ഭാര്യയെ വെട്ടി കൊലപ്പെടുത്തിയത് ഫോൺവിളികളുടെ പേരിൽ

കൊല്ലം: കൊല്ലം കടയ്ക്കലിൽ കോട്ടപ്പുറം മേടയിൽ ലതാമന്ദിരത്തിൽ ഇരുപത്തി ഏഴുവയസുളള ജിൻസിയെ ഭർത്താവായ ദീപു വെട്ടി കൊലപ്പെടുത്തിയതിന് പിന്നിൽ ഫോൺവിളികളെച്ചൊല്ലിയുള്ള തർക്കം.ദീപു ജിൻസിയോട് ഫോൺ ആവശ്യപ്പെട്ടെങ്കിലും ജിൻസി തന്റെ ഫോൺ നൽകാൻ തയ്യാറായില്ലത്രെ. തുടർന്ന് ഫോൺ വിളികളെ ചൊല്ലി തർക്കം നടക്കുകയും ഫോണിനായി പിടിവലികൂടുകയും ചെയ്തു. തുടർന്ന് മകളെയും കൂട്ടി ദീപു തന്റെ വീട്ടിലേക്ക് പോയി. മകളെ വീട്ടിൽ ആക്കിയ ശേഷം വെട്ടുകത്തിയുമായി മടങ്ങിയെത്തി വീടിന് പുറത്ത് നിന്നിരുന്ന ജിൻസിയെ തലയിൽ വെട്ടിവീഴ്ത്തുകയായിരുന്നു.
ഇത് കണ്ടു തടയാൻ ചെന്ന ഏഴു വയസുകാരൻ മകനെ ഇയാൾ തൂക്കി എടുത്തെറിഞ്ഞു. ദീപു ജിൻസിയെ ഇരുപത്തിയഞ്ചോളം വെട്ടുകളാണ് ദേഹമാസകലം വെട്ടിയത്. പ്രദേശത്ത് ജനവാസം കുറവാണ്. ഇവരുടെ മകൻ നീരജ് സഹായം ആവശ്യപ്പെട്ട് ഒരു കിലോമീറ്റർ അകലയുളള കടയിലെത്തി വിവരം പറഞ്ഞു. ആൾക്കാർ എത്തുമ്പോഴേക്കും ദീപു അവിടെ നിന്നും രക്ഷപ്പെട്ടു പോയിരുന്നു.
രക്തത്തിൽ കുളിച്ച് കിടക്കുന്ന ജിൻസിയെ കടയ്ക്കൽ താലുക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തുടർന്ന് ആറു മണിയോടെ ദീപു സ്റ്റേഷനിൽ എത്തി കീഴടങ്ങി. രണ്ടാഴ്ച്ച മുൻപ് ദീപു കയറുകൊണ്ട് കഴുത്തുമുറുക്കി ജിൻസിയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി ജിൻസി കടയ്ക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. ഇരുകൂട്ടരെയും വിളിച്ചു പോലീസ് സംസാരിച്ചിരുന്നതാണ് . തന്നെ ഇനി ഉപദ്രവിക്കാതിരുന്നാൽ മതി കേസെടുക്കേണ്ടെന്ന് ജിൻസി പോലീസിനോട് പറഞ്ഞിരുന്നു. ഇതിനാലാണ് കേസെടുക്കാതിരുന്നതെന്ന് പൊലീസ് പറയുന്നു.
പ്രതി ദീപുവിനെ ക്യത്യസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി. പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.