സംസ്ഥാനത്ത് 29 പേർക്കു കൂടി ഒമൈക്രോൺ; രാജ്യത്താകെ ഒമൈക്രോൺ കുതിച്ചുയരുന്നു

തിരുവനന്തപുരം: ഒമൈക്രോൺ സംസ്ഥാനത്ത് 29 പേർക്കു കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 181 ആയി.ഒമൈക്രോൺ ബാധിച്ച് ചികിത്സയിൽ ആയിരുന്ന 42 പേർ ആശുപത്രി വിട്ടതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരത്താണ് കൂടുതൽ പേർക്കു രോഗബാധ കണ്ടെത്തിയത്- 10. ആലപ്പുഴയിൽ ഏഴു പേർക്കും തൃശൂരും മലപ്പുറത്തും ആറു പേർക്കു വീതവും വൈറസ് ബാധ കണ്ടെത്തി. ആലപ്പുഴയിൽ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്.
ഇതിനിടെ, രാജ്യത്തെ ആശങ്കയിലാഴ്ത്തി ഒമൈക്രോൺ കേസുകൾ കുതിച്ചുയരുകയാണ്. ഡൽഹിയിൽ കഴിഞ്ഞ രണ്ടു ദിവസവും റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 84 ശതമാനവും ഒമൈക്രോൺ വകഭേദമാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. പുതിയ തരംഗം ഒമൈക്രോൺ വകഭേദം മൂലമാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഡൽഹി നഗരത്തിൽ മാത്രം പോസിറ്റിവിറ്റി നിരക്ക് 6 ശതമാനമായി ഉയർന്നു. ഈ ആഴ്ചയിൽ കോവിഡ് തരംഗം സംസ്ഥാനത്ത് മൂർധന്യാവസ്ഥയിൽ എത്തുമെന്നാണ് കരുതുന്നതെന്നും ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ വ്യക്തമാക്കി.
ജനുവരിയിലെ ആദ്യ രണ്ടു ദിവസങ്ങളിൽ ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള മാസങ്ങളിലേതിനേക്കാൾ കൂടുതൽ കേസുകളാണ് ഡൽഹിയിൽ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് മുതൽ നവംബർ വരെ 4669 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ജനുവരി ഒന്ന്, രണ്ട് ദിവസങ്ങളിൽ കോവിഡ് കേസുകൾ 5910 ആയിട്ടാണ് ഉയർന്നത്.
കർണാടകയിൽ വൈറസ് ബാധ 241 ശതമാനമാണ് വർധിച്ചത്. സംസ്ഥാനത്ത് 10,292 രോഗബാധിതരാണ് ചികിത്സയിലുള്ളത്. ബംഗലൂരു നഗരത്തിൽ മാത്രം 8671 പേർ രോഗബാധിതരാണ്. ബംഗലൂരു നഗരത്തിലാണ് രോഗബാധ ഏറ്റവും കൂടുതൽ. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 1.08 ശതമാനവും മരണ നിരക്ക് 0.5 ശതമാനവുമായതായി കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു.
മഹാരാഷ്ട്രയിൽ രണ്ടാഴ്ചയായി കോവിഡ് കേസുകൾ കുത്തനെ വർധിക്കുകയാണ്. 42,024 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മുംബൈയിൽ മാത്രം 29,19 കേസുകളാണുള്ളത്. മുംബൈയിൽ 503 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഇതിൽ 56 പേർക്ക് ഓക്സിജൻ സഹായം വേണ്ട അവസ്ഥയാണ്. മുംബൈയിൽ മാത്രം കോവിഡ് കേസുകളിൽ 26 ശതമാനത്തിന്റെ വർധനവാണ് ഉള്ളതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് ഗോവയിൽ സ്‌കൂളുകളും കോളജുകളും അടച്ചു. ജനുവരി 26 വരെയാണ് അടച്ചത്. രാതരികാല കർഫ്യൂവും സംസ്ഥാനത്ത് ഏർപ്പെടുത്തി. രാത്രി 11 മുതൽ രാവിലെ ആറു വരെയാണ് കർഫ്യൂ. സ്‌കൂളുകളും കോളജുകളും അടച്ച സാഹചര്യത്തിൽ ഓൺലൈൻ ക്ലാസ്സുകൾ നടത്തുമെന്ന് ഗോവ സർക്കാർ കോവിഡ് ടാസ്‌ക്ഫോഴ്സ് സംഘത്തലവൻ ഡോ. ശേഖർ സൽക്കാർ അറിയിച്ചു.