അമേരിക്കയിലെ ഒമൈക്രോൺ രോഗികളിലധികവും യുവജനങ്ങളും കുട്ടികളും

വാഷിംഗ്ടൺ: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് യുവജനങ്ങളിലും കുട്ടികളിലും.
അമേരിക്കയിലെ ലോസ് ഏഞ്ചൽസ് ഡിസംബർ 22 നും 28 നും ഇടയിൽ രേഖപ്പെടുത്തിയ കേസുകളിൽ 70 ശതമാനത്തിലേറെയും 18-49 പ്രായത്തിലുള്ളവരാണ്. 18-29 പ്രായത്തിലുള്ളവരുടെ അണുബാധ നിരക്ക് ഒരു മാസം മുമ്ബുള്ളതിനേക്കാൾ എട്ട് മടങ്ങ് കൂടുതലാണെന്നും ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ കാണിക്കുന്നു. 30-49 പ്രായപരിധിയിലുള്ളവരിൽ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ മാസത്തെ കണക്കുകളേക്കാൾ ആറിരട്ടി വർദ്ധിച്ചിട്ടുണ്ട്.
കാലിഫോർണിയയിൽ, 5-11 പ്രായത്തിലുള്ള കുട്ടികളിൽ കൊവിഡ് അണുബാധ നിരക്ക് ഇരട്ടിയായതായും റിപ്പോർട്ടുണ്ട്.
യുവജനങ്ങളിലധികവും വിവിധ ജോലികൾക്കായി പുറത്ത് പോകുന്നവരാണ്. ഇത് കൂടാതെ വിനോദം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായും ഇവരിൽ പലരും പുറത്തിറങ്ങുന്നുണ്ട്. ഇതൊക്കെയാണ് രോഗ വ്യാപനത്തിന്റെ കാരണമെന്ന് പബ്ലിക് ഹെൽത്ത് ഡയറക്ടർ ബാർബറ ഫെറർ മാദ്ധ്യമങ്ങളോട് വിശദീകരിച്ചു.