി വരുന്നത്.
മെച്ചപ്പെട്ട വിദ്യാഭ്യാസം മത്സരാധിഷ്ഠിത സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തെ പൂർണ്ണമായി ചേർത്തുപിടിച്ച് വിദ്യാർത്ഥി സമൂഹത്തെ
മുന്നോട്ട് നയിക്കാൻ ഊർജ്ജസ്വലമായ പിൻതുണയാണ് ജില്ലാ പഞ്ചായത്ത് നൽകി
വരുന്നത്. ചടങ്ങിൽ ജില്ലാ പഞ്ചായത്തിന്റെ ഈ പ്രവർത്തനങ്ങളെ മന്ത്രി
പ്രത്യേകം പ്രശംസിച്ചു.
ഹയർ സെക്കന്ററി പരീക്ഷയിൽ 1200/1200 മാർക്ക് കരസ്ഥമാക്കിയ
വിദ്യാർത്ഥികളെ ബഹു. മന്ത്രി ഉപഹാരം നൽകി അനുമോദിച്ചു.
എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ
7650 വിദ്യാർത്ഥികൾക്കും 100% തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ 76
സ്‌കൂളുകൾക്കുമുള്ള ആദരവ് ബഹുമാനപ്പെട്ട എം.എൽ.എ മാരായ അഡ്വ.ജി.സ്റ്റീഫൻ,
അഡ്വ.ഐ.ബി.സതീഷ് എന്നിവർ സമർപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ. ഷൈലജാബീഗം ആരോഗ്യ
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി.വി.ആർ.സലൂജ,
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുനിത എസ്.,
പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.എം.ജലീൽ, ക്ഷേമകാര്യ
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വിളപ്പിൽ രാധാകൃഷ്ണൻ, വിദ്യാഭ്യാസ
ഉപഡയറക്ടർ സന്തോഷ് കുമാർ എസ്., വിദ്യാഭ്യാസ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ
ശ്രീമതി. നാരായണി ഇ.എസ്. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ പഞ്ചായത്ത്
സെക്രട്ടറി ശ്രീ.റോയി മാത്യു എന്നിവർ പങ്കെടുത്തു.