കാരുണ്യവാനായ പ്രേംനസീറും കുചേലനായ മുത്തയ്യയും

ശിവദാസ് എ

ബോധമില്ലാതെ കോടമ്പാക്കത്തെ ഇടുങ്ങിയ വാടകമുറിയിൽ കിടക്കയിൽ മലമൂത്ര വിസർജനം നടത്തി അവസാന നാളുകൾ തള്ളിനീക്കുമ്പോൾ സഹായിക്കാൻ ദൈവദൂതനായി എല്ലാ മാസവും മുടങ്ങാതെ കാണാനെത്തുന്ന ‘കൃഷ്ണ കുചേല ‘യിൽ ശ്രീകൃഷ്ണനായി വേഷമിട്ട പ്രേംനസീർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആദ്യകാല മലയാള-തമിഴ് ചലച്ചിത്ര നടൻമാരിൽ വളരെ പ്രമുഖനായിരുന്നു ടി. എസ്. മുത്തയ്യയുടെ അവസാനകാലം യാതാനാപൂർണമായിരുന്നു… ഇത്രയേറെ യാതനകളും ദുരിതങ്ങളും അനുഭവിച്ച വേറൊരു നടൻ മലയാള സിനിമയിൽ ഉണ്ടായിരിക്കാനിടയില്ല. ഒരു സംവിധായകനായും നിർമ്മാതാവായും നടനായും തിളങ്ങിയ മുത്തയ്യ എന്ന നടനെ അവസാന കാലത്ത് ഒരുകൈ സഹായിക്കാൻ മലയാള സിനിമയിലെ നിത്യഹരിത നായകനായിരുന്ന പ്രേംനസീർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതാണ് സത്യം. അദ്ദേഹത്തിന്റെ വരുമാനത്തിൽ നിന്നും മാസംതോറും മുന്നൂറ് രൂപ മുടക്കം കൂടാതെ മുത്തയ്യക്കു അയച്ചുകൊടുത്തിരുന്നു. ‘കൃഷ്ണ കുചേല ‘യിൽ കുചേലനായി വേഷമിട്ടത് മുത്തയ്യ യായിരുന്നു. നിർഭാഗ്യമെന്നു പറയട്ടെ, 1989-ൽ പ്രേംനസീർ മരണമടഞ്ഞ കാര്യം അന്ന് മുത്തയ്യ അറിഞ്ഞിരുന്നില്ല. എന്നിട്ടും കിട്ടിക്കൊണ്ടിരുന്ന പെൻഷൻ പ്രേംനസീറിന്റെ ദൂതൻ വഴി മരിക്കുന്ന വരെ മുത്തിയ്യക്ക് എത്തിച്ചുകൊടുക്കാൻ പ്രേംനസീർ ദൂതനെ ഏർപ്പാടാക്കിയിരുന്നു.
അന്ന് സിനിമാക്കാർക്ക് കിട്ടിയിരുന്നത് തുച്ഛമായ വരുമാനമായിരുന്നു. അന്നവരൊക്കെ തൃപ്തരായിരുന്നു. ഇന്നത്തെപ്പോലെ സംഘടനകളൊന്നുമില്ലാതിരുന്ന കാലമായിരുന്നു അത്.
1923 -ൽ ഫോർട്ട്‌കൊച്ചിയിലായിരുന്നു മുത്തയ്യടുടെ ജനനം. സച്ചിദാനന്ദൻപിള്ള മുത്തയ്യാ പിള്ള എന്നാണ് യഥാർത്ഥ പേര്.

മുത്തയ്യയുടെ ചെറുപ്പകാലത്ത് മികച്ച പത്രപ്രവർത്തകൻ എന്ന് ഖ്യാതി നേടിയ പിതാവ് സച്ചിത്ത് കേരളത്തിലെ രണ്ടാമത്തെ ഇംഗ്ലീഷ് ദിനപ്പത്രമായ ‘കൊച്ചിൻ ആർഗസി’ന്റെ ഉടമയും പത്രാധിപരും ആയിരുന്നു.
മുത്തയ്യയുടെ ഹൈസ്‌കൂൾ പഠനം കൊച്ചിയിലും ഇന്റർമീഡിയറ്റ് പഠനം എറണാകുളം മഹാരാജാസ് കോളേജിലുമായിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ കുറെക്കാലം പട്ടാളത്തിൽ ജോലി നോക്കിയിട്ടുണ്ട്. പിന്നീട് പിതാവിന്റെ ശ്രമഫലമായി കൊച്ചിയിൽ തിരിച്ചെത്തി ‘ആർഗസി’ന്റെയും അത് അച്ചടിച്ചിരുന്ന പേൾ പ്രസ്സിന്റെയും മാനേജരായി. ഇംഗ്ലീഷ് സിനിമകൾ കാണുകയും ഇംഗ്ലീഷ് സാഹിത്യം ഏറെ വായിക്കുകയും ചെയ്തിരുന്ന മുത്തയ്യ അക്കാലത്ത് കൊച്ചിയിലുണ്ടായിരുന്ന യൂറോപ്യൻ ക്ലബ്ബുകളിൽ നാടകം അവതരിപ്പിച്ചാണ് കലാരംഗത്തേക്കു കടന്നത് .
‘ ജീവിതനൗക’യിൽ ശബ്ദം കൊടുത്തുകൊണ്ടാണ് സിനിമാലോകത്തേക്ക് കടക്കുന്നത് .
1951-ൽ പൊൻകുന്നം വർക്കി കഥയും സംഭാഷണവും രചിച്ച് വി. കൃഷ്ണൻ സംവിധാനം ചെയ്ത ‘നവലോകം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ നാടനായി രംഗത്ത് വരുന്നത്. അമ്പതുകളിലും അറുപതുകളിലും പുറത്തിറങ്ങിയ മിക്ക മലയാള ചലച്ചിത്രങ്ങളിലും വൈവിധ്യമാർന്ന വേഷങ്ങളവതരിപ്പിച്ച് മുത്തയ്യ സ്വഭാവ നടനായി ശ്രദ്ധ നേടി. ഉദയായുടെ ബാനറിൽ കുഞ്ചാക്കോ പുറത്തിറക്കിയ ‘കൃഷ്ണകുചേല’യിലെ കുചേലവേഷം അവതരിപ്പിച്ചതോടെയാണ് മുത്തയ്യ സിനിമാഭിനയത്തിൽ ഏറെ ശ്രദ്ധേയനാവുന്നത്.
ഇരുപതോളം വർഷങ്ങളിൽ മലയാള സിനിമയിൽ അജയ്യനായി നിന്നിരുന്ന മുത്തയ്യ ഇരുനൂറിൽപ്പരം മലയാള സിനിമകളിലും അമ്പതോളം തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. ‘ചിത്രമേള’യാണ് അദ്ദേഹത്തിന്റെ ആദ്യത്തെ സംവിധാന സംരംഭം. വ്യത്യസ്തമായ മൂന്നു കഥകൾ ചേർത്ത ഒരു പരീക്ഷണ സിനിമയായിരുന്നു ചിത്രമേള.
ചിത്രമേളയിലെ നഷ്ടം നികത്താൻ വീണ്ടൂം മുത്തയ്യ നിർമ്മാണത്തിനിറങ്ങിയ സംരംഭമാണ് ബല്ലാത്ത പഹയൻ. എന്നാൽ അതോടെ മുത്തയ്യ ദരിദ്രനായി മാറുകയായിരുന്നു. നിർമ്മാതാവായി മാറിയതിനാൽ പിന്നീട് സിനിമയിൽ വേഷങ്ങളും കിട്ടിയില്ല.
സാമ്പത്തികമായി പരാജയം നേരിട്ട മുത്തയ്യക്ക് പിന്നീട് ഭാര്യ തിരുമലൈ വടിവിനേയും കൊണ്ട് വാടകവീട്ടിലേക്കു മാറേണ്ടിവന്നു.
സംസ്ഥാന സർക്കാരിന്റേതുൾപ്പടെ പതിനൊന്നോളം അവാർഡുകൾ മുത്തയ്യക്ക് ലഭ്യമായിരുന്നു. 1961ലെ സംഗീത നാടക അക്കാഡമിയുടെ മികച്ച നടനും മുത്തയ്യ ആയിരുന്നു.
സാമ്പത്തിക പ്രതിസന്ധികളിലും കൂടുതൽ ദുരിതങ്ങളിലും പെട്ട് 1992 ഫെബ്രുവരി പന്ത്രണ്ടിനു മുത്തയ്യ ലോകത്തോട് യാത്രപറഞ്ഞു.
മുത്തയ്യയ്ക്ക് ഒരു മകനുണ്ടായിരുന്നെങ്കിലും മകനും നേർവഴിക്കല്ലാതായതോടെ ആരോരുമില്ലാത്ത ഭാര്യ ചെങ്കോട്ട സ്വദേശിനി തിരുമലൈ വടിവ് അനാഥയായി എങ്ങോട്ടോ നാടുവിട്ടു.