INDIA Main Banner TOP NEWS

ഒമൈക്രോണിനെ നേരിടേണ്ടത് നൈറ്റ് കർഫ്യൂ കൊണ്ടല്ല

ലോക്ക്ഡൗൺ കോവിഡിനെക്കാൾ വലിയ വിപത്ത് സൃഷ്ടിച്ചേക്കുമെന്ന് ഡോ.സൗമ്യ സ്വാമിനാഥൻ


ന്യൂഡൽഹി: രാജ്യത്ത് ഒമൈക്രോൺ ഉൾപ്പടേയുള്ള കോവിഡ് കേസുകൾ വീണ്ടും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുമ്പോൾ പല സംസ്ഥാനങ്ങളും വീണ്ടും അടച്ചിടൽ നടപടികൾ തുടങ്ങിക്കഴിഞ്ഞു. എന്നാൽ മൂന്നാം തരംഗത്തെ നേരിടാൻ നൈറ്റ് കർഫ്യൂ, ലോക്ക്ഡൗൺ എന്നീ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
അടുത്തിടെ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥൻ പറഞ്ഞതനുസരിച്ച് കോവിഡിൽ നിന്ന് ഒരു പൂർണ മോചനം നേടാൻ ലോകത്തിന് കഴിയില്ല. കോവിഡ് എന്ന മഹാമാരി ഇനിമുതൽ ലോകത്ത് ഉണ്ടാകുമെന്നും അതിനനുസരിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ മനുഷ്യർ പഠിക്കുകയാണ് വേണ്ടതെന്നും ഡോ സൗമ്യ സ്വാമിനാഥൻ പറഞ്ഞിരുന്നു. കോവിഡിനെ നേരിടുന്നതിന് വേണ്ടി മനുഷ്യരെ വീട്ടിനുള്ളിൽ അടച്ചു പൂട്ടുന്ന ലോക്ക്ഡൗണുകൾ സാമ്പത്തിക മേഖലയ്ക്ക് കടുത്ത പ്രഹരമായിരിക്കും ഏൽപ്പിക്കുകയെന്നും അത് കോവിഡിനെക്കാളും വലിയ വിപത്തായിരിക്കും ലോകത്ത് സൃഷ്ടിക്കുകയെന്നും ഡോ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.


കേരളവും ഡൽഹിയും അടക്കമുള്ള പ്രദേശങ്ങളിൽ ഒമൈക്രോൺ കാരണം ന്യൂ ഇയർ ആഘോഷങ്ങൾക്ക് പോലും നൈറ്റ് കർഫ്യൂ ഏർപ്പെടുത്തുമ്പോഴാണ് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയുടെ വാക്കുകൾ പ്രസക്തമാകുന്നത്. ഇതുവരെയായും ഒരു ഒമൈക്രോൺ രോഗിക്ക് പോലും കൃത്രിമ ഓക്‌സിജന്റെ ആവശ്യകത വേണ്ടിവന്നില്ലെന്ന് ഡൽഹിയുടെ ആരോഗ്യമന്ത്രി പരസ്യമായി പറയുമ്പോഴും മറുവശത്ത് നഗരത്തെ അടച്ചുപൂട്ടാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുന്നതിനെതിരെ ഇതിനോടകം അവിടത്തെ വ്യാപാരികൾ രംഗത്ത് വന്നുകഴിഞ്ഞു.
അതേസമയം നൈറ്റ് കർഫ്യൂകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതിന് പകരം ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റും ആന്റിജൻ ടെസ്റ്റ് സംവിധാനങ്ങളും നിർബന്ധമാക്കുകയാണ് അതാത് സർക്കാർ സംവിധാനങ്ങൾ ചെയ്യേണ്ടതെന്നും ഡോ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *