കനൽക്കാഴ്ചകളുമായി
ആകാശത്തിന് താഴെ

ലിജീഷ് മുല്ലേഴത്തിന്റെ പ്രഥമസംവിധാനത്തിൽ ഒരുങ്ങുന്നത് കനൽക്കാറ്റുപോലെ പൊള്ളുന്ന ദൃശ്യാനുഭവം
നിരവധി മലയാളം സിനിമകളുടെ സഹ സംവിധായകനായി പ്രവർത്തിച്ച ലിജീഷ് മുല്ലേഴത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആകാശത്തിനു താഴെ. വളരെ കാലികപ്രസക്തവും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെ കേന്ദ്രീകരിക്കുന്നതുമായ ശക്തമായ പ്രമേയമാണ് ആകാശത്തിനു താഴെയിലൂടെ സംവിധായകനും കഥാകൃത്തും തുറന്ന് കാണിക്കാൻ ശ്രമിക്കുന്നത്.

കപടസദാചാരം, സ്ത്രീയോടും സ്ത്രീത്വത്തോടും കുട്ടികളോടും ഉള്ള പുരുഷന്റെ മേധാവിത്വ സ്വഭാവം, വംശീയ-ജാതീയ ചിന്തകൾ , അധികാരത്തിന്റെ ദാർഷ്ട്യം തുടങ്ങി പ്രത്യക്ഷമായും പരോക്ഷമായും ഒട്ടേറെ സമകാലിക വിഷയങ്ങളെക്കുറിച്ച് ഈ സിനിമ കാഴ്ച്ചക്കാരനോട് സംവദിക്കുന്നുണ്ട്.
പുലിജന്മം എന്ന സിനിമയിലൂടെ ദേശിയ പുരസ്‌ക്കാരം നേടിയ എം ജി വിജയ് ആണ് നിർമ്മാണം. പ്രദീപ് മണ്ടൂർ ആണ് തിരക്കഥ.
ഛായാഗ്രഹണം ഷാൻ പി റഹ്മാനും സംഗീതം ബിജിബാലും നിർവഹിക്കും.
സിജി പ്രദീപ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.





സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധേയയായ കൊച്ചുകലാകാരി ദിവനന്ദയും ഈ ചിത്രത്തിൽ സുപ്രധാനമായ വേഷം കൈകാര്യം ചെയ്യുന്നു.
അമ്മ ഫിലിംസ് ബാനറിൽ എംജി വിജയ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രം ആണ് ആകാശത്തിനു താഴെ.
ജനവരി 15നു തൃശൂർ പൂമലയിൽ ചിത്രീകരണം ആരംഭിക്കും.

കേരള സംഗീത നാടക അക്കാദമി അമേച്ചർ നാടക മത്സരത്തിൽ ‘അത് നിങ്ങളാണോ’ എന്ന നാടകത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ലിജീഷ് കലാരംഗത്ത് ശ്രദ്ധേയനായി മാറിയത്. തുടർന്ന് ഒരു ട്രാൻസ്‌ജെന്ററിന്റെ ജീവിതം തമിഴ് സോളോ നാടകമായി തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ അവതരിപ്പിച്ചിരുന്നു. എഴുത്തിലും തല്പരനായ ലിജീഷ് ഷോർട്ട് ഫിലിം, ആൽബം എന്നിവക്ക് വേണ്ടി നിരവധി ഗാനങ്ങൾ രചിച്ചിട്ടുമുണ്ട്. ‘മൈത്രീം ഭജത’ എന്ന ഡാൻസ് കവറും സംവിധാനം ചെയ്തിട്ടുണ്ട്.


