CINEMA FILM BIRIYANI Second Banner

കണ്ണീർമഴയത്ത് ചിരിയുടെ കുട ചൂടി

ശിവദാസ് എ

എടാ, കോമാളി കരയാൻ പാടില്ല. ചത്താലും കരയാൻ പാടില്ല. കോമാളി കരഞ്ഞാൽ ആളുകള് ചിരിക്കും. ചിരിപ്പിക്കാൻ വേണ്ടി കരഞ്ഞോ. അല്ലാണ്ട് കരയരുത്. കോമാളിയുടെ കണ്ണീര് മനസ്സിലിരുന്നാൽ മതി. ചിരിക്കണം, ചിരിപ്പിക്കണം. നെഞ്ചില് തീ പിടിച്ചാലും ചിരിക്കണം.ഹാ… ഹാ… ഹാ….ചിരിയെടാ… ചിരിയെടാ മോനേ ചിരി….ഹാ…. ഹാ… ഹാ…
മലയാളസിനിമയിൽ പ്രേക്ഷകരെ ആവോളം പൊട്ടിച്ചിരിപ്പിച്ച ബഹദൂർ എന്ന നടൻ ജീവിതാന്ത്യത്തിൽ അഭിനയിച്ച ഈ കഥാപാത്രം പ്രേക്ഷകർക്ക് നൽകിയ നോവ് പറഞ്ഞറിയിക്കാനാവില്ല…

അര നൂറ്റാണ്ടിനിടയിൽ എണ്ണൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച ഈ മഹാനടനെ ഹാസ്യനടൻ എന്നായിരുന്നുവല്ലോ മുദ്രകുത്തിയിരുന്നത്… എന്തായാലും ബഹദൂറിന്റെ ഈ ഡയലോഗിൽ സ്വന്തം ജീവിതയാത്രയിലെ നൊമ്പരങ്ങൾകൂടിയുണ്ടായിരുന്നിരിക്കണം.


തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശിയായ ബഹദൂർ എന്ന കലാകാരൻ . കൊടുങ്ങല്ലൂരിനടുത്തു എറിയാട് പടിയത്ത് ബ്‌ളാങ്ങാച്ചാലിൽ കൊച്ചുമൊയ്തീന്റെയും കോട്ടപ്പുറത്ത് നമ്പൂരിമഠത്തിൽ കൊച്ചുഖദീജയുടെയും 9 മക്കളിൽ മൂന്നാമനായി 1931-ൽ ബഹദൂർ ജനിച്ചു. പി. കെ. കുഞ്ഞാലു എന്നാണ് യഥാർത്ഥ പേര്. എറിയാട് കേരളവർമ ഹൈസ്‌കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി മുഖത്ത് ചായം തേയ്ക്കുന്നത്. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ പൊൻകുന്നം വർക്കിയുടെ ‘പൂജ ‘ എന്ന നാടകത്തിലെ വേലുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ഞാലുവിനെ ആ പ്രദേശത്തുകാർക്ക് പ്രിയങ്കരനാക്കി. എസ്. എസ്. എൽ. സി. നല്ല മാർക്കോടെ പാസ്സായത്തിനുശേഷം ഫാറൂഖ് കോളേജിൽ ഇന്റർമീഡിയറ്റിനു ചേർന്നെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ മൂലം പഠനം നിർത്തേണ്ടി വന്നു. പിന്നീട് കുറച്ചുകാലം ബസ് കണ്ടക്ടറായി ജോലി ചെയ്തു.
അഭിനയഭ്രമം മനസ്സിനെ അലട്ടിയപ്പോൾ എത്തിപ്പെട്ടത് തിരുവനന്തപുരത്തായിരുന്നു. അവിടെ ചില അമേച്വർ നാടകങ്ങളിൽ അഭിനയിക്കാൻ അവസരം കിട്ടി. തിക്കുറിശ്ശിയുമായുള്ള പരിചയമാണ് ചലച്ചിത്രരംഗത്തേക്ക് എത്തിച്ചത്. തിക്കുറിശ്ശിയാണ് ബഹദൂർ എന്ന പേരുപോലും നിർദ്ദേശിക്കുന്നത് . 1954-ൽ പ്രദർശനത്തിനെത്തിയ ‘അവകാശി’എന്ന ചിത്രത്തിലാണ് ആദ്യമായി ബഹദൂർ അഭിനയിക്കുന്നത്. അക്കാലത്ത് ആകാശവാണിയിൽ അവതരിപ്പിക്കുന്ന നാടകങ്ങളിൽ പലതിനും ശബ്ദം നൽകിയിരുന്നത് ബഹദൂർ ആയിരുന്നു. ‘പാടാത്ത പൈങ്കിളി’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബഹദൂർ ചലച്ചിത്രരംഗത്ത് സജീവമായി.


‘അവകാശി ‘ എന്ന ചിത്രത്തിന് പ്രതിഫലമായി കിട്ടിയത് ഒരു കപ്പ് ചായയായിരുന്നു.
‘പുത്രധർമ്മ’ത്തിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന ബുദ്ദു എന്ന ബുദ്ധിശൂന്യനായ വേലക്കാരന്റെ കഥാപാത്രം ആദ്യം ചെയ്യാൻ ഉദ്ദേശിച്ചിരുന്നത് അന്നത്തെ ഹാസ്യസാമ്രാട്ടായിരുന്ന എസ് പി പിള്ളയായിരുന്നു. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ആ വേഷം ചെയ്യാൻ കുഞ്ഞാലു നിയുക്തനാവുകയായിരുന്നു. തിക്കുറിശ്ശിയാണ് കുഞ്ഞാലുവിനെ ബഹദൂറാക്കി പുത്രധർമ്മത്തിലൂടെ അവതരിപ്പിച്ചത്.


തുടർന്ന് വലുതും ചെറുതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്താൻ തുടങ്ങി.
ഇതിനിടയിൽ ബഹദൂറിന്റെ നേതൃത്വത്തിൽ നാഷണൽ തിയേറ്റേഴ്‌സ് എന്ന പേരിൽ ഒരു നാടക കമ്പനിയും തുടങ്ങി.
‘ബല്ലാത്ത പഹയൻ’, ‘മാണിക്യക്കൊട്ടാരം’, ‘ബർമ്മാബോറൻ’, ‘അടിയന്തരാവസ്ഥ’ തുടങ്ങിയ നാടകങ്ങൾ നാഷണൽ തിയേറ്റേഴ്‌സ് അവതരിപ്പിക്കുകയുണ്ടായി.


ആദ്യകാലങ്ങളിൽ എസ് പി പിള്ളയോടും പിന്നീട് അടൂർഭാസിയോടുമൊപ്പം ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ കൂട്ട് മലയാള സിനിമയിലെ ഒരു അവശ്യഘടകമായി ഹാസ്യത്തെ ഉയർത്തി. ബഹദൂറിന്റെ ചലച്ചിത്രപ്രവർത്തനങ്ങൾ അഭിനയത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. ഒരു ഹാസ്യനടൻ എന്നതിലുപരി നല്ല സിനിമയെ സ്‌നേഹിച്ചിരുന്ന അദ്ദേഹം സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചെങ്കിലും എല്ലാം അദ്ദേഹത്തിന് കനത്ത നഷ്ടങ്ങൾ മാത്രമാണുണ്ടാക്കിയത്. 1970-ൽ എറണാകുളത്ത് ഇതിഹാസ് പിക്‌ചേഴ്‌സ് എന്ന പേരിൽ ഒരു ചലച്ചിത്ര വിതരണ സ്ഥാപനം തുടങ്ങി. യൂസഫലി കേച്ചേരിയുടെ സിന്ദൂരച്ചെപ്പ്, മരം എന്നീ ചിത്രങ്ങൾക്കും അസീസിന്റെ മാൻപേട എന്ന ചിത്രത്തിനും സാമ്പത്തിക സഹായം നൽകിയതോടൊപ്പം അമിതാബ് ബച്ചനും മധുവും അഭിനയിച്ച സാത് ഹിന്ദുസ്ഥാനി എന്ന ചിത്രം തിയേറ്ററുകളിൽ എത്തിച്ചു. പക്ഷേ ഇതിഹാസ് പിക്‌ചേഴ്‌സ് നഷ്ടത്തിൽ കലാശിക്കുകയായിരുന്നു.
പിന്നീട് ചലച്ചിത്ര നിർമ്മാണരംഗത്തേയ്ക്കിറങ്ങിയ ഇദ്ദേഹം ഭരതന്റെ ആരവം, പി.എ ബക്കറിന്റെ മാൻപേട എന്നീ ചിത്രങ്ങൾ നിർമ്മിച്ചു. മുൻ മുഖ്യമന്ത്രി കെ.കരുണാകരനെക്കുറിച്ച് ”നേതാ കീ കഹാനി” എന്നൊരു ചിത്രവും അദ്ദേഹം നിർമ്മിച്ചു. എന്നാൽ ഈ സംരംഭവും സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നീട് അദ്ദേഹം തിരുവനന്തപുരം നേമത്ത് ഒരു റെക്കോർഡിംഗ് സ്റ്റുഡിയോയും ലാബും തുടങ്ങി. എന്നാൽ പണിയെല്ലാം കഴിഞ്ഞു വന്നപ്പോഴേയ്ക്കും മലയാള സിനിമ കളറിലാവുകയും ബ്ലാക് ആന്റ് വൈറ്റ് ലാബിന്റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ അതും പൊളിഞ്ഞു.
അര നൂറ്റാണ്ടിനുള്ളിൽ എണ്ണൂറിലധികം ചിത്രങ്ങളിലഭിനയിച്ച മലയാളത്തിലെ ഈ മഹാനടൻ 2000 മെയ് 22 നു തലച്ചോറിലെ അമിത രക്തസ്രാവം മൂലം ഈ ലോകത്തോട് യാത്ര പറഞ്ഞു.
ജമീലയാണ് ഭാര്യ.
സിദ്ദിഖ്,മുഹമ്മദ്, റുക്കിയ എന്നിവരാണ് മക്കൾ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *