ദിലീപിന് കുരുക്ക് മുറുകുന്നു, കേസിൽ തുടരന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേണമെന്ന് ആക്രമണത്തിന് ഇരയായ നടി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി നടി മുഖ്യമന്ത്രിക്ക് കത്തെഴുതി.
കേസിലെ പ്രതിയായ നടൻ ദിലീപിന്റെ സുഹൃത്ത് കൂടിയായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യം അന്വേഷിക്കണമെന്നാണ് നടി ആവശ്യപ്പെട്ടിട്ടുള്ളത്.

കേസിൽ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചിരിക്കുകയാണ്. ഇതിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കി. കേസിലെ പ്രതിയായ ദിലീപ് ആക്രമിച്ച ദൃശ്യങ്ങൾ കണ്ടിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം തുടരന്വേഷണം വേണമെന്നാണ് നടി ആവശ്യപ്പെട്ടിട്ടുള്ളത്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രോസിക്യൂഷൻ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ കത്ത് നൽകിയിരുന്നു. വിചാരണ നിർത്തിവെച്ച് തുടരന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത് നടിയെ ആക്രമിച്ച കേസിൽ കൊച്ചിയിലെ വിചാരണക്കോടതിയിൽ വിചാരണ അന്തിമഘട്ടത്തിലാണ്. കേസിൽ ഫെബ്രുവരിയിൽ വിചാരണ പൂർത്തിയാക്കാനാണ് സുപ്രീംകോടതി നിർദേശം നൽകിയിട്ടുള്ളത്.