കരമന ആക്രികടയിൽ വൻ തീപിടുത്തം: ആളപായമില്ല

തിരുവനന്തപുരം നഗരം പുകച്ചുരുളിലമർന്നു
ലക്ഷങ്ങളുടെ നാശനഷ്ടം
ഡി.രതികുമാർ
തിരുവനന്തപുരം: കരമന പി.ആർ.എസ് ഹോസ്പിറ്റലിന് സമീപം ആക്രി ഗോഡൗണിന് വൻ തീപിടുത്തം. ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. പൂന്തറ സ്വദേശി സുൽഫിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണാണ് തീപിടുത്തമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നരയോടെ സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റിൽ നിന്ന് സ്പാർക്കുണ്ടായി തീ ഗോഡൗണിലേക്ക് വന്നുവീണത്. വിവരമറിയിച്ചതിന് പിന്നാലെ നാല് ഫയർഫോഴ്സ് യൂണിറ്റ് സംഭവ സ്ഥലത്തെത്തി. തിരുവനതപുരം എയർ പോർട്ടിൽ നിന്നെത്തിയ മൂന്നോളം ഫയർ എൻജിൻ എത്തിയത് ഫയർ ഫോഴ്സിനെ തുണയായി .നാലു ഭാഗങ്ങളിൽ നിന്നായി ഫയർഫോഴ്സ് വെളളമൊഴിച്ച് രണ്ടു മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആക്രിക്കടയോട് ചേർന്ന് അഞ്ചോളം കടകളും തൊട്ടുപുറകിൽ ഒരു വീടുമുണ്ട്. സമീപത്തെ വീടുകൾക്കും കടകൾക്കും കേടുപാടുകളുണ്ട്. കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതിനാൽ ആളപായം ഒഴുവായി. സമീപത്തെ വൃക്ഷങ്ങൾ കത്തിനശിച്ചിട്ടുണ്ട്. തീപിടിത്തം ഉണ്ടായ ആക്രിക്കടക്കെതിരെ നിരവധി തവണ പരാതി നൽകിയിരുന്നെന്ന് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. എന്നിട്ടും നഗരസഭ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഇവർ പറയുന്നു. ഇതിനോട് ചേർന്ന് അഞ്ചോളം കടകളും ഒരു വീടുമുണ്ട്. ഇവിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചത് വൻ ദുരന്തമൊഴുവായി. അതേസമയം ആക്രി ഗോഡൗണിന് തീപിടിച്ചതിൽ കരമന കെ.എസ്.ഇ.ബിക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമയും നാട്ടുകാരും രംഗത്തെത്തി.ജോയിന്റുകളിൽ നിന്ന് സ്പാർക്കുണ്ടാകുന്നത് പതിവായിരുന്നു . ഗോഡൗണിന് മുമ്പിലുളള വൈദ്യുതി പോസ്റ്റിൽ ഇന്നലെയും തീപ്പൊരി ഉണ്ടായിരുന്നു. ഉടൻ കരമന ഇലക്ട്രിസിറ്റി ബോർഡ് അധികൃതരെ വിവരം അറിയിച്ചെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് സമീപത്തെ കടയുടമ ഹനീഫ പറയുന്നു. ഗോഡൗണിലെ തീപിടുത്തതിന് കാരണം ഇലക്ട്രിക് പോസ്റ്റിൽ നിന്നുളള തീപ്പൊരിയാണെന്നും തീപൊരി വീഴുന്നത് താൻ കണ്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇന്നലെ വിവരമറിയിച്ചയുടൻ കെ.എസ്.ഇ.ബി പ്രശ്നം പരിഹരിച്ചിരുന്നെങ്കിൽ വൻ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു.