കുടുംബകൂട്ടായ്മയിൽ ഒരു കുടുംബചിത്രം

ഒരു കുടുംബത്തിലെ 40 അംഗങ്ങൾ ചേർന്ന് അണിയിച്ചൊരുക്കുന്ന സിനിമ
കുടുംബകൂട്ടായ്മയുടെ ഒരു കുടുംബചിത്രം റിലീസിനൊരുങ്ങുന്നു. കോഴിക്കോട് പുതിയറ പുഷ്പവിലാസം പുരാതന തറവാട്ടിൽനിന്ന് മജിസ്‌ട്രേട്ടും എഴുത്തുകാരനുമായിരുന്ന എ.സി. ഗോവിന്ദന്റെ പിൻഗാമികളായ ലോകത്തിന്റെ വിവിധ ഭാഗങ്ങൡ താമസിക്കുന്ന 40ലധികം കുടുംബാംഗങ്ങൾ ഒത്തുചേർന്നാണ് ഈ ഷോർട്ട് ഫിലിം നിർമ്മിക്കുന്നത്. കുടുംബാംഗവും പ്രമുഖ വ്യവസായിയും അഭിനേതാവും നിരവധി ഹിറ്റ് സിനിമകളുടെ നിർമ്മാതാവുമായ എവിഎ പ്രൊഡക്ഷൻസ് ഉടമയും എവിഎ ഗ്രൂപ്പ് എംഡിയുമായ ഡോ.എ.വി. അനൂപ് ആണ് തികച്ചും വ്യത്യസ്തവും നൂതനവുമായ ഈ കുടുംബസിനിമ അവതരിപ്പിക്കുന്നത്.

കുടുംബാംഗങ്ങളായ അഞ്ച് വയസ്സുള്ള കുട്ടികൾ മുതൽ 88 വയസ്സ് വരേയുള്ള മുതിർന്ന പൗരന്മാർ വരെ ഈ ചിത്രത്തിൽ വേഷമിടുന്നു. ജനപ്രതിനിധികൾ, ന്യായാധിപന്മാർ, ഡോക്ടർമാർ, മുൻ ഹെൽത്ത് ഡയറക്ടർ, പ്രൊഫസർമാർ, അദ്ധ്യാപകർ, വ്യാപാരികൾ, വ്യവസായികൾ, പ്രവാസികൾ എന്നിങ്ങനെ വിവിധ മേഖലകളിൽപെട്ടവർ… സംവിധായകൻ (സന്ദീപ് ) ഉൾപ്പടെ സാങ്കേതിക വിദഗ്ദ്ധരും അണിയറ ശില്പികളുമെല്ലാം ഈ കുടുംബാംഗങ്ങൾ തന്നെ. അഞ്ച് ദിവസംകൊണ്ട് തുടർച്ചയായി ചിത്രീകരണം നടത്തിയാണ് സിനിമ പൂർത്തിയാക്കിയത്. അതിഥി താരമായി കുടുംബസുഹൃത്ത് ഷെവലിയാർ സി.ഇ. ചാക്കുണ്ണി ഈ ചിത്രത്തിൽ പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുന്നു.

കോഴിക്കോട്ടെ ബന്ധുവീടുകളും സ്ഥലങ്ങളും പുറമെ എരഞ്ഞിപ്പാലത്തെ മലബാർ ഹോസ്പിറ്റൽസും ആയിരുന്നു പ്രധാന ലൊക്കേഷനുകൾ. കോകത്ത് ആദ്യമായാണ് നാല്പതിൽപരം കുുടുംബാംഗങ്ങളുടെ കൂട്ടായ്മയിൽ ഒരു സിനിമ നിർമ്മിക്കുന്നത്.
ഈ പ്രത്യേകതയറിഞ്ഞ് പ്രമുഖ ചലച്ചിത്ര നിർമ്മാതാവും സാമൂഹ്യ സാംസ്‌കാരിക പ്രമുഖനുമായ പി.വി. ഗംഗാധരൻ ലൊക്കേഷനിൽ എത്തിയിരുന്നു. ശിഥിലമായ കുടുംബ ബന്ധങ്ങൾ അനുദിനം പെരുകി വരുന്ന ഈ കാലഘട്ടത്തിൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള വ്യത്യസ്ത കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് നിർമ്മിക്കുന്ന ഈയൊരു സിനിമ സമൂഹത്തിന് മാതൃകയാണെന്ന് പി.വി.ജി. അഭിപ്രായപ്പെട്ടു.

സംവിധാനം, തിരക്കഥ, ഗാനരചന ഉൾപ്പെടെ സിനിമയുെട വ്യത്യസ്ത മേഖലകൾ കൈകാര്യം ചെയ്യാനാവുന്ന പ്രതിഭകൾ ഒരു കുടുംബത്തിനുള്ളിൽ തന്നെയുണ്ടെന്ന് തെളിയിക്കുകയാണ്.
തിരഞ്ഞെടുപ്പിൽ മത്സരിച്ച് ഒരു ജനപ്രതിനിധിയാവാൻ കഴിഞ്ഞിട്ടില്ലെങ്കിലും തന്റെ വിവാഹവാർഷിക ദിനത്തിൽ ഒരു പ്രധാനമന്ത്രിയായി അഭിനയിക്കാൻ കഴിഞ്ഞത് സന്തോഷം നൽകുന്നുവെന്ന് സി.ഇ. ചാക്കുണ്ണി പറഞ്ഞു.
പത്രസമ്മേളനത്തിൽ സന്ദീപ് (സംവിധായകൻ), മനുഗോപാൽ (തിരക്കഥാകൃത്ത് ), ഡോ. ആർ.എൽ. സരിത (മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ, ഷവലിയാർ സി.ഇ. ചാക്കുണ്ണി എന്നിവർ പങ്കെടുത്തു.