ആത്മഹത്യ ചെയ്യാൻ റെയിൽവേ ട്രാക്കിൽ കിടന്നു; എമർജൻസി ബ്രേക്കിട്ട് ലോക്കോ പൈലറ്റ്

മുംബൈ: ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചയാളെ അവസരോചിതമായി ജീവിതത്തിലേക്ക് തിരികേ കൊണ്ടുവന്ന് ലോക്കോ പൈലറ്റ്.റെയിൽവേ മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ച സിസിടിവി ദൃശ്യത്തിലാണ് ട്രെയിൻ എമർജൻസി ബ്രേക്കിട്ട് ഒരാളുടെ ജീവൻ രക്ഷിച്ചത്. വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വീഡിയോയിൽ ട്രെയിൻ വരുന്ന സമയത്ത് ഒരാൾ ട്രാക്കിലേക്ക് കടക്കുന്നതും ട്രെയിൻ അടുത്തെത്തുമ്പോൾ ട്രാക്കിൽ കിടക്കുന്നതും കാണാം. കൃത്യസമയത്ത് ഇത് കണ്ട ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തുകയായിരുന്നു. ഇയാളുടെ തൊട്ടരികിൽ എത്തിയപ്പോഴാണ് ട്രെയിൻ നിർത്തുന്നത്.
ഉടൻ തന്നെ ആർപിഎഫ് ഉദ്യോഗസ്ഥർ ഓടിയെത്തി ഇയാളെ ട്രാക്കിന് പുറത്തേക്ക് പിടിച്ചു മാറ്റുന്നതും വീഡിയോയിൽ കാണാം. ഇന്ന് രാവിലെ 11.45 ന് മുംബൈയിലെ ശിവ്ദി സ്റ്റേഷനിലാണ് സംഭവം. ലോക്കോ പൈലറ്റ് അവസരോചിതമായി ഇടപെട്ടതും ഒപ്പം അത്ഭുതവും കൊണ്ടു മാത്രമാണ് ഇയാളുടെ ജീവൻ തിരിച്ചു കിട്ടിയത്.
ട്രാക്കിൽ കിടക്കുന്നയാളെ കണ്ട ഉടനെ എമർജൻസി ബ്രേക്ക് ഉപയോഗിച്ച ലോക്കോ പൈലറ്റിന്റെ പ്രവർത്തിയെ റെയിൽവേ മന്ത്രാലയം അഭിനന്ദിച്ചു. ജീവൻ വിലപ്പെട്ടതാണെന്നും നിങ്ങളെ ആരൊക്കെയോ കാത്തിരിപ്പുണ്ടെന്നും കുറിച്ചാണ് റെയിൽവേ മന്ത്രാലയം വീഡിയോ പങ്കുവെച്ചത്.
ട്വീറ്റിന് താഴെ നിരവധി പേരാണ് ലോക്കോപൈലറ്റിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഒപ്പം ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും കമന്റിൽ പറയുന്നു.